പ്രതിസന്ധി തുടരുന്നു; ഇന്നും സർവീസുകൾ റദ്ദാക്കി എയർഇന്ത്യ എക്‌സ്പ്രസ്, കൊച്ചിയിലും കണ്ണൂരിലും മുടങ്ങി
കൊച്ചി: എയർ ഇന്ത്യ എക്‌സ്പ്രസിലെ പ്രതിസന്ധികൾ അയവില്ലാതെ തുടരുന്നു. ജീവനക്കാരുടെ അപ്രതീക്ഷിത സമരത്തിൽ താളംതെറ്റിയ സർവീസുകൾ ഇതുവരെ സാധാരണ നിലയിലേക്ക് വന്നിട്ടില്ല. ഇതോടെ ദിവസങ്ങൾ കഴിഞ്ഞിട്ടും യാത്രക്കാർ ദുരിതത്തിലാണ്. ഇന്ന് രാവിലെ തന്നെ വിവിധ സർവീസുകൾ റദ്ദാക്കിയതായി അറിയിപ്പ് വരികയായിരുന്നു. എന്ന് തീരും ഈ പ്രതിസന്ധി എന്ന കാര്യത്തിൽ അധികൃതർക്കും ഉത്തരമില്ല.
സമരം അവസാനിച്ചിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും സർവീസുകൾ പുനഃസ്ഥാപിക്കാൻ എയർ ഇന്ത്യ എക്‌സ്പ്രസിന് സാധിച്ചിട്ടില്ല. ഇന്ന് രാവിലെയോടെ കണ്ണൂരില്‍ നിന്നുള്ള രണ്ട് സര്‍വീസുകളും കൊച്ചിയിൽ നിന്നുള്ള ഒരു സർവീസുമാണ് റദ്ദാക്കിയതായി അറിയിപ്പ് വന്നത്. ഇത് കൂടാതെ ഇങ്ങോട്ടുള്ള ഒന്നിലധികം സർവീസുകളും എയർലൈൻ റദ്ദാക്കിയിട്ടുണ്ട്.

അബുദാബി, റിയാദ്, ദമാം, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സർവീസുകളാണ് ഇതിലുള്ളത്. കൂടാതെ രാവിലെ പുറപ്പെടേണ്ട ദമാം, ബഹ്റൈൻ സർവീസുകളും നടന്നില്ല. അന്താരാഷ്‌ട്ര സർവീസുകൾക്ക് പുറമെ ആഭ്യന്തര സർവീസുകളെയും ഈ പ്രതിസന്ധി ബാധിക്കുന്നുണ്ട്. കൊൽക്കത്ത, ബെംഗളൂരു ഉൾപ്പെടെ വിവിധ നഗരങ്ങളിലേക്കുള്ള സർവീസുകൾ മുടങ്ങിയിരിക്കുകയാണ്.
കൊച്ചിയിൽ കൊച്ചിയിൽ നിന്നുള്ള ചില സർവീസുകൾ ഇന്നലെയും സമാനമായി മുടങ്ങിയിരുന്നു. സൗദി അറേബ്യയിലെ ദമാം, ബഹ്റൈൻ എന്നിവിടങ്ങളിലേക്ക് വിമാന സർവീസുകളാണ് ഇന്നലെ റദ്ദാക്കിയത്. നേരത്തെ ടിക്ക് ബുക്ക് ചെയ്‌തുവച്ച് യാത്ര നിശ്ചയിച്ച പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് വലിയ പ്രതിസന്ധിയാണ് നിലവിലെ സാഹചര്യം ഉണ്ടാക്കിയിരിക്കുന്നത്.
റദ്ദാക്കിയ സർവീസുകൾക്ക് പകരം മറ്റൊരു സർവീസ് കണ്ടുപിടിക്കാനുള്ള സാഹചര്യം പോലും ഇല്ലെന്നതാണ് വെല്ലുവിളി. നിരവധി യാത്രക്കാരാണ് വിഷയത്തിൽ പരാതിയുമായി രംഗത്ത് വരുന്നത്. മുടങ്ങിയ യാത്രക്ക് പകരം മറ്റേതെങ്കിലും ദിവസത്തേക്ക് ടിക്കറ്റ് മാറ്റി നൽകാൻ കമ്പനി തയ്യാറല്ലെന്നാണ് യാത്രക്കാർ ആരോപിക്കുന്നത്. പകരം റീഫണ്ട് നല്‍കാമെന്നാണ് കമ്പനിയുടെ നിലപാടെന്ന് യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു.
എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാർ നടത്തിയ മിന്നൽ സമരം പിൻവലിച്ചെങ്കിലും സർവീസുകൾ പൂർണമായും സാധാരണ നിലയിലേക്ക് കൊണ്ട് വരാൻ ഇതുവരെ കഴിയാത്തതാണ് വെല്ലുവിളിയാവുന്നത്. നേരത്തെ നടന്ന സമരം മൂലം വിമാനത്താവളങ്ങൾക്കും എയർലൈനിനും കോടികളുടെ വരുമാന നഷ്‌ടമുണ്ടായി. യാത്രക്കാരും ദുരിതം അനുഭവിക്കുകയാണ്. ഇനി ചൊവ്വാഴ്‌ചയോടെ മാത്രമേ പ്രതിസന്ധി പൂർണമായും പരിഹരിക്കാൻ കഴിയൂ എന്നാണ് അധികൃതർ അറിയിക്കുന്നത്.












Click it and Unblock the Notifications