രാജി ആവശ്യപ്പെട്ടതിലുള്ള പക; ടെക് പാർക്കിലെ 500ലധികം ജീവനക്കാരെ നെട്ടോട്ടമോടിച്ച് മലയാളി യുവാവ്
ബെംഗളൂരു: ഇന്നത്തെ കാലത്ത് ഒരു ജോലി കിട്ടുക എന്നുപറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അപ്പോൾ കിട്ടിയ ജോലി പോകുമ്പോൾ ഉള്ള അവസ്ഥ എന്തായിരിക്കും. പെട്ടെന്നൊരു ദിവസം ജോലിയിൽ നിന്ന് നിങ്ങളെ പിരിച്ചുവിട്ടു എന്നുപറഞ്ഞാൽ നിങ്ങൾ എങ്ങനെയാകും പെരുമാറുക. പക, ദേഷ്യം,സങ്കടം, വാശി അങ്ങനെ പലതരം വികാരങ്ങൾ തോന്നുമല്ലേ...
എന്നാൽ ജോലി പോയ ദേഷ്യത്തിന് ഈ യുവാവ് കാട്ടിക്കൂട്ടിയ പ്രവൃത്തി കാരണം 500 ഓളം ജീവനക്കാരാണ് മുൾമുനയിൽ നിന്നത്. സംഭവം നടന്നത് ബെല്ലന്ദൂരിലാണ്. ടെക് പാർക്കിൽ യുഎസ് ആസ്ഥാനമായ കമ്പനിയിലെ ജീവനക്കാരനായ മലയാളി യുവാവ് ആണ് ജോലി നഷ്ടപ്പെട്ട ദേഷ്യത്തിന് കമ്പനിക്കിട്ട് പണികൊടുത്തത്.

ആർഎംസെഡ് ഇക്കോസ്പേസ് ബിസിനസ് പാർക്കിലെ യുഎസ് ആസ്ഥാനമായുള്ള അക്കൗണ്ടിംഗ് ആൻഡ് അഡ്വൈസറി സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ ആയിരുന്നു 25-കാരനായ പ്രസാദ് നവനീത്. മോശം പ്രകടനത്തിന്റെ പേരിൽ പ്രസാദിനോട് കമ്പനി രാജിവയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ പ്രസാദ് നവനീത് ഓഫീസിലേക്ക് വരുന്നത് തടയുകയും ചെയ്തു.
ചൊവ്വാഴ്ചപ്രസാദ് നവനീത് പലതവണ കമ്പനിയിലെ ലാൻഡ് ഫോണിലേക്ക് വിളിച്ചിരുന്നു.എന്നാൽ ജീവനക്കാർ കോളുകൾ അധികൃതർക്ക് കണക്ട് ചെയ്തില്ല. ഇതോടെ പ്രസാദ് പ്രോകോപിതനായി. ഉച്ചയ്ക്ക് രണ്ട് മണിയോടെ ഓഫീസിൽ ബോംബ് വച്ചതായും അത് മിനിറ്റുകൾക്കുള്ളിൽ പൊട്ടിത്തെറിക്കുമെന്നും പ്രസാദ് നവനീത് ഫോൺ ചെയ്ത് പറഞ്ഞു.
ഭീഷണി കോൾ കിട്ടിയതിന് പിന്നാലെ കമ്പനി അധികൃതർ പോലീസിനെ വിളിച്ച് സംഭവം പറഞ്ഞു ഡോഗ് സ്ക്വാഡും ബോംബ് സ്‌ക്വാഡും ഉൾപ്പെടെയുള്ള സംഘം ടെക് പാർക്കിേലക്ക് വന്ന് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഭീഷണിയുടെ പശ്ചാത്തലത്തിൽ ടെക്നോ പാർക്കിലെ 500 -ഓളം ജീവനക്കാരെ ഒഴിപ്പിച്ചിരുന്നു. ജീവനക്കാരോട് വീട്ടിൽ നിന്ന് ജോലി തുടരാൻ പറയുകയും ചെയ്തു. എന്നാൽ പരിശോധനയിൽ സംഭവം വ്യാജ ഭീഷണി ആണെന്ന് കണ്ടെത്തുകയും ചെയ്തു.
ഈസ്റ്റ് ബെംഗളൂരുവിലെ ബയപ്പനഹള്ളിയിൽ ആണ് മലയാളിയായ പ്രസാദ് നവനീത് താമസിച്ചിരുന്നത്. യുവാവിനെതിരെ കോടതിയുടെ അനുമതി തേടി എഫ്ഐആർ രജിസ്റ്റർ ചെയ്യും എന്ന് പോലീസ് വ്യക്തമാക്കി. ജോലിയിൽ നിന്ന് പറഞ്ഞുവിട്ടതിന് പിന്നാലെ പ്രസാദ് മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും രാജി ആവശ്യപ്പെട്ടതിന് ശേഷം ഇയാൾ ജോലിക്ക് എത്തിയിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.












Click it and Unblock the Notifications