ഓ മൈ ഗോഡിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടില്ലേ? അക്ഷയ് കുമാറിന്റെ വേഷം മാറ്റേണ്ടി വരും
മുംബൈ: അക്ഷയ് കുമാര്‍ ചിത്രം ഓ മൈ ഗോഡിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വൈകും. ചിത്രത്തില്‍ നിന്ന് നീക്കാന്‍ നിര്‍ദേശിച്ച രംഗങ്ങള്‍ക്കെതിരെ നിയമനടപടികള്‍ക്കാണ് അണിയറപ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് കൂടുതല്‍ മാറ്റങ്ങള്‍ വീണ്ടും നിര്‍ദേശിച്ചിരിക്കുകയാണ്. അക്ഷയ് കുമാര്‍ ഭഗവാന്‍ ശിവനായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
അക്ഷയ് കുമാറിന്റെ കഥാപാത്രത്തെ തന്നെ മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചുവെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭഗവാന്‍ ശിവന്‍ എന്ന കഥാപാത്രത്തെ മാറ്റി ഒരു ദൈവ ദൂതന്‍ എന്ന രീതിയിലേക്ക് കഥാപാത്രത്തെ മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 20 മാറ്റങ്ങളാണ് നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ സിനിമയെ മൊത്തത്തില്‍ ബാധിക്കും. നീല നിറത്തിലാണ് ചിത്രത്തില്‍ അക്ഷയ് കുമാര്‍ പ്രത്യക്ഷപ്പെടുന്നത്.

സിനിമ മൊത്തത്തില്‍ മാറി പോകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. കോടതിയെ സമീപിക്കാനും നിര്‍മാതാക്കള്‍ ശ്രമിച്ചേക്കും. അക്ഷയ് കുമാര്‍ ശിവനെ പോലെ നീലനിറത്തില്‍ പ്രത്യക്ഷപ്പെടുന്ന നിരവധി സീനുകള്‍ നീക്കം ചെയ്യണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ഭഗവാന്‍ ശിവനുമായി ബന്ധിപ്പിക്കുന്ന നിറമൊന്നും വേണ്ടെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ഈ മാറ്റങ്ങളൊക്കെ ചിത്രത്തിലുണ്ടായാല്‍ ഓഗസ്റ്റ് 11ന് ചിത്രം റിലീസ് ചെയ്യാനും സാധ്യത കുറവാണ്.
ചിത്രത്തിലെ സീനുകള്‍ മാറ്റിയാലോ, നിറം ഡിജിറ്റല്‍ മാര്‍ഗത്തില്‍ മാറ്റിയാലും പറഞ്ഞ തിയതിക്ക് റിലീസ് ചെയ്യാന്‍ പറ്റില്ല. കൂടുതല്‍ സമയം ആവശ്യമായി വരും. അത് മാത്രമല്ല കൂടുതല്‍ പണം ചെലവാകുകയും ചെയ്യും. ചിത്രത്തിന് ചെലവേറുന്നത് തിയേറ്റര്‍ റിസ്‌ക് വര്‍ധപ്പിക്കുകയും ചെയ്യും. അതേസമയം ചിത്രത്തിന്റെ റിലീസ് വൈകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.
ചിത്രത്തിലെ മാറ്റങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സെന്‍സര്‍ ബോര്‍ഡുമായുള്ള പ്രശ്‌നങ്ങള്‍ക്കിടയില്‍ ചിത്രത്തിന് വേണ്ടത്ര പ്രമോഷനും കിട്ടിയിട്ടില്ല. അതുകൊണ്ട് റിലീസ് തിയതി നീട്ടുന്നതാണെന്ന അഭിപ്രായമാണ് നിര്‍മാതാക്കള്‍ക്കിടയിലുള്ളത്.നേരത്തെ ആദിപുരുഷിന്റെ റിലീസിന്റെ സമയത്ത് സെന്‍സര്‍ ബോര്‍ഡ് വലിയ വിമര്‍ശനം നേരിട്ടിരുന്നു. ചിത്രത്തിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ സഭ്യതയ്ക്ക് നിരക്കുന്നതല്ലെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഓ മൈ ഗോഡ് 2 പ്രശ്‌നങ്ങള്‍ നേരിട്ടത്.
സംഭാഷണങ്ങളെല്ലാം ശരിക്കും പരിശോധിച്ച ശേഷം അനുമതി നല്‍കിയാല്‍ മതിയെന്നാണ് സെന്‍സര്‍ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. വിവാദമാകാന്‍ സാധ്യതയുള്ള കാര്യങ്ങളെല്ലാം നേരത്തെ തന്നെ നീക്കാനാണ് സെന്‍സര്‍ ബോര്‍ഡ് തീരുമാനം. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെയും അണിയറപ്രവര്‍ത്തകര്‍ അംഗീകരിക്കുന്നില്ല. സെക്‌സ് എജുക്കേഷനാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. ഇത് എല്ലാ വിഭാഗക്കാരും കാണേണ്ടതാണ് എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.












Click it and Unblock the Notifications