അഖിലേഷ് നിസ്കരിക്കും...നോമ്പെടുക്കും..വോട്ടിന് വേണ്ടി മുസ്ലീമാകാൻ വരെ തയ്യാറാകും; ബിജെപി മന്ത്രി
ലഖ്നൗ; സമാദ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ ബിജെപി മന്ത്രി ആനന്ത് സ്വരീപ് ശുക്ല. മുസ്ലീങ്ങളുടെ വോട്ടിന് വേണ്ടി മതം മാറാൻ വരെ അഖിലേഷ് തയ്യാറാകുമെന്നും പാകിസ്താൻ ചാരസംഘടയായ ഐഎസ്ഐയുടെ സഹായം അഖിലേഷിന് ലഭിക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇസ്ലാമിക ലോകത്തിന് വെല്ലുവിളിയായി മാറിയിരിക്കുകയാണ് . സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന് എല്ലാ പിന്തുണയും അവരിൽ നിന്ന് ലഭിക്കുന്നുണ്ട്. ഐഎസ്‌ഐയിൽ നിന്ന് രക്ഷാകർതൃത്വവും ഉപദേശവും അഖിലേഷിന് ലഭിക്കുന്നു. അദ്ദേഹത്തിന് അവരിൽ നിന്ന് സാമ്പത്തിക പിന്തുണയും ലഭിക്കാൻ സാധ്യതയുണ്ട്, ബിജെപി നേതാവ് ശുക്ല പറഞ്ഞു.

ഞായറാഴ്ച ഹർദോയിൽ അഖിലേഷ് നടത്തിയ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. മഹാത്മാഗാന്ധി, സർദാർ വല്ലഭായ് പട്ടേൽ, ജവഹർലാൽ നെഹ്‌റു, പാകിസ്ഥാൻ സ്ഥാപകൻ മുഹമ്മദ് അലി ജിന്ന എന്നിവർ ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പ്രവർത്തിച്ചവരാണെന്നായിരുന്നു അഖിലേഷ് യാദവ് പറഞ്ഞത്.
മുസ്ലീങ്ങളെ സന്തോഷിപ്പിക്കുന്നതിനായി അഖിലേഷ് നിസ്കരിക്കും നോമ്പെടുക്കും മുസ്ലീം വോട്ട് കിട്ടാനായി മതം മാറാൻ വരെ അഖിലേഷ് തയ്യാറാകുമെന്നും ശുക്ല പറഞ്ഞു. പാകിസ്താന്റെ നിര്‍ദേശപ്രകാരമാണ് അഖിലേഷ് ഇതെല്ലാം ചെയ്യുന്നതെന്നും ശുക്ല പറഞ്ഞു.
ഐഎസ്‌ഐയുടെ നിർദ്ദേശപ്രകാരം, യാദവ് ജിന്നയെ മഹത്വവത്കരിക്കുകയാണ്. പാകിസ്ഥാനും താലിബാനും വേണ്ടിയാണ് അഖിലേഷ് അത്തരം പ്രസ്താവനകൾ പുറപ്പെടുവിക്കുന്നത്. സർദാർ വല്ലഭായ് പട്ടേലിനെ ജിന്നയുമായി താരതമ്യം ചെയ്ത യാദവിന്റെ നടപടി അപലപനീയമാണെന്നും അതിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കണമെന്നും ശുക്ല പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് നിമസഭ തിരഞ്ഞെടുപ്പ് ചൂടിലേക്ക് ഇതിനോടകം തന്നെ പാർട്ടികൾ കടന്ന് കഴിഞ്ഞു. ഇത്തവണയും നിയമസഭ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കിയിട്ടുണ്ട്. കിഴക്കൻ ഉത്തർപ്രദേശിലെ അസംഗഢിൽ നിന്നുള്ള പാർലമെന്റ് അംഗമാണ് അഖിലേഷ് യാദവ്. യുപിയിൽ ഇതുവരെ അഖിലേഷ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല.
2017 ൽ സമാജ്വാദി പാർട്ടിയെ അട്ടിമറിച്ച് കൊണ്ടായിരുന്നു ബിജെപി സംസ്ഥാന അധികാരം പിടിച്ചത്. അന്ന് കോൺഗ്രസുമായി സഖ്യത്തിൽ മത്സരിച്ചിട്ട് പോലും സമാജ്വാദി പാർട്ടിക്ക് 44 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.അതേസമയം ഇക്കുറി കോൺഗ്രസുമായി സഖ്യമില്ലെന്ന് അഖിലേഷ് പ്രഖ്യാപിച്ച് കഴിഞ്ഞു. നിലവിൽ ബിജെപിയുമായി സഖ്യം അവസാനിപ്പിച്ച എസ്ബിഎസ്പിയുമായി സമാജ്വദി പാർട്ടി സഖ്യത്തിലെത്തിയിട്ടുണ്ട്.
അതേസമയം അമ്മാവൻ ശിവപാൽ യാദവിന്റെ പ്രഗതിശീൽ പാർട്ടിയുമായും സമാജ്വാദി സഖ്യത്തിലെത്തിയേക്കും. നേരത്തേ അഖിലേഷ് സമാജ്വാദി തലപ്പത്ത് എത്തിയപ്പോൾ പാർട്ടിയിൽ തുടര്‍ച്ചയായി അവഗണിക്കപ്പെടുന്നുവെന്ന് പാർട്ടി വിട്ട നേതാവാണ് ശിവപാൽ. പിന്നീട് പ്രഗതിശീൽ എന്ന പേരിൽ പാർട്ടി രൂപീകരിച്ചു. ഇപ്പോൾ മടങ്ങി വരവിനുള്ള സാധ്യത തേടുകയാണ് ശിവപാൽ. അദ്ദേഹം തിരിച്ചെത്തിയാൽ മികച്ച രീതിയിലുള്ള സ്വീകരണം നൽകുമെന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.


Click it and Unblock the Notifications