കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മിനും സിപിഐക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; സിപിഎം കോടതിയിലേക്ക്
ന്യൂദല്‍ഹി: കോണ്‍ഗ്രസിനും തൃണമൂല്‍ കോണ്‍ഗ്രസിനും പിന്നാലെ സി പി എമ്മിനും സി പി ഐയ്ക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. സി പി എം 15 കോടിയും സി പി ഐ 23 കോടി അടക്കണം എന്നാണ് നോട്ടീസില്‍ ആദായ നികുകി വകുപ്പ് പറഞ്ഞിരിക്കുന്നത്. ഒരു ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കാത്തതിനാണ് സി പി എമ്മിന് നോട്ടീസ് അയച്ചിരിക്കുന്നത്. പാന്‍ കാര്‍ഡിലെ വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയതിനാണ് സി പി ഐക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.
നേരത്തെ 1823.08 കോടി രൂപ ഉടന്‍ അടയ്ക്കണം എന്നാവശ്യപ്പെട്ട് ആദായനികുതി വകുപ്പ് കോണ്‍ഗ്രസിന് നോട്ടീസ് നല്‍കിയിരുന്നു. ബാങ്ക് അക്കൗണ്ടുകള്‍ മരവിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം പ്രതിസന്ധിയിലായിരിക്കെയായിരുന്നു ആദായ നികുതി വകുപ്പിന്റെ നടപടി. 2017-18 സാമ്പത്തിക വര്‍ഷം മുതല്‍ 2020-21 സാമ്പത്തിക വര്‍ഷം വരെയുള്ള പിഴയും പലിശയുമടക്കമുള്ള തുക ഒടുക്കണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും വിവരാവകാശ പ്രവര്‍ത്തകനുമായ സാകേത് ഗോഖലെ എംപിക്കും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. 72 മണിക്കൂറിനിടെ 11 നോട്ടീസുകള്‍ തനിക്ക് കിട്ടിയിട്ടുണ്ട് എന്നാണ് ഗോഖലെ പറയുന്നത്. അതേസമയം തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ നികുതി തീവ്രവാദമാണ് നടത്തുന്നത് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ജനാധിപത്യം നശിപ്പിച്ചവര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സര്‍ക്കാര്‍ മാറുമ്പോള്‍ ജനാധിപത്യം തകര്‍ക്കുന്നവര്‍ക്കെതിരെ തീര്‍ച്ചയായും നടപടിയെടുക്കും എന്നും ഇനി ഇതൊക്കെ ചെയ്യാന്‍ ആര്‍ക്കും ധൈര്യം വരാത്ത വിധത്തിലായിരിക്കും നടപടി എന്നും ഇത് തന്റെ ഉറപ്പാണ് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആദായ നികുതി ഉള്‍പ്പെടെയുള്ള കേന്ദ്ര വകുപ്പുകള്‍ ബി ജെ പിയുടെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു.
നികുതി ആവശ്യങ്ങള്‍ റദ്ദാക്കാന്‍ നീണ്ട നിയമയുദ്ധത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആയിരക്കണക്കിന് ആളുകളില്‍ നിന്ന് ബി ജെ പിക്ക് സംഭാവന ലഭിച്ചിട്ടുണ്ടെന്നും അവരുടെ ആദായ നികുതിയും കണക്കാക്കണമെന്നും കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പറഞ്ഞു. ബിജെപി ആദായനികുതി നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ്, പോസ്റ്റ്-റെയ്ഡ് കോഴ, ഷെല്‍ കമ്പനികള്‍ എന്നിവ ഉപയോഗിച്ച് 'ഇലക്ടറല്‍ ബോണ്ട് അഴിമതി' വഴി ബിജെപി 8,200 കോടി രൂപ സമാഹരിച്ചതായി ജയറാം രമേശ് ആരോപിച്ചു. കോണ്‍ഗ്രസിനെ സാമ്പത്തികമായി തളര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നും എന്നാല്‍ തങ്ങള്‍ തളരാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications