കോണ്‍ഗ്രസിനെ കൈവിട്ട് അഖിലേഷും; മൂന്നാം മുന്നണിക്കൊപ്പമെന്ന് സൂചന, മധ്യപ്രദേശില്‍ കലിപ്പ്
ദില്ലി: ഉത്തര്‍ പ്രദേശില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യചേരിയുണ്ടാക്കാനുള്ള കോണ്‍ഗ്രസ് നീക്കം പാളുന്നു. കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് സൂചിപ്പിച്ച് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്തെത്തി. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ചെയ്ത കാര്യവും അദ്ദേഹം സൂചിപ്പിച്ചു.
മധ്യപ്രദേശില്‍ ഒരുപക്ഷേ, എസ്പിക്ക് അര്‍ഹമായ പരിഗണന നല്‍കിയിരുന്നെങ്കില്‍ യുപിയില്‍ കോണ്‍ഗ്രസിന് വഴി എളുപ്പമാകുമായിരുന്നു. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് ബിഎസ്പി നേരത്തെ സൂചന നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ എസ്പിയും പരോക്ഷമായി പറഞ്ഞിരിക്കുന്നു. മാത്രമല്ല, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മൂന്നാം മുന്നണി രൂപീകരണ ശ്രമത്തിന് അഖിലേഷ് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. വിവരങ്ങള്‍ ഇങ്ങനെ...

കോണ്‍ഗ്രസ് ഉണ്ടാകില്ല
ഉത്തര്‍ പ്രദേശില്‍ ബിജെപിക്കെതിരായ സഖ്യത്തില്‍ കോണ്‍ഗ്രസ് ഉണ്ടാകില്ലെന്നാണ് അഖിലേഷ് സൂചന നല്‍കിയത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എസ്പിയോട് ചെയ്തത് ശരിയായില്ലെന്നും അഖിലേഷ് പറഞ്ഞു. എസ്പിയുടെ പിന്തുണയോടെയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരിക്കുന്നത്. എന്നാല്‍ എസ്പിയെ വേണ്ടവിധം പരിഗണിച്ചില്ലെന്ന് അഖിലേഷ് പറയുന്നു.

മധ്യപ്രദേശില്‍ സംഭവിച്ചത്
മധ്യപ്രദേശ് നിയമസഭയില്‍ എസ്പിക്ക് ഒരു അംഗമാണുള്ളത്. 230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് അംഗങ്ങള്‍ 114 ആണ്. കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്തെത്തിയ കോണ്‍ഗ്രസിന് എണ്ണം തികയാന്‍ കഴിഞ്ഞത് എസ്പിയുടെയും ബിഎസ്പിയുടെയും പിന്തുണയോടെയായിരുന്നു. ബിജെപിയെ അധികാരത്തില്‍ നിന്ന് തടയുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നതെന്ന് മായാവതി പറഞ്ഞിരുന്നു.

അഖിലേഷ് സൂചിപ്പിച്ചത്
മധ്യപ്രദേശ് മന്ത്രിസഭയില്‍ എസ്പിയുടെ അംഗത്തിന് പ്രാതിനിധ്യം നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. ഇക്കാര്യമാണ് അഖിലേഷ് സൂചിപ്പിച്ചത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എസ്പിയെ പരിഗണിച്ചിരുന്നെങ്കില്‍ യുപിയില്‍ കാര്യങ്ങള്‍ എളുപ്പമായേനെ എന്നും അഖിലേഷ് സൂചിപ്പിച്ചു. യുപിയില്‍ സ്വന്തം വഴിയില്‍ പോകാനാണ് എസ്പിക്ക് താല്‍പ്പര്യമെന്നും അദ്ദേഹം പറഞ്ഞു.

കെസിആറിനൊപ്പം
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു നടത്തുന്ന മൂന്നാം മുന്നണി ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു അഖിലേഷ് യാദവ്. അഖിലേഷ് ഉള്‍പ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിന് കെസിആര്‍ ദില്ലിയിലെത്തിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തെ ഇത്തവണ കാണാന്‍ സാധിക്കില്ലെന്ന് അഖിലേഷ് പറഞ്ഞു. അതില്‍ അഖിലേഷ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

അഖിലേഷ് ഹൈദരാബാദിലേക്ക്
കെസിആറിനെ കാണാന്‍ അഖിലേഷ് യാദവ് ഹൈദരാബാദിലേക്ക് പോകുമെന്ന് അറിയിച്ചു. കോണ്‍ഗ്രസ്-ബിജെപി ഇതര മുന്നണിയാണ് കെസിആറിന്റെ ലക്ഷ്യം. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന് അദ്ദേഹം ഒഡീഷയിലും ബംഗാളിലും സന്ദര്‍ശനം നടത്തിയിരുന്നു. കൊല്‍ക്കത്തിയില്‍ നിന്ന് ദില്ലിയിലെത്തിയിട്ടുണ്ട് കെസിആര്‍.

കാത്തിരുന്ന് കാണാം എന്ന് കോണ്‍ഗ്രസ്
അഖിലേഷിന്റെ പ്രസ്താനയോട് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിട്ടില്ല. കാത്തിരുന്ന് കാണാം എന്നാണ് മുതിര്‍ന്ന നേതാക്കള്‍ പ്രതികരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചതാണ് പല കക്ഷികള്‍ക്കും പ്രശ്‌നമായത് എന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചത്.

പല നേതാക്കളും ബന്ധപ്പെടുന്നു
സഖ്യത്തിന് പല പാര്‍ട്ടി നേതാക്കളും ബന്ധപ്പെടുന്നുണ്ടെന്ന് അഖിലേഷ് പറഞ്ഞു. ആരും പ്രതീക്ഷിക്കാത്ത സഖ്യമായിരിക്കും നിലവില്‍ വരിക. തങ്ങളെ പിന്നാക്കക്കാരായി ചിത്രീകരിച്ചതില്‍ ബിജെപിയോട് നന്ദിയുണ്ട്. ഞങ്ങള്‍ സ്വന്തം വഴിയില്‍ മുന്നോട്ട് പോകുമെന്നും അഖിലേഷ് പറഞ്ഞു.

ബിഎസ്പിയുടെ ശ്രമം
കോണ്‍ഗ്രസും ബിജെപിയും ഒഴികെയുള്ള കക്ഷികളെ ചേര്‍ത്താണ് ബിഎസ്പി സഖ്യത്തിന് ശ്രമിക്കുന്നത്. എസ്പിയുമായി അവര്‍ ചര്‍ച്ച തുടങ്ങി കഴിഞ്ഞു. അടുത്ത ദിവസം മായാവതി ലഖ്‌നൗവില്‍ അഖിലേഷുമായി അന്തിമ ചര്‍ച്ച നടത്തും. ജനുവരി 15ന് മായാവതിയുടെ 63ാം ജന്‍മദിനമാണ്. അന്ന് സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്നാണ് ബിഎസ്പി വൃത്തങ്ങള്‍ പറയുന്നത്.

വന്‍ പരിപാടി വരുന്നു
ജന്‍മദിനാഘോഷത്തിന്റെ ഭാഗമായി വന്‍ പരിപാടിയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. യുപിയിലേക്ക് പ്രതിപക്ഷ നേതാക്കളില്‍ പ്രമുഖരെ ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസിനെ ഇതുവരെ ക്ഷണിച്ചിട്ടില്ല. അതേസമയം, കോണ്‍ഗ്രസ് യുപിയിലെ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിക്കാന്‍ തീരുമാനിച്ചു.

മൂന്നാം മുന്നണി ഇങ്ങനെ
മൂന്നാം മുന്നണി രൂപീകരിക്കാനാണ് മായാവതിയുടെ ശ്രമമമെന്ന് ബിഎസ്പി നേതാവ് പറഞ്ഞു. എസ്പി, ബിഎസ്പി, ആര്‍എല്‍ഡി, ജെസിസി എന്നീ കക്ഷികള്‍ ഒരുമിച്ച് യുപിയില്‍ മല്‍സരിക്കും. കൂടാതെ ദേശീയ തലത്തില്‍ സഖ്യത്തിനും ശ്രമിക്കുന്നുണ്ട്. തെലങ്കാനയിലെ ടിആര്‍എസ്, ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്, ഒഡീഷയിലെ ബിജെഡി, ദില്ലിയില്‍ എഎപി എന്നിവരുമായി സഖ്യത്തിനാണ് ശ്രമം.

എസ്പിയും ബിഎസ്പിയും വിട്ടുനിന്നു
ഡിസംബര്‍ പത്തിന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മുന്‍കൈയ്യെടുത്ത് ദില്ലിയില്‍ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചിരുന്നു. എസ്പിയും ബിഎസ്പിയും അതില്‍ പങ്കെടുത്തില്ല. കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തിരുന്നു. ഡിസംബര്‍ പത്തിന് ശേഷമാണ് യുപിയിലെ രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് വ്യക്തമായി ബോധ്യപ്പെട്ടത്.

യുപിയിലെ സാഹചര്യം
543 അംഗ ലോക്‌സഭയില്‍ ശക്തി തെളിയിക്കുന്നതിന് യുപിയില്‍ കൂടുതല്‍ സീറ്റ് കിട്ടേണ്ടത് നിര്‍ബന്ധമാണ്. ഉത്തര്‍ പ്രദേശില്‍ 80 ലോക്‌സഭാ മണ്ഡലങ്ങളുണ്ട്. കഴിഞ്ഞതവണ ബിജെപിക്ക് 71 സീറ്റ് ലഭിച്ചിരുന്നു. അതാണ് അവര്‍ക്ക് കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായിച്ചത്. ഇത്തവണ ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ യുപിയില്‍ ഒന്നിക്കുമെന്നാണ് നേരത്തെ കരുതിയിരുന്നത്. പുതിയ സാഹചര്യത്തില്‍ കാര്യങ്ങള്‍ മാറിമറിയുകയാണ്.

ബിജെപിക്ക് പ്രതീക്ഷ
എസ്പിയും ബിഎസ്പിയും ആര്‍എല്‍ഡിയും സഖ്യമുണ്ടാക്കിയാല്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകും. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കും. ഒരു പക്ഷേ ബിജെപിക്ക് ഗുണമാകുകയും ചെയ്യും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപിക്കെതിരെ യുപിയില്‍ ജനവികാരം നിലനില്‍ക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപി പരാജയപ്പെടുകയായിരുന്നു.












Click it and Unblock the Notifications