ഇനി എത്ര കുട്ടികൾ ഉള്ളവർക്കും മത്സരിക്കാം; തദ്ദേശ തിരഞ്ഞെടുപ്പിലെ ഈ നിയന്ത്രണം എടുത്തുമാറ്റി ആന്ധ്രാപ്രദേശ്
അമരാവതി: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട കുട്ടികളുടെ എണ്ണത്തിലെ നിയന്ത്രണം നിഷ്‌കർഷിക്കുന്ന വകുപ്പ് ഒഴിവാക്കി ആന്ധ്രാപ്രദേശ് സർക്കാർ. രണ്ടിലധികം കുട്ടികളുള്ള വ്യക്തികളെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യരാക്കിയ പഴയ ചാട്ടമാണ് പൂർണമായും ഇല്ലാതാക്കിയത്. ഇത് സംബന്ധിച്ച ബില്ലുകൾ നിയമസഭ പാസാക്കിയതോടെ മൂന്ന് പതിറ്റാണ്ട് കാലത്തോളം നിലനിന്ന നിയന്ത്രണങ്ങളാണ് ഇല്ലാതാവുന്നത്.
ആന്ധ്രപ്രദേശ് പഞ്ചായത്ത് രാജ്, മുനിസിപ്പൽ നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലുകൾ നിയമസഭ തിങ്കളാഴ്‌ചയാണ് പാസാക്കിയത്. ഇതോടെ പുതിയ ഭേദഗതികൾ അനുസരിച്ച് ആവും ഇനി തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുക. അത് പ്രകാരം കുട്ടികളുടെ എണ്ണം എത്ര തന്നെ ആയാലും അത് സ്ഥാനാർത്ഥിത്വത്തിന് തടസമാവില്ല.

1994 മുതൽ സംസ്ഥാനത്ത് നിലവിലുള്ള നിയമമാണ് ഇതോടെ ഇല്ലാതാവുന്നത്. അന്നത്തെ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാരായിരുന്നു ചട്ടങ്ങൾ നടപ്പിലാക്കിയത്. ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ നിയമം സംസ്ഥാനത്ത് നടപ്പിലാക്കാൻ അന്നത്തെ സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ മുപ്പത് വർഷത്തോളമായി ഈ നിയമം മാറ്റമില്ലാതെ തുടരുകയായിരുന്നു.
രണ്ട് കുട്ടികളിൽ കൂടുതൽ ഉള്ള വ്യക്തികളെ ഗ്രാമപഞ്ചായത്തുകളിലേക്കും മണ്ഡല് പ്രജാ പരിഷത്തുകളിലേക്കും ജില്ലാ പരിഷത്തുകളിലേക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുകയായിരുന്നു ഈ നിയമം മൂലം. കൂടാതെ ചില സർക്കാർ ജോലികളിലേക്ക് കൂടി ഈ നയം പിന്നീട് വ്യാപിച്ചിരുന്നു. ഒപ്പം വിവിധ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും ഈ നിയന്ത്രണം മാനദണ്ഡമായിരുന്നു.
അടുത്തിടെ ജനസംഖ്യ വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി ചന്ദ്രബാബു നായിഡു തന്നെ ഈ നിയമം എടുത്ത് കളയുമെന്നതിന്റെ സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭ ഇത് സംബന്ധിച്ച നടപടികളിലേക്ക് കടന്നത്. വിവിധ സർവേകൾ പ്രകാരം സംസ്ഥാനത്തെ ഫെർട്ടിലിറ്റി റേറ്റ് കാര്യമായ ഇടിവിന് വിധേയമായി എന്ന് വ്യക്തമായിരുന്നു. ഇതോടെയാണ് പഴയ നിയന്ത്രണങ്ങൾ സർക്കാർ പിൻവലിക്കുന്നത്.
തുടക്കം മുതൽ രണ്ട് കുട്ടികൾ നയത്തിനോട് കടുത്ത എതിർപ്പാണ് ചന്ദ്രബാബു നായിഡു സർക്കാരും ടിഡിപിയും വച്ച് പുലർത്തുന്നത്. സംസ്ഥാനത്ത് 15 വയസിന് താഴെയുള്ള കുട്ടികളുടെ എണ്ണം വല്ലാതെ കുറയുന്നുവെന്നാണ് ടിഡിപി ഇതിന്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ട് തന്നെ നിലവിലെ നിയന്ത്രണങ്ങൾ എടുത്ത് മാറ്റിയത് സമാനമായ നടപടികളുടെ ആദ്യപടിയാവാം എന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications