ആ ഫോട്ടോയും വീഡിയോസും എന്റേതല്ല; ഐശ്വര്യ റായ് ഹൈക്കോടതിയില്‍, നടപടി വരുന്നു
ന്യൂഡല്‍ഹി: തന്റെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടി ബോളിവുഡ് താരം ഐശ്വര്യ റായ് ഡല്‍ഹി ഹൈക്കോടതിയില്‍. മോര്‍ഫ് ചെയ്ത വീഡിയോകള്‍ പ്രചരിപ്പിക്കുന്നുണ്ട്. എഐ ചിത്രങ്ങളും പ്രചരിക്കുന്നു. വളരെ മോശമായ രീതിയിലും ഫോട്ടോകള്‍ പ്രചരിപ്പിക്കുന്നു എന്നും ഇത് തടയണം എന്നുമാണ് നടിയുടെ ആവശ്യം.
വിഷയത്തില്‍ ഇടപെടുമെന്ന് കോടതി സൂചിപ്പിച്ചു. ചില വെബ്‌സൈറ്റുകളുടെ പേര് ഐശ്വര്യ റായിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഐശ്വര്യയുടെ പേര് വച്ചുള്ള വെബ്‌സൈറ്റുകളും ഇതില്‍പ്പെടും. ഒറ്റനോട്ടത്തില്‍ ഐശ്വര്യയുടെ ഔദ്യോഗിക വെബ്‌സൈറ്റാണ് എന്ന് തോന്നുന്ന രീതിയിലാണ് പ്രചാരണങ്ങള്‍...

തന്റെ വ്യക്തിത്വത്തിനും ജനകീയതയ്ക്കും കോട്ടം തട്ടുന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്ന് ഐശ്വര്യ റായ് കോടതിയെ ബോധിപ്പിച്ചു. തന്റെ അനുമതിയോടെ അല്ല ഇത്തരം വെബ്‌സൈറ്റുകളും സംഘടനകളും പ്രവര്‍ത്തിക്കുന്നത്. എല്ലാം തടയണം എന്നും നടി ആവശ്യപ്പെട്ടു. മുതിര്‍ന്ന അഭിഭാഷകന്‍ സന്ദീപ് സേതി മുഖേനയാണ് നടി ഹൈക്കോടതിയെ സമീപിച്ചത്.
പണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പലരും ഐശ്വര്യയുടെ പേരും ഫോട്ടോയും ദുരുപയോഗം ചെയ്യുന്നത്. ഐശ്വര്യവേള്‍ഡ് ഡോട്ട് കോം എന്ന വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഐശ്വര്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് എന്ന് അവകാശപ്പെട്ടാണത്രെ ഇവരുടെ പ്രവര്‍ത്തനം. എന്നാല്‍ ഐശ്വര്യയുടെ അനുമതിയില്ലാതെയാണ് ഇവയെല്ലാം പ്രവര്‍ത്തിക്കുന്നത് എന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
ഐശ്വര്യ നാഷന്‍ വെല്‍ത്ത് എന്ന പേരില്‍ ഒരു കൂട്ടായ്മ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ ചെയര്‍മാനായി ചൂണ്ടിക്കാട്ടുന്നത് ഐശ്വര്യ റായിയുടെ പേരാണ്. എന്നാല്‍ ഈ സംഘടനയുടെ പ്രവര്‍ത്തനത്തെ കുറിച്ച് തന്റെ കക്ഷിക്ക് ഒരറിവും ഇല്ലെന്ന് സേത്തി വാദിച്ചു. ഈ സംഘടനയ്ക്ക് പിന്നിലുള്ളവര്‍ നടിയുമായി ഇതുവരെ സംസാരിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു.
നടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു എന്ന് പറയുന്ന ഒരു സംഘടന പണപ്പിരിവ് നടത്തുന്നുണ്ട്. മോര്‍ഫ് ചെയ്ത ചിത്രങ്ങളും പ്രചരിക്കുന്നു. ഈ ചിത്രങ്ങള്‍ ഐശ്വര്യയുടേതല്ല. അത്തരം ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ നടി അനുമതി നല്‍കിയിട്ടുമില്ല. എഐ വച്ചുണ്ടാക്കിയ ചിത്രങ്ങളാണ് വ്യാജ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നത്. ചിലര്‍ ലൈംഗിക താല്‍പ്പര്യത്തോടെയും ചിത്രവും പേരും ഉപയോഗിക്കുന്നുണ്ടെന്നും നടിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
നടി സൂചിപ്പിച്ച ലിങ്കുകള്‍ നീക്കം ചെയ്യണം എന്ന് ജസ്റ്റിസ് തേജസ് കറിയ ഗൂഗിളിന്റെ അഭിഭാഷകനോട് വാക്കാല്‍ നിര്‍ദേശിച്ചു. 2023ലും ഐശ്വര്യ റായ് സമാന വിഷയത്തില്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. യൂട്യൂബില്‍ വ്യാജ വീഡിയോ പ്രചരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അത്. മകള്‍ ആരാധ്യ അസുഖബാധിതയാണെന്നും മരിച്ചെന്നും വരെയുള്ള ഉള്ളടക്കമായിരുന്നു ആ വീഡിയോകളില്‍.












Click it and Unblock the Notifications