അംബേദ്കർ വിവാദം; പരസ്പരം ഏറ്റുമുട്ടി എംപിമാർ...ബിജെപി എംപിയുടെ തലക്ക് പരിക്ക്, രാഹുൽ തള്ളിയിട്ടെന്ന്
ഡൽഹി: അംബേദ്കർ വിവാദത്തിൽ പാർലമെന്റ് വളപ്പിൽ ശക്തമായ പ്രതിഷേധം. ഇന്ത്യ സഖ്യ എംപിമാരും ഭരണപക്ഷ എംപിമാരും പ്രകടനത്തിനിടെ ഏറ്റുമുട്ടി. ഉന്തും തള്ളിനുമിടെ ബി ജെ പി എംപി പ്രതാപ് സിംഗിന് പരിക്കേറ്റു. ഇദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെയോടെയാണ് ഇരുവിഭാഗവും പാർലമെന്റ് പരിസരത്ത് പ്രകടനവുമായി ഇറങ്ങിയത്. അംബേദ്കറിനെതിരായ വിവാദ പരാമർശത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. അതേസമയം കോൺഗ്രസ് ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് എൻഡിഎ നേതാക്കളുടെ പ്രകടനം അരങ്ങേറിയത്.

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടേയും കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തിൽ അംബേദ്കർ പ്രതിമയുടെ മുന്നിൽ നിന്നാണ് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്. തുടർന്ന് മകർ ധ്വാറിലേക്ക് മാർച്ച് നടത്തി. നീല വസ്ത്രമണിഞ്ഞാണ് പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചത്. ഇവിടെ വെച്ച് മുദ്രാവാക്യം വിളികളുമായി നിന്ന ഭരണപക്ഷത്തിനിടയിലേക്ക് പ്രിയങ്കയുടെ നേതൃത്വത്തിൽ എംപിമാർ കയറിയതോടെ ഭരണ-പ്രതിപക്ഷ എംപിമാർ തമ്മിൽ പരസ്പരം പിടിച്ചുതള്ളുന്ന സാഹചര്യം ഉണ്ടായി. ഇതിനിടയിലാണ് ബി ജെ പി എംപിയായ പ്രതാപ് സാരംഗിക്ക് പരിക്കേറ്റത്. ഇദ്ദേഹത്തെ ഉടൻ തന്നെ വീൽ ചെയറിലിരുത്തി ആശുപത്രിയിലേക്ക് മാറ്റി.
രാഹുൽ ഗാന്ധിയാണ് താൻ വീഴാൻ കാരണക്കാരനെന്ന് പ്രതാപ് സാരംഗി ആരോപിച്ചു. രാഹുൽ മറ്റൊരു എംപിയെ പിടിച്ചുതള്ളിയെന്നും അദ്ദേഹം തന്റെ ദേഹത്തേക്ക് വീണതോടെയാണ് താനും വീണ് പോയതെന്നും പ്രതാപ് സാരംഗി പറഞ്ഞു. സംഭവത്തിൽ പോലീസിന് പരാതി നൽകുമെന്നും പ്രതാപ് പ്രതികരിച്ചു. അതേസമയം പ്രതാപിന്റെ ആരോപണം രാഹുൽ ഗാന്ധി തള്ളി. പാർലമെന്റ് ഗേറ്റിന് മുന്നിൽ വെച്ച തങ്ങളെ തടയാൻ ശ്രമിക്കവെയാണ് എംപി വീണതെന്നും അദ്ദേഹം മറ്റൊരു കോൺഗ്രസ് എംപിയെ തള്ളിയിട്ടതായും രാഹുൽ ഗാന്ധി ആരോപിച്ചു.
'ഇതൊക്കെ കാമറയിൽ പതിഞ്ഞിട്ടുണ്ടാകും. പാർലമെൻ്റ് കവാടത്തിലൂടെ ഞാൻ അകത്തേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു, ബിജെപി എംപിമാർ എന്നെ തടയാനും തള്ളാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചു. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെ തടയാനുള്ള ശ്രമങ്ങളും നടന്നു. അതിനിടയിലാണ് അപകടം സംഭവിച്ചത്', രാഹുൽ ഗാന്ധി വിശദീകരിച്ചു. പ്രതിഷേധങ്ങൾക്കിടെ പാർലമെന്റിന്റെ ഇരുസഭകളും ഉച്ചയ്ക്ക് രണ്ട് വരെ പിരിഞ്ഞു.
അമിത് ഷായുടെ പ്രസംഗം നീക്കണം; കോൺഗ്രസിന് എക്സിന്റെ നോട്ടീസ്
ഡോ ബിആർ അംബേദ്കറിനെതിരായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം നീക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾക്ക് കത്തയച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ്. കോൺഗ്രസ് നേതാക്കൾ തെറ്റായ രീതിയിൽ വീഡിയോ പ്രചരിപ്പിക്കുകയാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലണ് നോട്ടീസ് അയച്ചതെന്ന് എക്സ് വ്യക്തമാക്കി.












Click it and Unblock the Notifications