വിജയ് രാഷ്ട്രീയക്കാരനാണോ? എന്തുകൊണ്ട് കാറില്‍ നിന്ന് ഇറങ്ങിയില്ല, ശരത് കുമാര്‍ ചോദിക്കുന്നു
ചെന്നൈ: കേരളത്തില്‍ നിന്ന് വ്യത്യസ്തമാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യം. സിനിമയും രാഷ്ട്രീയവും ഇഴചേര്‍ന്ന് പോകുന്ന കാഴ്ചയാണ് അവിടെ. മിക്ക സിനിമാ താരങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികളുമായി പരസ്യബന്ധമുണ്ട്. പലരും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയും ചെയ്യുന്നു. ബിജെപിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന നടനാണ് ആര്‍ ശരത്കുമാര്‍.
വിജയ് രൂപീകരിച്ച ടിവികെ സംബന്ധിച്ചും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ചുമെല്ലാം പ്രതികരിച്ചിരിക്കുകയാണ് ശരത് കുമാര്‍. കൂടാതെ തന്റെ പഴയ തട്ടകമായ തെങ്കാശിയില്‍ ഇത്തവണ മല്‍സരിക്കുമോ എന്ന ചോദ്യത്തിനും അദ്ദേഹം പ്രതികരിച്ചു. തമിഴ്‌നാട്ടിലെ ബിജെപിയുടെ അടുത്ത നീക്കങ്ങളും തൂത്തുകുടിയില്‍ മാധ്യമങ്ങളോട് ശരത് കുമാര്‍ വിശദീകരിച്ചു.

വിജയുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് നേരത്തെ ആശംസ നേര്‍ന്ന താരമാണ് ശരത് കുമാര്‍. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം കൃത്യമായ രാഷ്ട്രീയമാണ് സംസാരിക്കുന്നത്. വിജയ് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചാല്‍ മാത്രമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയം സംബന്ധിച്ച് വിശകലനം ചെയ്യാനും പരിശോധിക്കാനും സാധിക്കൂ എന്ന് ശരത് കുമാര്‍. പറഞ്ഞു. ആദ്യം വിജയ് വ്യക്തമായ ആദര്‍ശം അവതരിപ്പിക്കട്ടെ എന്നും ശരത് കുമാര്‍ പറഞ്ഞു.
ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് മുഖം കൊടുക്കുന്ന വ്യക്തിക്ക് മാത്രമാണ് നല്ല രാഷ്ട്രീയ നേതാവായി മാറാന്‍ സാധിക്കുക. അടുത്ത തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വിജയ് രാഷ്ട്രീയ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുമോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. ജനനായകന്‍ അദ്ദേഹത്തിന്റെ അവസാന സിനിമയാകുമെന്നതില്‍ ആരാധകര്‍ക്ക് നിരാശയുണ്ടെന്നും ശരത് കുമാര്‍ പറഞ്ഞു.
വിജയിയെ രാഷ്ട്രീയക്കാരനായി കാണാനാകുമോ
വിജയിയെ ഇതുവരെ ഒരു രാഷ്ട്രീയക്കാരനായി കണക്കാക്കാന്‍ സാധിച്ചിട്ടില്ല. ടിവികെ ഇതുവരെ തിരഞ്ഞെടുപ്പ് നേരിട്ടിട്ടില്ല. അവര്‍ തിരഞ്ഞെടുപ്പ് നേരിടണം. ആദര്‍ശം പ്രഖ്യാപിക്കണം. ഇപ്പോള്‍ മറ്റു നേതാക്കള്‍ക്കെതിരെ വ്യക്തിപരമായ കാര്യങ്ങളാണ് പറയുന്നത്. അതുകൊണ്ടാണ് ഇതുവരെ വിജയിയെ ഒരു രാഷ്ട്രീക്കാരനായി കാണാന്‍ സാധിക്കില്ലെന്ന് പറയാന്‍ കാരണം. തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നും ശരത് കുമാര്‍ പറഞ്ഞു.
വിജയ് സിനിമാ മേഖലയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് രാഷ്ട്രീയത്തില്‍ സജീവമായിരിക്കുന്നത്. ഇനി അദ്ദേഹം അഭിനയ രംഗത്തുണ്ടാകില്ല എന്നാണ് അറിയുന്നത്. അത് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് നിരാശയുണ്ടാക്കുന്നതാണ്. വിജയുടെ കാറിന് മുന്നില്‍ യുവതി നിന്ന സംഭവം വിവാദമാകാതെ വേഗത്തില്‍ തീര്‍ക്കാമായിരുന്നു. വിജയ് കാറില്‍ നിന്ന് ഇറങ്ങി അവരെ കേട്ടിരുന്നെങ്കില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമായിരുന്നു എന്നും ശരത് കുമാര്‍ പറഞ്ഞു.
ബിജെപിയുടെ സീറ്റ് വിഭജനം ചര്‍ച്ച വൈകാതെ തുടങ്ങും. അമിത് ഷാ തമിഴ്‌നാട്ടില്‍ വരും. പാര്‍ട്ടി എത്ര സീറ്റില്‍ മല്‍സരിക്കണമെന്ന് നേതൃത്വം തീരുമാനിക്കും. ശേഷമാകും സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുക. തെങ്കാശി മണ്ഡലത്തില്‍ മല്‍സരിക്കുമോ എന്ന് അപ്പോള്‍ തീരുമാനിക്കും. താന്‍ മല്‍സരിക്കാന്‍ ആഗ്രഹിക്കുന്നില്ല. താനുമായി ബന്ധമുള്ളവര്‍ മല്‍സരിക്കുന്നതാകും നന്നാകുക എന്നും ശരത് കുമാര്‍ പറഞ്ഞു.


Click it and Unblock the Notifications