ഉപതിരഞ്ഞെടുപ്പില്‍ തോറ്റു. എസ്പിയുടെ പാര്‍ട്ടി സമിതികളെല്ലാം പിരിച്ച് വിട്ട് അഖിലേഷ് യാദവ്
ദില്ലി: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയിലെ സമിതികളെല്ലാം അഖിലേഷ് യാദവ് പിരിച്ച് വിട്ടു. ദേശീയ-സംസ്ഥാന-ജില്ലാ എക്‌സിക്യൂട്ടീവ് സമിതകളാണ് പിരിച്ചുവിട്ടത്. ഇതിനൊക്കെ പുറമേ യൂത്ത്-വനിത -വിംഗ് എന്നിവയുടെ സമിതികളും പിരിച്ചുവിട്ടു. അതേസമയം സുപ്രധാനമായ രണ്ട് കോട്ടകളാണ് അഖിലേഷ് യാദവിന് നഷ്ടമായത്. ഇത് അഖിലേഷ് പ്രചാരണത്തിന് പോലും വരാത്തത് കൊണ്ട് സംഭവിച്ചതാണെന്ന് ആരോപണമുയര്‍ന്നിരുന്നു. അസം ഖാനുമായുള്ള പ്രശ്‌നങ്ങളും വേറെയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സമിതികളെല്ലാം അഖിലേഷ് പിരിച്ചുവിട്ടിരിക്കുന്നത്. അതേസമയം പാര്‍ട്ടി സമിതികള്‍ പിരിച്ചുവിടുന്നതിന് കാരണമൊന്നും അഖിലേഷ് പറഞ്ഞിട്ടില്ല.

രാംപൂരിലും അസംഖഡിലുമാണ് സമാജ് വാദി ഉപതിരഞ്ഞെടുപ്പുകള്‍ തോറ്റത്. കാലങ്ങളായി എസ്പിയുടെ കോട്ടകളായി അറിയപ്പെടുന്ന മണ്ഡലങ്ങളാണിത്. നിലവില്‍ ഉത്തര്‍പ്രദേശിലെ സംസ്ഥാന പ്രസിഡന്റിനെ മാത്രമാണ് അഖിലേഷ് മാറ്റാതിരുന്നത്. അദ്ദേഹം ആ പദവിയില്‍ തുടരും. നരേഷ് ഉത്തമാണ് സംസ്ഥാന അധ്യക്ഷന്‍. ഇതിനൊപ്പം ദേശീയ അധ്യക്ഷനായി അഖിലേഷ് യാദവും തുടരും. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പാണ് എസ്പിയുടെ മുന്നിലെ ഏറ്റവും വലിയ ടാര്‍ഗറ്റ്. ഇത് മുന്നില്‍ കണ്ട് സംഘടനാ ശേഷി വര്‍ധിപ്പിക്കുകയാണ് എസ്പി ലക്ഷ്യമിടുന്നത്. ബിജെപിയെ നേരിടാന്‍ അടിമുടി മാറിയ പുതിയ എസ്പിയെ കൊണ്ടുവരാനാണ് അഖിലേഷ് മാറ്റം പ്രഖ്യാപിച്ചത്.












Click it and Unblock the Notifications