Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന സൂചനയുമായി അഖിലേഷ്.... ഇനി യുപിയില്‍ തനിച്ച് മത്സരിക്കും?

റായ്പൂര്‍: സമാജ്‌വാദി പാര്‍ട്ടിയും അഖിലേഷ് യാദവുമായുള്ള ബന്ധം കോണ്‍ഗ്രസ് ശക്തിപ്പെടുത്തി കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടുകള്‍ വലിയ തിരിച്ചടിയാവുന്നു. മഹാസഖ്യത്തില്‍ നിന്ന് പുറത്തുപോവുകയാണെന്ന് തുറന്നടിച്ച് അഖിലേഷ് യാദവ്. കോണ്‍ഗ്രസ് തങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് അഖിലേഷ് ആരോപിച്ചിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കനത്ത തിരിച്ചടിയാണ് അഖിലേഷിന്റെ പ്രഖ്യാപനം.

ഉത്തര്‍പ്രദേശില്‍ വലിയ ലക്ഷ്യങ്ങള്‍ കോണ്‍ഗ്രസിനുണ്ടായിരുന്നു. ഒറ്റയ്ക്ക് മത്സരിച്ചാല്‍ സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും മണ്ഡലങ്ങളില്‍ വരെ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാകും. അതിലുപരി കോണ്‍ഗ്രസ് അധ്യക്ഷന്റെ ഏറ്റവും അടുത്ത സുഹൃത്താണ് അഖിലേഷ്. എന്നിട്ടും ഇത്തരമൊരു തീരുമാനം വന്നത് അപ്രതീക്ഷിതമായ തിരിച്ചടിയാണ്. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വങ്ങളുടെ പിടിവാശിയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ കാരണമെന്നാണ് സൂചന.

കോണ്‍ഗ്രസുമായി സഖ്യമില്ല

കോണ്‍ഗ്രസുമായി സഖ്യമില്ല

ഛത്തീസ്ഗഡില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് അഖിലേഷ് യാദവ് കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്. 2019ല്‍ കോണ്‍ഗ്രസുമായി യാതൊരു സഖ്യവും ഉണ്ടാവാന്‍ സാധ്യതയില്ലെന്നും അദ്ദേഹം തുറന്നടിച്ചു. അതേസമയം കോണ്‍ഗ്രസിന്റെ സമീപകാല നിലപാടുകളാണ് അഖിലേഷിനെ ചൊടിപ്പിച്ചിരിക്കുന്നത്. മഹാസഖ്യത്തില്‍ നിന്ന് പിന്‍മാറുമെന്ന സൂചനയും അദ്ദേഹം നല്‍കുന്നുണ്ട്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഒന്നിനോടും താല്‍പര്യമില്ലെന്നും അഖിലേഷ് പറഞ്ഞു.

ഒരുമിച്ച് മത്സരിച്ചു

ഒരുമിച്ച് മത്സരിച്ചു

ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ഒരുമിച്ചായിരുന്നു മത്സരിച്ചിരുന്നത്. അന്ന് അഖിലേഷ് പറഞ്ഞത് എസ്പിയുടെ സൈക്കിളിന് കോണ്‍ഗ്രസിന്റെ കൈകൊണ്ട് കുതിച്ചോടുമെന്നായിരുന്നു. അന്ന് തോറ്റെങ്കിലും പിന്നീട് ബിഎസ്പി കൂടി ഈ സഖ്യത്തിലെത്തിയതോടെ ഉപതിരഞ്ഞെടുപ്പുകളെല്ലാം പ്രതിപക്ഷ സഖ്യം തൂത്തുവാരിയിരുന്നു. ഇതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തകര്‍ക്കാന്‍ പ്രതിപക്ഷ സഖ്യം രൂപീകരിക്കുകയും ചെയ്തു.

എസ്പിയെ തകര്‍ക്കാന്‍ നോക്കുന്നു

എസ്പിയെ തകര്‍ക്കാന്‍ നോക്കുന്നു

എസ്പിയെ കോണ്‍ഗ്രസ് തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഛത്തീസ്ഗഡില്‍ പാര്‍ട്ടിയുടെ സാധ്യത ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെന്നും അഖിലേഷ് ആരോപിക്കുന്നു. നിങ്ങളുടെ കൈ സൈക്കിളില്‍ നിന്ന് മാറ്റാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. നിങ്ങള്‍ ഇനി സൈക്കിളിന്റെ ഓട്ടം തടയാന്‍ ശ്രമിച്ചാല്‍ അതിന്റെ നിയന്ത്രണം മറ്റൊരാളെ ഏല്‍പ്പിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവും എന്ന മുന്നറിയിപ്പും അഖിലേഷ് കോണ്‍ഗ്രസിന് നല്‍കി. അതേസമയം കോണ്‍ഗ്രസിന്റെ പേര് പറയാതെയായിരുന്നു വിമര്‍ശനം.

മഹാസഖ്യം പൊളിയുന്നു

മഹാസഖ്യം പൊളിയുന്നു

സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടുകളാണ് എസ്പിയെ ചൊടിപ്പിച്ചത്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ഒരു പാര്‍ട്ടിയുമായും സഖ്യം വേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. ഇവിടെ ഒറ്റയ്ക്ക് അധികാരത്തിലെത്താന്‍ സാധ്യതയുള്ളതിനാലാണ് കോണ്‍ഗ്രസ് ഇത്തരമൊരു കൈവിട്ട നീക്കം നടത്തിയത്. എസ്പി അവസാന നിമിഷം വരെ കാത്തുനിന്നെങ്കിലും സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. ഇതോടെ ബിഎസ്പിയുമായി ചേരാന്‍ അഖിലേഷ് തീരുമാനിച്ചു. ഛത്തീസ്ഗഡില്‍ ഗോണ്ട്വാന ഗണതന്ത്ര പാര്‍ട്ടിയുമായിട്ടാണ് എസ്പിയുടെ സഖ്യം. ഇതൊക്കെ കോണ്‍ഗ്രസിനോടുള്ള വിരോധം വര്‍ധിപ്പിക്കുന്നതായിരുന്നു.

ബിഎസ്പിയുമായുള്ള അടുപ്പം

ബിഎസ്പിയുമായുള്ള അടുപ്പം

ബിഎസ്പിയുമായുള്ള അടുപ്പവും ഈ അകല്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. മായാവതിക്ക് പറഞ്ഞ സീറ്റുകള്‍ നല്‍കാതെ കോണ്‍ഗ്രസ് അവരുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കിയിരുന്നു. വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാവാത്ത കോണ്‍ഗ്രസുമായി എന്തിനാണ് സഖ്യമെന്നാണ് അഖിലേഷ് ചിന്തിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലും എസ്പിയുടെ സമയം മെനക്കെടുത്തുന്ന പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് നടത്തിയത്. ഒരിക്കലും ആ സഖ്യം സാധ്യമാക്കാന്‍ കോണ്‍ഗ്രസ് സമ്മതിച്ചില്ല. കോണ്‍ഗ്രസ് എന്താണ് ചിന്തിക്കുന്നതെന്ന് മനസ്സിലാവുന്നില്ല. പക്ഷേ അവര്‍ എസ്പിയുടെ മുന്നേറ്റത്തെ തടയാനാണ് ശ്രമിക്കുന്നതെന്ന് വ്യക്തമാണെന്നും അഖിലേഷ് പറഞ്ഞു.

രാഹുലിന് തിരിച്ചടി

രാഹുലിന് തിരിച്ചടി

മഹാസഖ്യത്തില്‍ അഖിലേഷിന് വളരെയധികം പ്രാമുഖ്യം നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. ഏറ്റവും അടുപ്പമുണ്ടായിരുന്നതും അദ്ദേഹവുമായിട്ടായിരുന്നു. എന്ത് വന്നാലും കോണ്‍ഗ്രസിനൊപ്പം സഖ്യമുണ്ടാക്കുമെന്നായിരുന്നു അഖിലേഷിന്റെ നിലപാട്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം സ്വീകരിച്ചിരിക്കുന്ന നിലപാടുകള്‍ രാഹുലിന്റെ പ്രതിച്ഛായക്ക് കൂടി തിരിച്ചടിയാകും. അതേസമയം കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള മഹാസഖ്യ നീക്കത്തിനാണ് അഖിലേഷും മായാവതിയും ശ്രമിക്കുന്നതെന്നാണ് സൂചന. അത് രാഹുലിന് പുതിയ തലവേദനയാകും.

കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ

കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ

കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നിലപാടുകള്‍ വലിയ മാറ്റമില്ലെന്ന് അഖിലേഷ് പറയുന്നു. പൊതുജനത്തിന്റെ പണം കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് കൊള്ളയടിക്കുകയാണ്. നോട്ടുനിരോധനത്തിന്റെ സമയത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പണം ബാങ്കുകളില്‍ നിക്ഷേപിച്ചിരുന്നു. ഈ പണവും കൊണ്ട് പലരും ഇന്ത്യക്ക് പുറത്തേക്ക് പോയിട്ടുണ്ട്. ഇതില്‍ കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ പങ്കാളിയാണ്. ഇവര്‍ തമ്മിലാണ് എന്താണ് വ്യത്യാസമുള്ളതെന്നും അഖിലേഷ് ചോദിക്കുന്നു.

80 സീറ്റുകള്‍

80 സീറ്റുകള്‍

ഉത്തര്‍പ്രദേശില്‍ 80 സീറ്റുകളാണുള്ളത്. കോണ്‍ഗ്രസ് ഇല്ലെങ്കിലും 40 സീറ്റുകളില്‍ വീതം എസ്പിയും ബിഎസ്പിയും മത്സരിക്കും. മായാവതി ആഗ്രഹിക്കുന്നതും ഇത് തന്നെയാണ്. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നതിനോട് മായാവതിക്ക് വലിയ താല്‍പര്യവുമില്ല. അതേസമയം യുപിയിലെ കോണ്‍ഗ്രസ് ഘടകത്തിന് ഇത് വലിയ തിരിച്ചടിയാകും. സംസ്ഥാനത്ത് വിജയസാധ്യത ഒറ്റയടിക്ക് ഇല്ലാതാവുന്നത് 2019ല്‍ 120 സീറ്റുകളില്‍ അധികം ലക്ഷ്യമിടുന്ന കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്. അതുകൊണ്ട് എത്രയും പെട്ടെന്ന് ഈ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനാവും കോണ്‍ഗ്രസ് ശ്രമിക്കുക.

റായ്ബറേലിയും അമേത്തിയും

റായ്ബറേലിയും അമേത്തിയും

സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും മണ്ഡലങ്ങളായ റായ്ബറേലിയിലും അമേത്തിയിലുമാണ് ഇനി കാര്യങ്ങള്‍ കിടക്കുന്നത്. കഴിഞ്ഞ രണ്ടിലേറെ തവണ എസ്പി ഇവിടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല. ഇവരോടുള്ള സൗഹൃദമായിരുന്നു പ്രധാന കാരണം. രണ്ട് മണ്ഡലങ്ങളിലും ഇപ്പോള്‍ വോട്ട് കുറഞ്ഞ് വരുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ പിന്തുണയില്ലാതായാല്‍ ഇരുവരും തോല്‍ക്കാന്‍ വരെ സാധ്യതയുണ്ട്. അതേസമയം അഖിലേഷിന്റെ പിണക്കം മാറ്റാന്‍ പ്രിയങ്ക ഗാന്ധി ഡിംപിള്‍ യാദവിനെ കാണുമെന്നാണ് സൂചന. പക്ഷേ അപ്പോഴും പ്രതീക്ഷ കുറവാണ് കോണ്‍ഗ്രസിന്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+