അവിശ്വാസ പ്രമേയവുമായി പ്രതിപക്ഷം മുന്നോട്ട്; കോണ്‍ഗ്രസിന് കത്തയച്ച് അമിത് ഷാ, ചര്‍ച്ചയ്ക്ക് തയ്യാര്‍
ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായി പ്രതിപക്ഷം മുന്നോട്ട്. പ്രധാനമന്ത്രിയെ സഭയില്‍ സംസാരിപ്പിക്കും എന്ന നിലപാടിലാണ് പ്രതിപക്ഷം. അതേസമയം കോണ്‍ഗ്രസിന് കത്ത് നല്‍കിയിരിക്കുകയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ. മണിപ്പൂരില്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നാണ് അഭ്യര്‍ത്ഥന. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ക്കാണ് കത്ത് നല്‍കിയത്.
ഇരുസഭകളിലെയും നേതാക്കളാണ് ഇവര്‍. തുടര്‍ച്ചയായ നാലാം ദിവസം മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റ് സ്തംഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രി തന്നെ നേരിട്ട് അനുനയ നീക്കത്തിന് ഇറങ്ങിയത്. പ്രതിപക്ഷത്തിന് സഹകരണത്തില്‍ താല്‍പര്യമില്ല. അവര്‍ക്ക് ദളിതുകളുടെയോ സ്ത്രീകളുടെയോ കാര്യത്തില്‍ യാതൊരു താല്‍പര്യമില്ല. അവരുടെ മുദ്രാവാക്യങ്ങള്‍ എന്തിന് വേണ്ടിയാണെന്ന് സ്പഷ്ടമാണ്. പക്ഷേ ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കള്‍ക്ക് ഞാന്‍ കത്തയച്ചിട്ടുണ്ട്.

മണിപ്പൂരില്‍ വിശദമായ ചര്‍ച്ചയ്ക്ക് ഞാന്‍ തയ്യാറാണ്. സര്‍ക്കാരിന് ഈ വിഷയത്തില്‍ ഭയമില്ല. ചര്‍ച്ചകള്‍ ആവശ്യമുള്ള ആരെയും ഞങ്ങള്‍ സ്വാഗതം ചെയ്യുമെന്നും ആഭ്യന്തര മന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കി. ഞങ്ങള്‍ക്കൊന്നും മറയ്ക്കാനില്ല. നമുക്കെല്ലാം തെരഞ്ഞെടുപ്പിനെ നേരിടാനുള്ളതാണ്. ജനങ്ങള്‍ നിങ്ങളെ കാണുന്നുണ്ട്. മണിപ്പൂരിലെ ഈ വൈകാരിക വിഷയത്തില്‍ ചര്‍ച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുകയാണ് വേണ്ടതെന്നും അമിത് ഷാ പറഞ്ഞു. ഇതേ കാര്യങ്ങള്‍ ആഭ്യന്തര മന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്.
അതേസമയം മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി സഭയില്‍ പ്രസ്താവന നടത്തില്ലെന്ന വാശിയിലാണ് കേന്ദ്ര സര്‍ക്കാര്‍. എന്‍ഡിഎയിലും പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് വഴങ്ങേണ്ടെന്നായിരുന്നു തീരുമാനം. മണിപ്പൂരില്‍ ഞങ്ങള്‍ സമാധാനം കൊണ്ടുവരും. സ്ത്രീകളുടെയും, കുട്ടികളുടെയും കണ്ണീര്‍ തുടയ്ക്കും. ഇന്ത്യയെന്ന ആശയത്തെ മണിപ്പൂരില്‍ വീണ്ടും പടുത്തുയര്‍ത്തുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതില്‍ ഇന്ത്യ സഖ്യത്തില്‍ ധാരണയായതായി റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ കോണ്‍ഗ്രസിനോട് യോജിപ്പ് അറിയിച്ചുവെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മൈക്ക് രാജ്യസഭയില്‍ ഓഫ് ചെയ്തതോടെ, എല്ലാ പാര്‍ട്ടികളും പ്രതിഷേധ സൂചകമായി ഇറങ്ങി പോയെന്നും തൃണമൂല്‍ എംപി ഡെറക് ഒബ്രയന്‍ ട്വീറ്റ് ചെയ്തു.
അതേസമയം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതോടെ പ്രധാനമന്ത്രി സഭയില്‍ സംസാരിക്കേണ്ടി വരുമെന്നാണ് സൂചന. സഭയില്‍ വിവിധ ബില്ലുകള്‍ പാസാക്കുന്നതിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി വരെ എഎപി നേതാവ് സഞ്ജയ് സിംഗിന് സസ്‌പെന്‍ഷന്‍ ലഭിച്ച വിഷയത്തില്‍ പ്രതിഷേധിച്ചിരുന്നു.












Click it and Unblock the Notifications