തക്കാളി വിറ്റ് കോടീശ്വരനായി കര്‍ഷകന്‍; 45 ദിവസം കൊണ്ട് തക്കാളി വിറ്റ് നേടിയത് നാല് കോടി രൂപ..!!
ഹൈദരാബാദ്: തക്കാളിയുടെ വില രാജ്യത്ത് കുതിച്ചുയരുകയാണ്. ജനങ്ങള്‍ തക്കാളി വില കൊണ്ട് പൊറുതിമുട്ടിയെങ്കിലും കര്‍ഷകര്‍ക്ക് വിലക്കയറ്റം നേട്ടമാണ് സമ്മാനിച്ചിരിക്കുന്നത്. ഇത്തരത്തില്‍ തക്കാളിക്ക് തീപിടിച്ച വിലയായത് കാരണം വെറും ഒന്നര മാസം കൊണ്ട് കോടീശ്വരരായിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ കര്‍ഷക ദമ്പതികള്‍. 45 ദിവസം കൊണ്ട് തക്കാളി വിറ്റ് ഇവര്‍ സമ്പാദിച്ചത് ഏകദേശം നാല് കോടി രൂപയാണ്.
ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ ചന്ദ്രമൗലി എന്ന തക്കാളി കര്‍ഷകനും ഭാര്യയുമാണ് തക്കാളി വിറ്റ് കോടീശ്വരന്‍മാരായത്. 45 ദിവസം കൊണ്ട് ഇവര്‍ 40,000 പെട്ടി തക്കാളിയാണ് വിറ്റഴിച്ചത്. 22 ഏക്കര്‍ കൃഷിഭൂമിയുള്ള ചന്ദ്രമൗലി ഏപ്രില്‍ ആദ്യവാരം അപൂര്‍വയിനം തക്കാളി ചെടി വിതച്ചു. വിളവ് വേഗത്തില്‍ ലഭിക്കുന്നതിന് പുതയിടല്‍, സൂക്ഷ്മ ജലസേചനം തുടങ്ങിയ നൂതന സാങ്കേതിക വിദ്യകള്‍ അദ്ദേഹം നടപ്പിലാക്കി.

ഇതിന്റെ ഫലമായി ജൂണ്‍ അവസാനത്തോടെ തക്കാളിക്ക് നല്ല വിളവ് ലഭിക്കുകയും ചെയ്തു. വിളവെടുത്ത തക്കാളി ര്‍ണാടകയിലെ കോലാര്‍ മാര്‍ക്കറ്റിലാണ് അദ്ദേഹം വിറ്റത്. ഈ സമയം 15 കിലോഗ്രാം തൂക്കമുള്ള തക്കാളിയുടെ ഒരു പെട്ടിക്ക് 1000 മുതല്‍ 1500 രൂപ വരെയായിരുന്നു വില. ഇത്തരത്തില്‍ 40000 പെട്ടി തക്കാളികള്‍ ആണ് 45 ദിവസം കൊണ്ട് ചന്ദ്രമൗലി വിറ്റഴിച്ചത്.
'ഇതുവരെ വിറ്റ തക്കാളിയില്‍ നിന്ന് എനിക്ക് 4 കോടി രൂപയാണ് ലഭിച്ചത്. എന്റെ 22 ഏക്കര്‍ സ്ഥലത്ത് ഒരു കോടി രൂപ നിക്ഷേപിച്ചാണ് തക്കാളി കൃഷി ചെയ്തത്. കമ്മീഷനും ഗതാഗത ചാര്‍ജുകളും എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. അതിനാല്‍ എനിക്ക് വിളവെടുത്ത് കഴിഞ്ഞപ്പോള്‍ ലഭിച്ച തുകയില്‍ ലാഭം 3 കോടി രൂപയാണ്,' ചന്ദ്രമൗലി പറഞ്ഞു. തക്കാളിയുടെ വില കുതിച്ചുയര്‍ന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയിലെ ഏറ്റവും വലിയ തക്കാളി മാര്‍ക്കറ്റുകളിലൊന്നായ ആന്ധ്രാപ്രദേശിലെ മദനപ്പള്ളിയില്‍ തക്കാളിയുടെ വില കുതിച്ചുയരുകയാണ്, വെള്ളിയാഴ്ച കിലോയ്ക്ക് ഒന്നാംതരം തക്കാളിയുടെ വില 200 രൂപയായി ഉയര്‍ന്നിരുന്നു. വെള്ളിയാഴ്ച തക്കാളി വാങ്ങാന്‍ വന്‍തോതില്‍ വ്യാപാരികള്‍ എത്തിയിരുന്നു. ഒന്നാം തരത്തില്‍പ്പെട്ട തക്കാളി വടക്കന്‍ നഗരങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്.
രണ്ടാഴ്ച മുമ്പ് കിലോയ്ക്ക് 120 രൂപയായിരുന്നു തക്കാളിക്ക് വില. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ തക്കാളിയുടെ ആവശ്യം വര്‍ധിച്ചതോടെ വില കിലോയ്ക്ക് 200 രൂപയായി. തക്കാളിയുടെ വില വര്‍ധനവ് ഓഗസ്റ്റ് അവസാനം വരെ തുടരുമെന്നാണ് അധികൃതര്‍ പറയുന്നത്.












Click it and Unblock the Notifications