എന്റെ സ്വകാര്യ ഫോട്ടോകളും ചാറ്റുകളും ഹാക്ക് ചെയ്തിട്ടുണ്ട്..ആരാണ് ചെയ്തതെന്നറിയില്ല; അങ്കിതി ബോസ്
ന്യൂഡൽഹി: സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് സിംഗപ്പുർ ആസ്ഥാനമായ സ്റ്റാർട്ടപ് കമ്പനി സിഇഒ സ്ഥാനത്തുനിന്നു പുറത്താക്കിയ ഇന്ത്യൻ വംശജ അങ്കിതി ബോസിന്റെ സ്വകാര്യ ചിത്രങ്ങളും ചാറ്റുകളും ഹാക്ക് ചെയ്തതായി പരാതി. തന്റെ വ്യാജ ചിത്രങ്ങളാണ് പ്രചരിക്കുന്നതെന്നും അവർ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് അങ്കിതിയെ കമ്പനയിൽ നിന്ന് പുറത്താക്കിയത്.
കഴിഞ്ഞ ഏഴു ദിവസമായി താൻ വളരെയധികം പ്രയാസത്തിലൂടെയാണ് കടന്നു പോകുന്നതെന്നും സംരക്ഷണം ആവശ്യപ്പെട്ട് സിംഗപ്പൂർ സർക്കാരിനെ സമീപിച്ചതായും അങ്കിതി പറഞ്ഞു. സ്വകാര്യചിത്രങ്ങളുൾപ്പെടെ വളരെ പ്രധാനപ്പെട്ട രേഖകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നതെന്നും അവർ പറഞ്ഞു.
എന്റെ സ്വകാര്യ ഫോട്ടോകൾ, ചാറ്റുകൾ, ഡോക്യുമെന്റുകൾ, റെക്കോർഡുകൾ എന്നിവ എന്റെ അനുവാദമില്ലാതെ എടുക്കുകയും എന്റെ സമ്മതമില്ലാതെ പ്രചരിക്കുകയും ചെയ്‌തിരിക്കാം, ഇപ്പോൾ ഞാൻ ഇന്റർനെറ്റിൽ അവയുടെ പതിപ്പുകൾ കണ്ടിട്ടുണ്ട്. അതൊക്കെ വ്യാജമാണ്. എങ്കിലും അത് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. ആരാണ് ഇത് ചെയ്യുന്നതെന്ന് എനിക്കറിയില്ല. ," അങ്കിതി ബോസ് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്താനും അപമാനിക്കാനും ശ്രമിക്കുന്നതുകൊണ്ടാണ് നിയമപരമായി നീങ്ങിയതെന്നും അങ്കിതി പറഞ്ഞു.
തന്റെ കൂടെ നിന്ന എല്ലാവർക്കും നന്ദി പറയുന്നതായുെ ഒരുപാട് വിദ്വേഷ മെസേജുകൾ വന്നുകൊണ്ടിരുന്നത് കൊണ്ടാണ് വിഷയത്തിൽ പ്രതികരിക്കാൻ വൈകിയതെന്നും അങ്കിതി ബോസ് പറഞ്ഞു. തന്നെ വ്യക്തിഹത്യ നടത്തിക്കൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് തെളിവുകൾ സഹിതം വൈകാതെ സംസാരിക്കുമെന്നും അങ്കിതി പറഞ്ഞു. ഇത് വരെ തനിക്ക് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും അവർ വ്യക്തമാക്കി.
ഇന്റര്‍പോളിന് പോലും തൊടാനാകാതെ വിജയ് ബാബു; പിന്നില്‍ ഉന്നതന്റെ സംരക്ഷണം?
സാമ്പത്തിക തിരുമറി നടത്തിയെന്ന ആരോപണം നിലനിൽക്കേയാണ് അങ്കിതിക്കെതിരെ സൈബർ ആക്രമണം ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
സിംഗപ്പൂരിലെ പ്രമുഖ സ്റ്റാർടപ് കമ്പനികളിൽ ഒന്നായ സിലിംഗോയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായിരുന്നു അങ്കിതി. മാർച്ച് 31നാണ് അങ്കിതിയെ സസ്പെൻഡ് ചെയ്തത്. കമ്പനി അക്കൗണ്ടിൽ ഗുരുതരമായിട്ടുള്ള സാമ്പത്തിക ക്രമക്കേടുകൾ ഇവർ നടത്തിയെന്നാരോപിച്ചായിരുന്നു ഇവരെ സസ്‌പെൻഡ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന് പിന്നാലെ ഇവരെ കമ്പനിയിൽനിന്നു പുറത്താക്കുകയും ചെയ്തു.
സാരിയില്‍ മിന്നിത്തിളങ്ങി കുടുംബവിളക്കിലെ 'വേദിക': വൈറലായി ശരണ്യയുടെ ചിത്രങ്ങള്‍
എന്നാൽ ആരോപണങ്ങളെല്ലാം നിഷേധിച്ച അങ്കിതി തന്നെക്കുറിച്ച് ലഭിച്ചെന്നു പറയുന്ന പരാതി ഇതുവരെ കണ്ടിട്ടില്ലെന്നും അറിയിച്ചിരുന്നു.
"എനിക്കെതിരെ നൽകിയ പരാതികൾ ഞാൻ ഇപ്പോഴും കണ്ടിട്ടില്ല. റിപ്പോർട്ട് എന്നെ പിരിച്ചുവിടുന്നത് ഞാൻ കണ്ടിട്ടില്ല. ഞാൻ സ്ഥാപിച്ച കമ്പനി എന്നെ ഇമെയിൽ വഴി പുറത്താക്കിയതിന്റെ അപമാനം ഞാൻ അനുഭവിച്ചു," അവർ പറഞ്ഞു.
സിംഗപ്പൂരിലെ പ്രമുഖമായ ഇ-കൊമേഴ്‌സ് സ്ഥാപനമാണ് സിലിംഗോ. വസ്ത്രവ്യാപാരികൾക്കും ഫാക്ടറികൾക്കും സാങ്കേതികവിദ്യ വിതരണം ചെയ്യുകയാണ് സിലിംഗോ ചെയ്യുന്നത്. 2015ൽ ചീഫ് ടെക്‌നോളജി ഓഫീസറായ ധ്രുവ് കപൂറുനൊപ്പമാണ് അങ്കിതി സിലിംഗോ ആരംഭിക്കുന്നത്.