അജിത് ഡോവല്‍ വീണ്ടും ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, പികെ മിശ്രയ്ക്കും വീണ്ടും നിയമനം
ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവായി വീണ്ടും നിയമിതനായി അജിത് ഡോവല്‍. കേന്ദ്ര സര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്. മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടത്തുന്ന സുപ്രധാന നിയമനങ്ങളിലൊന്നാണിത്. ക്യാബിനറ്റിന്റെ നിയമന കമ്മിറ്റി പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പികെ മിശ്രയെ വീണ്ടും നിയമിച്ചിട്ടുണ്ട്.
ഇരുവരും സര്‍വീസില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരാണ്. എന്നാല്‍ പ്രധാനമന്ത്രിക്കൊപ്പം ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരാണ് ഇവര്‍. പ്രധാനമന്ത്രിയുടെ ഓഫീസിലേക്കുള്ള ഭരണകാര്യങ്ങളും, അതുപോലെ നിയമനങ്ങളും മിശ്രയാണ് കൈകാര്യം ചെയ്യുക.

അതേസമയം ദേശീയ സുരക്ഷ, മിലിട്ടറി അഫയേഴ്‌സ്, ഇന്റലിജന്‍സ് തുടങ്ങിയ കാര്യങ്ങളാണ് ഡോവലിന്റെ പരിധിയില്‍ വരിക. 1968 ബാച്ച് ഐപിഎസ് ഓഫീസറാണ് ഡോവല്‍. തീവ്രവാദ വിരുദ്ധ നടപടികളില്‍ വിദഗ്ധനും, അതുപോലെ ആണവ സംബന്ധമായ വിഷയങ്ങളിലും ഡോവലിന് ആഴത്തില്‍ ജ്ഞാനമുണ്ട്. പികെ മിശ്ര 1972 ബാച്ച് ഓഫീസറാണ് ഡോ പികെ മിശ്ര.
കാര്‍ഷിക സെക്രട്ടറിയായി വിരമിച്ചതിന് ശേഷം മോദിക്കൊപ്പമാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്.മോദിയുടെ ഏറ്റവും വിശ്വസ്തരായിട്ടാണ് ഇവര്‍ അറിയപ്പെടുന്നത്. കാരണം 2014ല്‍ പ്രധാനമന്ത്രിയാവുന്നതിനും മുമ്പേ അദ്ദേഹവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു ഇരുവരും. ഡോവലും മിശ്രയും അവരുടെ മേഖലകളില്‍ വിദഗ്ധരാണെങ്കിലും പൊതുമധ്യത്തില്‍ അധികം വരാറില്ല. വാര്‍ത്തകളില്‍ ഇടംപിടിക്കാനും ഇവര്‍ക്ക് താല്‍പര്യമില്ല.
ഡോവല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരികയോ അഭിമുഖങ്ങള്‍ നല്‍കുകയോ ചെയ്യാറില്ല. പാകിസ്താന്‍, ്അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ വിഷയങ്ങള്‍ കൈകാര്യം ചെയ്തും, അതുപോലെ മിഡില്‍ ഈസ്റ്റില്‍ അടുത്ത ബന്ധങ്ങള്‍ പുലര്‍ത്തുകയും ചെയ്യുന്നുണ്ട് അജിത് ഡോവല്‍. അതുകൊണ്ട് പല ലോക രാജ്യങ്ങളുമായി മോദിക്ക് സംസാരിക്കുന്നതില്‍ മധ്യസ്ഥത വഹിക്കുന്നത് ഡോവലാണ്.
ഡോക്ലാമിലെയും, ഈസ്റ്റ് ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തെ നേരിടുന്നതില്‍ ഡോവല്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ ഇന്ത്യയുടെ പ്രത്യേക പ്രതിനിധി കൂടിയാണ് ഡോവല്‍.
പഞ്ചാബില്‍ ഐബിയുടെ ഓപ്പറേഷണല്‍ ചീഫായും, കശ്മീരില്‍ അഡീഷണല്‍ ഡയറക്ടറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പാകിസ്താന്റെ പല ശ്രമങ്ങളെയും പരാജയപ്പെടുത്തിയതിന്റെ മികവും ഡോവലിനുണ്ട്. ഖലിസ്ഥാനി തീവ്രവാദത്തെ നേരിടുന്നതില്‍ അടക്കം അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications