അലിഗഡിലെ രണ്ടര വയസുകാരിയുടെ കൊലപാതകം: നീതി ലഭിക്കണമെന്ന് രാഹുലും പ്രിയങ്കയും
അലിഗഡ്: ഉത്തര്‍പ്രദേശിലെ അലിഗഡില്‍ രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും. കൊലപാതകം ക്രൂരവും പൈശാചികവുമാണെന്ന് ഇരുവരും പ്രതികരിച്ചു. പ്രതികള്‍ക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.

'യുപിയിലെ അലിഗഡില്‍ രണ്ടര വയസുകാരി അതിക്രൂരമായി കൊല്ലപ്പെട്ട വാര്‍ത്ത ഞെട്ടലുണ്ടാക്കുന്നതാണ്. എങ്ങനെയാണ് പിഞ്ചുകുഞ്ഞിനോട് ഒരാള്‍ക്ക് ഇത്ര ക്രൂരമായി പെരുമാറാന്‍ കഴിയുന്നത്. പ്രതികള്‍ക്കെതിരെ കടുത്ത ശിക്ഷ നടപടികള്‍ തന്നെ സ്വീകരിക്കണം. യുപി പോലീസ് സംഭവത്തില്‍ ഉള്‍പ്പെട്ടവരെ നിയമത്തിന് മുന്‍പില്‍ എത്തിക്കണം' രാഹുല്‍ ട്വീറ്റ് ചെയ്തു.
'നിഷ്കളങ്കയായ ഒരു കുഞ്ഞിന് നേരെ നടന്ന അതിക്രൂരമായ സംഭവമാണിത്. കുട്ടിയുടെ മാതാപിതാക്കളുടെ അവസ്ഥയെ കുറിച്ച് തനിക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. മനുഷ്യന്‍ എവിടേക്കാണ് പോകുന്നത്?, പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
മെയ് 31 നാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് വ്യക്തമാക്കി മാതാപിതാക്കള്‍ അലിഗഡ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് പേരെ പോലീസ് ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സാഹിദ്, അസ്ലം എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ കുടുംബവുമായുള്ള സാമ്പത്തിക പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.












Click it and Unblock the Notifications