തൃണമൂൽ കോൺഗ്രസുമായി ലയിക്കാനില്ല: ബിജെപിക്കെതിരായ പോരാട്ടം തുടരുമെന്ന് അഖിൽ ഗോഗോയ്
ഗുവാഹത്തി: തൃണമൂൽ കോൺഗ്രസിനൊപ്പം ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി മനുഷ്യാവകാശ പ്രവർത്തകനും അസം എംഎൽഎയുമായ അഖിൽ ഗോഗോയ്. അടുത്തിടെ തൃണമൂൽ നേതാക്കളുമായി കൊൽക്കത്തയിലെത്തി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെയാണ് അസമിൽ തൃണമൂലും അഖിൽ ഗോഗോയും തമ്മിൽ ബാന്ധവം സ്ഥാപിക്കുമെന്ന അഭ്യൂഹങ്ങൾ വ്യാപകമായത്. രാജ്യത്ത് ബിജെപിക്കെതിരെ മമതാ ബാനർജിയുടെ നേതൃത്വത്തിൽ മൂന്നാം മുന്നണി കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട്.

തൃണമൂൽ കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാനുള്ള മമതാ ബാനർജിയുടെ വാഗ്ദാനം നിരസിച്ചുകൊണ്ടാണ് അഖിൽ ഗോഗോയ് രംഗത്തെത്തിയിട്ടുള്ളത്. തന്റെ രാഷ്ട്രീയ പാർട്ടി റെയ്ജോർ ദൾ ഒരു ദേശീയ പാർട്ടിയായ തൃണമൂൽ കോൺഗ്രസിൽ ലയിക്കില്ലെന്നും ഗോഗോയ് വ്യക്തമാക്കി. അതേ സമയം ബിജെപിക്കെതിരെ ഒരുമിച്ച് പോരാടുമെന്നും ഗോഗോയ് വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി പ്രവേശനവുമായി ബന്ധപ്പെട്ട് തൃണമൂൽ നേതാക്കളുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയെന്നും അസമിൽ തൃണമൂൽ അധ്യക്ഷന്റെ പദവി വാഗ്ദാനം ചെയ്തെന്നും ഗോഗോയ് വ്യക്തമാക്കി. പ്രശാന്ത് കിഷോർ അടക്കമുള്ളവർ ഈ യോഗത്തിൽ പങ്കെടുത്തുവെന്നും ഗോഗോയ് വ്യക്തമാക്കി.

റെയ്ജോർ ദൾ ഒരു പ്രാദേശിക പാർട്ടിയാണ്. അതേ സമയം ആർഎസ്എസിനും ബിജെപിയ്ക്കും എതിരായ പോരാട്ടത്തിൽ സംസ്ഥാനത്തെ എല്ലാ പ്രാദേശിക പാർട്ടികളെയും അണിനിരത്താനാണ് ശ്രമിക്കുന്നതെന്നും ഗോഗോയ് പറഞ്ഞു. അസമിലെ ശിവ്സാഗർ എംഎൽഎമായ അഖിൽ ഗോഗോയ് പൌരത്വ നിയമത്തിനെതിരായ സമരത്തിന്റെ മുൻനിരയിലിറങ്ങി പ്രവർത്തിച്ചതിനെ തുടർന്ന് അറസ്റ്റിലായിരുന്നു. പിന്നീട് കേസിൽ മാവോയിസ്റ്റ് ബന്ധം കൂടി ചുമത്തിയതോടെ കേസ് എൻഐഎയ്ക്ക് കൈമാറുകയായിരുന്നു. ഇതോടെ ജയിലിലടയ്ക്കപ്പെട്ട ഗോഗോയ് ജയിലിൽ നിന്നായിരുന്നു തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. യുഎപിഎ ചുമത്തി ജയിലിലടച്ചതോടെ ഒന്നരവർഷത്തോളമാണ് ഗോഗോയ് ജയിലിൽ കഴിഞ്ഞത്. എന്നാൽ ജൂലൈയിൽ എൻഐഎ അദ്ദേഹത്തിനെതിരായ കേസുകൾ റദ്ദാക്കിയതോടെയാണ് ജയിൽ മോചിതനാകുന്നത്.

അടുത്തിടെ, മമതാ ബാനർജിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച ഗൊഗോയ് മമതാ ബാനർജിയെ ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായി കാണുന്നതിൽ കൂടുതൽ സന്തോഷമുണ്ടെന്ന് പറയുകയും ചെയ്തു. രാജ്യത്തിന്റെ ഫെഡറൽ ഘടനയെ സംരക്ഷിക്കുന്ന നിലപാടിന് മമതാ ബാനർജിയെ ബഹുമാനിക്കുന്നുവെന്നും ഗൊഗോയ് കൂട്ടിച്ചേർത്തിരുന്നു. "അരവിന്ദ് കെജ്രിവാൾ പോലും ഫെഡറൽ ഘടനയെക്കുറിച്ച് അത്ര ശ്രദ്ധിക്കുന്നതായി തോന്നുന്നില്ല, എന്നാൽ രാജ്യമെമ്പാടും ഈ വിഷയത്തിൽ വാചാലനായ ഒരേയൊരു രാഷ്ട്രീയ നേതാവാണ് മമത ബാനർജി. ഞാൻ അവരെ പിന്തുണയ്ക്കുന്നു, 2024 ലെ തിരഞ്ഞെടുപ്പിൽ അവർ പ്രധാനമന്ത്രിയാകുമെങ്കിൽ, ഞങ്ങൾ പിന്തുണയ്ക്കും. ഫെഡറലിസം പ്രതിസന്ധിയിലാണ്, ബിജെപി-ആർഎസ്എസ്സിനെ തോൽപ്പിക്കാൻ പ്രാദേശിക പാർട്ടികളെല്ലാം ഒരുമിച്ച് നിൽക്കണമെന്നും അഖിൽ ഗൊഗോയ് പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച കൊൽക്കത്തയിലെത്തിയ അഖിൽ ഗോഗോയ് തൃണമൂൽ നേതൃത്വവുമായും പ്രശാന്ത് കിഷോറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

പുതുതായി കോൺഗ്രസിലെ രണ്ട് വർക്കിംഗ് പ്രസിഡന്റുമാരായി നിയമിക്കപ്പെട്ട സക്കീർ ഹുസൈൻ സിക്ദാർ, റാണ ഗോസ്വാമി എന്നിവരുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രതിനിധി സംഘവും അഖിൽ ഗൊഗോയിയുടെ റൈജോർ ദൾ പാർട്ടി ഓഫീസ് സന്ദർശിച്ചിരുന്നു. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി സഖ്യം രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള സാധ്യതകളാണ് ചർച്ച ചെയ്തത്. ഏതാണ്ട് ഒരു മണിക്കൂർ നീണ്ട ചർച്ചയിൽ, ബദറുദ്ദീൻ അജ്മലിന്റെ എഐയുഡിഎഫുമായി ബന്ധം സ്ഥാപിച്ചില്ലെങ്കിൽ തന്റെ പാർട്ടി കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാജ്യോതിന്റെ ഭാഗമാകില്ലെന്നും ഗൊഗോയ് വ്യക്തമാക്കി. "അജ്മലുമായി ഒരു സഖ്യവും ഉണ്ടാകില്ലെന്നും ഗൊഗോയ് കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.
Recommended Video

ബദറുദ്ദീൻ അജ്മലിന്റെ പാർട്ടി വർഗീയ രാഷ്ട്രീയത്തിൽ ഏർപ്പെടുന്നുവെന്ന് നിരവധി തവണ ഗൊഗോയ് ആരോപിച്ചു. എൻആർസി, വോട്ടർ എന്നിവ സംബന്ധിച്ച് ന്യൂനപക്ഷങ്ങൾ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് അദ്ദേഹം എഐഡിയുഫിനെ ഉന്നയിച്ച ആരോപണം. ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിൽ അജ്മലിന്റെ പരാജയം ന്യൂനപക്ഷ മേഖലയിൽ വർദ്ധിച്ചുവരുന്ന അപ്രീതിയിലേക്ക് നയിച്ചെന്നും ആളുകൾ ഉടൻ തന്നെ അജ്മലിന്റെ പാർട്ടിയെ പൂർണ്ണമായും തള്ളിക്കളയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.












Click it and Unblock the Notifications