21.16 ഏക്കര്‍ ഭൂമി 99 പൈസയ്ക്ക് ടാറ്റയ്ക്ക് അനുവദിച്ച് ആന്ധ്ര സര്‍ക്കാര്‍
അമരാവതി: വിശാഖപട്ടണത്ത് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് (ടിസിഎസ്) 21.16 ഏക്കര്‍ ഭൂമി അനുവദിക്കുന്നതിന് ആന്ധ്രാപ്രദേശ് മന്ത്രിസഭയുടെ അംഗീകാരം. 99 പൈസയുടെ പ്രതീകാത്മക പാട്ടത്തിനാണ് ആന്ധ്ര സര്‍ക്കാര്‍ ടിസിഎസിന് ഭൂമി നല്‍കിയിരിക്കുന്നത്. ഏകദേശം 12,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വികസന കേന്ദ്രത്തില്‍ ടിസിഎസ് 1,370 കോടി രൂപ നിക്ഷേപിക്കുമെന്ന് ഐടി, ഇലക്ട്രോണിക്‌സ് മന്ത്രി നര ലോകേഷ് നായിഡു പറഞ്ഞു.
റുഷികൊണ്ടയിലെ ഐടി ഹില്‍ നമ്പര്‍ 3 ലെ ഭൂമി, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി അഹമ്മദാബാദിെല സാനന്ദില്‍ തങ്ങളുടെ നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കാന്‍ ടാറ്റയോട് ആവശ്യപ്പെട്ടതും സമാനമായ ഒരു പ്രതീകാത്മക പാട്ടത്തിനായിരുന്നു. ടിസിഎസിന് ആന്ധ്രാപ്രദേശില്‍ ഒരു വലിയ വികസന കേന്ദ്രം സ്ഥാപിക്കുന്നതിനായി ലോകേഷ് കഴിഞ്ഞ ഒക്ടോബറില്‍ ടാറ്റ ഹൗസ് സന്ദര്‍ശിച്ചിരുന്നു.

വിശാഖപട്ടണത്തെ ഒരു ഐടി ഹബ്ബായി വികസിപ്പിക്കും എന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. വികസന കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള സ്ഥിരം കെട്ടിടം നിര്‍മ്മിക്കാന്‍ ടിസിഎസിന് കുറഞ്ഞത് രണ്ട് വര്‍ഷമെടുക്കുമെങ്കിലും വാടക സ്ഥലത്ത് നിന്ന് ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിശാഖപട്ടണത്തെ ഒരു ഐടി, സാങ്കേതിക കേന്ദ്രമാക്കി മാറ്റുന്നതിന്റെ തുടക്കമാണിതെന്ന് ലോകേഷ് പറഞ്ഞു.
അഞ്ച് വര്‍ഷത്തിനുള്ളില്‍ ഐടി മേഖലയില്‍ കുറഞ്ഞത് 5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. വിശാഖപട്ടണത്തേക്ക് മറ്റ് കമ്പനികളേയും സര്‍ക്കാര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ലോകത്തിലെ മൂന്നാമത്തെ വലിയ ക്ലൗഡ് ദാതാവായ ഗൂഗിള്‍ ക്ലൗഡ് വിശാഖപട്ടണത്ത് ഒരു ഡാറ്റ സിറ്റി സ്ഥാപിക്കുന്നതിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്ലിക്കേഷനുകള്‍ സ്ഥാപിക്കുന്നതിനുമായി ആന്ധ്രാ സര്‍ക്കാരുമായി അടുത്തിടെ ഒരു ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരുന്നു.
ടാറ്റ സണ്‍സ് ബോര്‍ഡ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരനുമായി കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവും കൂടിക്കാഴ്ച നടത്തി സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്തിരുന്നു. വിശാഖപട്ടണത്തെ ഒരു ഐടി ഹബ്ബായി വികസിപ്പിക്കും എന്നത് ചന്ദ്രബാബു നായിഡുവിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ നഗരത്തില്‍ കുറഞ്ഞത് 3 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.
അതേസമയം സമൂഹത്തിലെ വിവിധ ഉപജാതികളുടെ സംയോജിതവും തുല്യവുമായ പുരോഗതിക്കായി ആന്ധ്രാപ്രദേശിലെ പട്ടികജാതിക്കാര്‍ക്കിടയില്‍ ഉപവര്‍ഗ്ഗീകരണം നടപ്പിലാക്കുന്നതിനായി സാമൂഹികക്ഷേമ വകുപ്പ് അവതരിപ്പിച്ച കരട് ഓര്‍ഡിനന്‍സ് നിര്‍ദ്ദേശത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി.












Click it and Unblock the Notifications