വോട്ടിന് കുപ്പിയും പണവും? ; ഗുജറാത്തിലും ഹിമാചലിലും പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയും മദ്യവും
ന്യൂദല്‍ഹി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി രണ്ട് സംസ്ഥാനത്ത് നിന്നും പിടിച്ചെടുത്തത് റെക്കോഡ് പണവും മദ്യവും എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ സമഗ്രമായ പ്രവര്‍ത്തനത്തിലാണ് ഇവ പിടിച്ചെടുക്കാനായത് എന്ന് കമ്മീഷന്‍ പറഞ്ഞു.
2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഹിമാചല്‍ പ്രദേശില്‍ പിടിച്ചെടുത്ത പണത്തില്‍ അഞ്ചിരട്ടി വര്‍ധനയുണ്ടായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കഴിഞ്ഞ ആഴ്ച തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഗുജറാത്തിലും പിടിച്ചെടുത്തത് മുന്‍പത്തേതിനേക്കാള്‍ റെക്കോഡ് പണമാണ്. ഹിമാചല്‍ പ്രദേശില്‍ ശനിയാഴ്ചയും ഗുജറാത്തില്‍ ഡിസംബര്‍ 1, 5 തീയതികളിലുമാണ് വോട്ടെടുപ്പ്.

2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കിയതിന് ശേഷം ആകെ 27.21 കോടി രൂപയാണ് പിടിച്ചെടുത്തിരുന്നത്. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഒരാഴ്ചക്കുള്ളില്‍ 71.88 കോടി രൂപയാണ് ഗുജറാത്തില്‍ നിന്ന് പിടിച്ചെടുത്തത്. ഹിമാചല്‍ പ്രദേശില്‍ 2017 ല്‍ 9.03 കോടി രൂപയാണ് പിടിച്ചെടുത്തത് എങ്കില്‍ ഇത്തവണ അത് 50.28 കോടി രൂപയാണ്.

ഒക്ടോബര്‍ 14 ന് ആണ് ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. അതിന് ശേഷം നവംബര്‍ 10 വരെ ആണ് 50.28 കോടി രൂപ സംസ്ഥാനത്ത് നിന്ന് പിടിച്ചെടുത്തത്. ഇത് 2017-ലേതിനേക്കാള്‍ അഞ്ചിരട്ടി വര്‍ധിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പിനായി എത്തിച്ച 50.28 കോടി രൂപ മൂല്യമുള്ള വസ്തുക്കളില്‍ പണം, മദ്യം, വിലപിടിപ്പുള്ള ലോഹങ്ങള്‍ എന്നിവയാണ് ഭൂരിഭാഗവും.

ഏകദേശം 48.67 കോടി രൂപയാണ് ഈയിനത്തില്‍ ഹിമാചല്‍ പ്രദേശില്‍ നിന്ന് പിടിച്ചെടുത്തത്. ഗുജറാത്തില്‍ പിടികൂടിയ 71.88 കോടി രൂപ മൂല്യമുള്ളവയില്‍ 64.56 കോടി രൂപയും പണം, മദ്യം, വിലപിടിപ്പുള്ള ലോഹങ്ങള്‍ എന്നിവയിലാണ്. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം 3.86 കോടി രൂപ വിലമതിക്കുന്ന 1,10,000 ലിറ്റര്‍ മദ്യം പൊലീസ് പിടിച്ചെടുത്തിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി പണക്കടത്ത് തടയാന്‍ 69 നിരീക്ഷകരെ വിന്യസിച്ചിട്ടുണ്ട്.

ഹിമാചല്‍ പ്രദേശില്‍ 23 നിരീക്ഷകരെ വിന്യസിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യുന്നതിനായി കമ്മീഷന്‍ സെപ്റ്റംബറില്‍ ഗുജറാത്തും ഹിമാചല്‍ പ്രദേശും സന്ദര്‍ശിച്ചിരുന്നു. വോട്ടര്‍മാരെ സ്വാധീനിക്കുന്നതില്‍ നിന്ന് തടയാനായി എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍, ജില്ലാ അധികാരികള്‍, പോലീസ് നോഡല്‍ ഓഫീസര്‍മാര്‍ എന്നിവരെ ഇ സി ബോധവല്‍ക്കരണം നടത്തിയിരുന്നു.












Click it and Unblock the Notifications