അഖിലേഷ് അടക്കം വിദേശത്തേക്ക് ടിക്കറ്റെടുത്തു, ഫലം വന്നാല്‍ നാട്ടിലൊന്നിനെയും കാണില്ലെന്ന് യോഗി
ദില്ലി: യുപിയില്‍ തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ പ്രതിപക്ഷത്തിന്റെ പൊടിപോലും കാണാനുണ്ടാവില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി വന്‍ ഭൂരിപക്ഷത്തോടെ യുപിയില്‍ ജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും യോഗി പറഞ്ഞു. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവും മറ്റ് പ്രതിപക്ഷ നേതാക്കളും വിദേശത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ ഇവരെയൊന്നും യുപിയില്‍ കാണാനുണ്ടാവില്ലെന്നും യോഗി വ്യക്തമാക്കി. യുപിയില്‍ ആദ്യ ഘട്ട പോളിംഗ് കഴിഞ്ഞപ്പോള്‍ തന്നെ എല്ലാ വ്യക്തമാണ്. ബിജെപിയാണ് ലീഡ് ചെയ്യുന്നത്. എണ്‍പത് ശതമാനത്തിന്റെ പോരാട്ടം ഇരുപത് ശതമാനത്തിനെതിരെയാണ്. സംസ്ഥാനത്തെ 80 ശതമാനം സീറ്റും ബിജെപി നേടുമെന്നും യോഗി പറഞ്ഞു.

ഇരുപത് ശതമാനം സീറ്റുകള്‍ പ്രതിപക്ഷം പങ്കിട്ടെടുക്കും. മാര്‍ച്ച് പതിനൊന്ന് അഖിലേഷ് അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ വിദേശത്തേക്ക് ഓടേണ്ടി വരും. അവര്‍ അതിനായി ടിക്കറ്റും ബുക്ക് ചെയ്തിട്ടുണ്ട്. മാര്‍ച്ച് പത്തിന് തനിക്ക് എന്താണ് സംഭവിക്കുക എന്ന് ആശങ്കപ്പെട്ടിരിക്കുകയാണ് അഖിലേഷ്. ഞാന്‍ ഗൊരഖ്പൂരിലേക്ക് തന്നെ പോകും. കാരണം അവിടെ നിന്നാണ് മത്സരിക്കുന്നത്. അഖിലേഷിന്റെ കാര്യത്തില്‍ അങ്ങനെയൊന്ന് പറയാനാവില്ലെന്നും യോഗി വ്യക്തമാക്കി. അതേസമയം അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇതിനിടയില്‍ യോഗി വിലയിരുത്തി. രാമക്ഷേത്ര നിര്‍മാണം തനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. രാമക്ഷേത്ര പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു തന്റെ ഗുരുദേവ് ജി. തന്നെ പോലെ അദ്ദേഹവും അഭിമാനിക്കുന്നുണ്ടാവുമെന്നും യോഗി പറഞ്ഞു.
രാമക്ഷേത്രം ഞങ്ങള്‍ക്ക് വിശ്വാസത്തിന്റെ ഭാഗമാണ്. ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ഞങ്ങള്‍ ചെയ്തു. രാമഭക്തന്മാര്‍ക്കെതിരെ വെടിയുതിര്‍ത്തവര്‍ മുമ്പുണ്ടായിരുന്നു. ജനങ്ങള്‍ അവരുടെ മുഖം ഓര്‍ത്ത് വെക്കണം. സമാജ് വാദി പാര്‍ട്ടിയുടെ ചരിത്രം നോക്കിയാല്‍ അറിയാം, അവര്‍ തീവ്രവാദികള്‍ക്കൊപ്പം നിന്ന പാര്‍ട്ടിയാണ്. തീവ്രവാദികള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കലായിരുന്നു അഖിലേഷ് സര്‍ക്കാര്‍ ചെയ്തിരുന്നത്. അഹമ്മദാബാദ് കലാപത്തിന്റെ ഭാഗമായിരുന്നവര്‍ എസ്പിയുമായുള്ള ബന്ധത്തില്‍ മൗനം വെടിയാന്‍ തയ്യാറാവണമെന്നും യോഗി വ്യക്തമാക്കി. ഞങ്ങള്‍ ഇനിയും ക്രിമിനലുകള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കെതിരെയും നടപടിയെടുക്കും. കുറ്റകൃത്യങ്ങള്‍ ഒരു സംസ്ഥാനത്തിന്റെ വികസനത്തിന് തടസ്സമാണെന്നും യോഗി വ്യക്തമാക്കി.
കോണ്‍ഗ്രസിനെതിരെയും യോഗി രംഗത്തെത്തി. പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉത്തര്‍പ്രദേശിലെത്തിയാല്‍ അവര്‍ ക്ഷേത്രത്തിലേക്കാണ് പോകുക. പക്ഷേ ഈ സംസ്ഥാനത്തിന് പുറത്തേക്ക് പോയാല്‍ അവര്‍ യുപിയിലെ ജനങ്ങളെ ശപിക്കുക ചെയ്യുന്നത്. ഇനി രാജ്യം വിട്ടാണ് പോകുന്നതെങ്കില്‍ അവര്‍ ഇന്ത്യക്കാരെയാണ് ശപിക്കുക. 2019ല്‍ പ്രതിപക്ഷം സഖ്യമുണ്ടാക്കിയപ്പോള്‍ അതില്‍ കോണ്‍ഗ്രസില്ലായിരുന്നു. യുപിയില്‍ കോണ്‍ഗ്രസിന് ഒരു സ്ഥാനവും ഇല്ല. യുപിയിലെ ജനങ്ങള്‍ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിനൊപ്പമാണെന്നും യോഗി വ്യക്തമാക്കി. യുക്രൈനില്‍ കുടുങ്ങി കിടക്കുന്ന ഉത്തര്‍പ്രദേശുകാരുടെ കാര്യം പരിശോധിച്ച് വരികയാണ്. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും യോഗി പറഞ്ഞു.












Click it and Unblock the Notifications