ഒറ്റയ്ക്ക് ബിജെപിയെ ഒന്നും ചെയ്യാനാകില്ല; മമത ബാനര്‍ജി സോണിയയെ കണ്ടു, കൂടെ രാഹുല്‍ ഗാന്ധിയും
ദില്ലി: ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ദില്ലിയില്‍ ചര്‍ച്ച നടത്തി. രാഹുല്‍ ഗാന്ധിയും ചര്‍ച്ചയില്‍ ഭാഗമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിക്കെതിരെ ദേശീയ തലത്തില്‍ ഐക്യത്തിന് ശ്രമിക്കുന്ന മമത ബാനര്‍ജിയും സോണിയയും തമ്മിലുള്ള ചര്‍ച്ച ദേശീയ രാഷ്ട്രീയത്തില്‍ വന്‍ ചലനമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഒറ്റയ്ക്ക് നാം ഒന്നുമല്ല. ഒറ്റയ്ക്ക് നിന്നാല്‍ ഒന്നും സാധിക്കില്ലെന്നും എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും മമത ബാനര്‍ജി യോഗത്തിന് ശേഷം പ്രതികരിച്ചു. ബിജെപിക്കെതിരെ എല്ലാ പാര്‍ട്ടികളെയും ഒരുവേദിയില്‍ കൊണ്ടുവരികയാണ് മമതയുടെ ലക്ഷ്യം. ഇതിന് വേണ്ടി ചുക്കാന്‍ പിടിക്കുന്നത് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ആണ്. മമതയുടെ ബംഗാളിലെ വിജയത്തിന്റെ അണിയറ ശക്തി പ്രശാന്ത് കിഷോര്‍ ആയിരുന്നു. ത്രിപുരയിലേക്ക് പാര്‍ട്ടി വ്യാപനത്തിന് മമത ശ്രമിക്കുമ്പോള്‍ ആദ്യം അയച്ചതും പ്രശാന്ത് കിഷോറിനെയാണ്.

ദേശീയ രാഷ്ട്രീയ നേതാക്കളുമായി പ്രശാന്ത് കിഷോറിനുള്ള ബന്ധം ഉപയോഗപ്പെടുത്തിയാണ് സഖ്യസാധ്യത ആരായുന്നത്. എന്‍സിപി, ആര്‍ജെഡി, ഡിഎംകെ, ഇടതുപാര്‍ട്ടികള്‍, ടിആര്‍എസ്, എസ്പി, എഎപി, അകാലിദള്‍ എന്നിവരുമായെല്ലാം മമത ചര്‍ച്ച നടത്തി. വ്യത്യസ്ത ധാരയില്‍ പ്രവര്‍ത്തിക്കുന്ന ഇത്രയും പാര്‍ട്ടികളെ എങ്ങനെയാണ് ഒരുമിപ്പിക്കുക എന്ന ചോദ്യം വളരെ പ്രധാനമാണ്. ഇപ്പോള്‍ ഒന്നിച്ചില്ലെങ്കില്‍ രാജ്യത്തെ ജനങ്ങള്‍ നമ്മളോട് പൊറുക്കില്ല എന്നാണ് മമതയുടെ നിലപാട്.
കാര്യക്ഷമമായ ചര്‍ച്ചകള്‍ നടന്നു. കൊവിഡ്, പെഗാസസ് ചോര്‍ത്തല്‍, പ്രതിപക്ഷ ഐക്യം എന്നീ കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്തുവെന്ന് സോണിയയെ കണ്ട ശേഷം മമത പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാവരും ഒന്നിക്കണം. പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രതികരിക്കണമെന്നും മമത ആവശ്യപ്പെട്ടു.
ദുല്‍ഖര്‍ സല്‍മാന് ജന്മദിനാശംസകള്‍; കുഞ്ഞിക്കയുടെ ഏറ്റവും പുതിയ അടിപൊളി ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications