'അഴിമതി മറയ്ക്കാൻ ഭാഷാ വിവാദം ഉയർത്തുകയാണ് അവർ'; ഡിഎംകെ സർക്കാരിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ
ചെന്നൈ: ഭാഷാവിവാദത്തിൽ വീണ്ടും തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാരിനെ വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. മെഡിക്കൽ, എഞ്ചിനീയറിംഗ് കോഴ്‌സുകൾ മുഴുവനായും തമിഴിലേക്ക് മൊഴിമാറ്റുന്നതിലെ ഡിഎംകെ നിലപാടും മുൻ വാഗ്‌ദാനവും ഒക്കെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ വിമർശനം. അത്തരം നടപടികൾ നടപ്പിലാക്കാൻ ഭരണകക്ഷിക്ക് ധൈര്യമില്ലെന്നാണ് അമിത് ഷാ ആരോപിക്കുന്നത്.
ഡിഎംകെയ്ക്ക് മെഡിക്കൽ, എഞ്ചിനീയറിംഗ് കോഴ്‌സുകൾ തമിഴിലേക്ക് മൊഴിമാറ്റം ചെയ്യാൻ ധൈര്യമില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്. തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ, ഈ കോഴ്‌സുകൾ തമിഴിലേക്ക് മാറ്റുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. 'ഞങ്ങൾ സർക്കാർ രൂപീകരിക്കുമ്പോൾ, മെഡിക്കൽ, എഞ്ചിനീയറിംഗ് കോഴ്‌സുകകൾ തമിഴിലേക്ക് വിവർത്തനം ചെയ്യും' അമിത് ഷാ വ്യക്തമാക്കി.

അഴിമതി മറയ്ക്കാനുള്ള ശ്രമങ്ങളാണ് ഡിഎംകെ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഡിഎംകെ പൊതുജനശ്രദ്ധ തിരിക്കുകയാണ്, ഇത്തരം കാര്യങ്ങൾ മറച്ചുവെക്കാനുള്ള ഉദ്ദേശ്യത്തിൽ നിന്നാണ് ഡിഎംകെ ഈ വിഷയത്തിൽ നടപടിയെടുക്കാൻ മടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 'നിങ്ങളുടെ അഴിമതി മറച്ചുവെക്കാൻ വേണ്ടിയാണിത് ചെയ്യുന്നത്' അമിത് ഷാ അഭിപ്രായപ്പെട്ടു.
ഹിന്ദി ഒരു ദേശീയ ഭാഷയുമായും മത്സരിക്കുന്നില്ലെന്നും ഷാ പറഞ്ഞു, ഹിന്ദി ഭാഷാപരമായ ഐക്യം വളർത്തുന്നുവെന്ന തന്റെ നിലപാട് ആവർത്തിക്കുകയും ചെയ്‌തു. "ഹിന്ദി എല്ലാ ഇന്ത്യൻ ഭാഷകളുടെയും പങ്കാളിയാണ്" അദ്ദേഹം പറയുന്നു. ആർക്കും മുകളിൽ എത്തുക എന്നതിനേക്കാൾ ഒരു സഹായത്തിന്റെ പങ്കാണ് ഹിന്ദി ചെയ്യുന്നതെന്നും അമിത് ഷാ എടുത്തുപറഞ്ഞു.
ഹിന്ദി എല്ലാ ഇന്ത്യൻ ഭാഷകളെയും ശക്തിപ്പെടുത്തുന്നു, എല്ലാ ഇന്ത്യൻ ഭാഷകളും ഹിന്ദിയെ ശക്തിപ്പെടുത്തുന്നുവെന്നും ഭാഷകൾ ഒന്നായി നിൽക്കണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി കൊണ്ട് അമിത് ഷാ പറഞ്ഞു. ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തെ ശക്തിപ്പെടുത്തുന്നതിൽ ഹിന്ദിയും പ്രാദേശിക ഭാഷകളും തമ്മിലുള്ള പരസ്‌പര ബന്ധത്തെ അടിവരയിട്ടുകൊണ്ടാണ് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
'ഭാഷയുടെ പേരിൽ രാജ്യത്തെ വിഭജിക്കുന്നവരുടെ അജണ്ട നടപ്പിലാവാതിരിക്കാൻ ഞാൻ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. ഔദ്യോഗിക ഭാഷാ വകുപ്പിന് കീഴിൽ, നരേന്ദ്ര മോദി സർക്കാർ ഒരു ഇന്ത്യൻ ഭാഷാ വിഭാഗം രൂപീകരിച്ചിട്ടുണ്ട്. ഇത് തമിഴ്, തെലുങ്ക്, മറാത്തി, ഗുജറാത്തി, പഞ്ചാബി, ആസാമീസ്, ബംഗാളി തുടങ്ങി എല്ലാ ഇന്ത്യൻ ഭാഷകളുടെയും ഉപയോഗം വർധിപ്പിക്കുന്നതിനായി പ്രവർത്തിക്കും' കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.
ദക്ഷിണേന്ത്യൻ ഭാഷകളെ ബിജെപി എതിർക്കുന്നുവെന്ന പ്രചാരണത്തിനും അദ്ദേഹം മറുപടി നൽകി. 'എന്താണ് അവർ പറയുന്നത്? ഞങ്ങൾ ദക്ഷിണേന്ത്യൻ ഭാഷകളെ എതിർക്കുന്നു എന്നാണോ? ഇതെങ്ങനെ സാധ്യമാകും? ഞാൻ ഗുജറാത്തിൽ നിന്നാണ് വരുന്നത്, നിർമ്മല സീതാരാമൻ തമിഴ്‌നാട്ടിൽ നിന്നാണ്. നമുക്ക് ഇതിനെ എങ്ങനെ എതിർക്കാൻ കഴിയും?' എന്നായിരുന്നു അമിത് ഷായുടെ ചോദ്യം.
ദേശീയ വിദ്യഭ്യാസ നയവുമായി ബന്ധപ്പെട്ടാണ് അടുത്തിടെ വീണ്ടും ഭാഷാവിവാദം ഉയർന്നുവന്നത്. ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു എന്ന് കാട്ടി ത്രിഭാഷാ നയത്തെ ഡിഎംകെ സർക്കാർ എതിർക്കുകയാണ്. കേന്ദ്ര വിദ്യഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനുമായി ഈ വിഷയത്തിൽ കടുത്ത വാഗ്വാദമാണ് എംകെ സ്‌റ്റാലിനും മകൻ ഉദയനിധിയും നടത്തിയത്.












Click it and Unblock the Notifications