വിമാനം പറന്നുയർന്നതിന് പിന്നാലെ പൈലറ്റുമാരുടെ മെയ്ഡേ കോൾ, ശേഷം മറുപടിയില്ല; ഒടുവിൽ കേട്ടത് ദുരന്തവാർത്ത
അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീണ ലണ്ടനിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ AI171 വിമാനത്തിലെ പൈലറ്റുമാർ മെയ്ഡേ സന്ദേശം കൈമാറിയിരുന്നുവെന്നാണ് ലഭ്യമായ വിവരം. ഇതിന് തൊട്ട് പിന്നാലെ വിമാനം തകർന്നുവീണുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പറന്നുയർന്ന് തൊട്ടുപിന്നാലെയും മേഘാനിനഗർ എന്ന പ്രദേശത്ത് ഇടിച്ചു വീഴുന്നതിന് മിനിറ്റുകൾക്ക് മുമ്പും വിമാനത്തിൽ നിന്ന് "മെയ്ഡേ" ദുരന്ത സന്ദേശം ലഭിച്ചതായി ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സ്ഥിരീകരിച്ചു. അഹമ്മദാബാദ് വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ പ്രകാരം, വിമാനം റൺവേ 23ൽ നിന്ന് ഉച്ചയ്ക്ക് 1.39നാണ് പുറപ്പെട്ടത്.

ഇതിന് പിന്നാലെ അടിയന്തര സാഹചര്യത്തിന്റെ സൂചന നൽകികൊണ്ട് പൈലറ്റുമാർ "മെയ്ഡേ" കോൾ നൽകിയെങ്കിലും പക്ഷേ അതിനുശേഷം വിമാനത്തിൽ നിന്ന് യാതൊരുവിധ പ്രതികരണമൊന്നും ഉണ്ടായില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിലാണ് വിമാനത്തിൽ നിന്ന് അവസാന സിഗ്നൽ ലഭിച്ചതെന്ന് തത്സമയം വ്യോമ ഗതാഗതം നിരീക്ഷിക്കുന്ന ഫ്ലൈറ്റ്റാഡാർ 24 ഉൾപ്പെടെ സാക്ഷ്യപ്പെടുത്തുന്നു.
8200 മണിക്കൂർ പറക്കൽ പരിചയമുള്ള ക്യാപ്റ്റൻ സുമീത് സബർവാളിനെയും 1100 മണിക്കൂർ പറക്കൽ പരിചയമുള്ള ഫസ്‌റ്റ് ഓഫീസർ ക്ലൈവ് കുന്ദറിനെയുമാണ് ഡിജിസിഎ പൈലറ്റുമാരായി തിരിച്ചറിഞ്ഞത്. അപകടം ഉണ്ടായതിന് പിന്നാലെ അടിയന്തര പ്രതികരണ സംഘങ്ങൾ വേഗത്തിൽ പ്രവർത്തിച്ചു, കുറഞ്ഞത് രണ്ട് ഡസൻ ആംബുലൻസുകളെങ്കിലും സംഭവസ്ഥലത്തേക്ക് അയച്ചു.
രക്ഷാപ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി ലോക്കൽ പോലീസ് പ്രദേശം വളയുകയും ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്‌തിരുന്നു. മേഖലയിൽ നിന്ന് വരുന്ന ദൃശ്യങ്ങളിൽ വിമാനം കത്തിയമരുന്നത് വ്യക്തമായി കാണാമായിരുന്നു. ആളുകൾ രക്ഷാപ്രവർത്തനത്തിനായി ഓടുന്നതും അഗ്നിശമനാ സേനാംഗങ്ങളും മറ്റ് സന്നദ്ധ പ്രവർത്തകരും വേഗത്തിൽ പ്രവർത്തിച്ചതും കാണാമായിരുന്നു.
പറന്നുയർന്ന് ആദ്യ മിനിറ്റുകളിൽ തന്നെ ദുരന്തമുണ്ടായതാണ് ഇതിന്റെ വ്യാപ്‌തി ഇത്രയധികം കൂടാൻ കാരണമെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച് വിമാനം ലണ്ടനിലേക്ക് പോവുന്നതിനാൽ തന്നെ ഇന്ധനം വളരെ അധികം കൂടുതലായിരിക്കും എന്നതാണ് ഇതിന് കാരണമായി പറയുന്നത്. അതുകൊണ്ട് തന്നെയാണ് ഇടിച്ചിറങ്ങിയ ഉടൻ തീപടർന്നത്. ഇത് ആദ്യ മിനിറ്റുകളിലെ രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി എന്നാണ് റിപ്പോർട്ട്.
മാത്രമല്ല മേഘാനിനഗറിലെ ബിജെ മെഡിക്കൽ കോളേജ് കോംബൗണ്ടിൽ ഉള്ള ഹോസ്‌റ്റലിലാണ് വിമാനം ഇടിച്ചുകയറിയത്. ഇതും അപകടത്തിന്റെ വ്യാപ്‌തി കൂട്ടി. മേഖലയൊന്നാകെ ജനവാസ കേന്ദ്രം കൂടിയായിരുന്നു. നാൽപ്പതിൽ അധികം വിദ്യാർത്ഥികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. മരണസംഖ്യ ഇതുവരെയും തിട്ടപ്പെടുത്തിയിട്ടില്ല.












Click it and Unblock the Notifications