അംബാനി കല്യാണത്തില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍
മുംബൈ: റിലയന്‍സ് ഉടമയും ശതകോടീശ്വരനും വ്യവസായിയുമായ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹച്ചടങ്ങില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതിന് രണ്ട് പേര്‍ അറസ്റ്റില്‍. ക്ഷണമില്ലാതെ താരവിവാഹ ചടങ്ങിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് പേരെ മുംബൈയില്‍ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
പ്രതികളില്‍ ഒരാള്‍ യൂട്യൂബറായ വെങ്കിടേഷ് നരസയ്യ (26), മറ്റൊരാള്‍ വ്യവസായിയെന്ന് സ്വയം വിശേഷിപ്പിച്ച ലുകം മുഹമ്മദ് ഷാഫി ഷെയ്ഖ് (28) എന്നിവരാണെന്ന് പൊലീസ് പറഞ്ഞു. ഇരുവരും ആന്ധ്രാപ്രദേശില്‍ നിന്ന് മുംബൈയിലേക്ക് വന്നത് വിവാഹ ചടങ്ങ് കാണുന്നതിന് വേണ്ടിയാണ്. ഇരുവര്‍ക്കുമെതിരെ പ്രത്യേക കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

വിവാഹ ചടങ്ങ് നടന്ന ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെങ്കിടേഷും ലൂക്കാമും എത്തിയിരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞുനിര്‍ത്തി പൊലീസിന് കൈമാറി. അവരെ ബികെസി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ വെച്ചാണ് രണ്ട് പേര്‍ക്കുമെതിരെ അതിക്രമത്തിന് കേസെടുത്തത് എന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
രണ്ട് കേസുകളിലും നോട്ടീസ് നല്‍കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തതിന് ശേഷമാണ് പൊലീസ് ഇരുവരെയും വിട്ടയച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി ആതിഥേയത്വം വഹിച്ച അനന്ത് അംബാനിയുടെയും രാധികാ മര്‍ച്ചന്റിന്റെയും വിവാഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ആഗോള സെലിബ്രിറ്റികളും വ്യവസായ പ്രമുഖരും രാഷ്ട്രീയ പ്രമുഖരും പങ്കെടുത്തിരുന്നു.
പരമ്പരാഗത ഹിന്ദു വിവാഹ ചടങ്ങുകള്‍ പ്രകാരമായിരുന്നു വിവാഹം. വെള്ളിയാഴ്ച ആരംഭിച്ച് ശനിയാഴ്ച പുലര്‍ച്ചെ വരെ വിവാഹ ചടങ്ങുകള്‍ നീണ്ടു. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ വിവാഹത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ ആരംഭിച്ചിരുന്നു. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍, അലി ഭട്ട്, ദീപിക പദുക്കോണ്‍, രണ്‍ബീര്‍ കപൂര്‍, രണ്‍വീര്‍ സിംഗ് തുടങ്ങിയവരും ചടങ്ങിനെത്തി.
അതിഥികളുടെ വരവ് നിയന്ത്രിക്കാന്‍ മുംബൈയിലെ മഴക്കെടുതിക്കിടയിലും പൊലീസ് വേദിക്ക് ചുറ്റും ഗതാഗതം വഴിതിരിച്ചുവിട്ടു. കഴിഞ്ഞ ആഴ്ച ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, രണ്‍വീര്‍ സിംഗ്, സല്‍മാന്‍ ഖാന്‍ എന്നിവരുടെ പ്രകടനങ്ങള്‍ ഉള്‍പ്പെടുന്ന സ്റ്റേജ് പ്രോഗ്രാമും ജസ്റ്റിന്‍ ബീബറിന്റെ സംഗീത പരിപാടിയും ഉണ്ടായിരുന്നു. വിവാഹ പൂര്‍വ ആഘോഷങ്ങളില്‍ ശതകോടീശ്വരന്‍മാരായ മാര്‍ക്ക് സക്കര്‍ബര്‍ഗും ബില്‍ ഗേറ്റ്സും പങ്കെടുത്തിരുന്നു.












Click it and Unblock the Notifications