ബ്രിജ് ഭൂഷണ്‍ പുറത്തേക്ക്? ഗുസ്തി അസോസിയേഷനില്‍ ജൂണ്‍ 30നുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്ന് മന്ത്രി
ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷനില്‍ ജൂണ്‍ മുപ്പതിന് മുമ്പ് തിരഞ്ഞെടുപ്പ് നടത്തുമെന്ന് കായിക മന്ത്രി അനുരാഗ് താക്കൂര്‍. ഗുസ്തി താരങ്ങള്‍ക്ക് അദ്ദേഹം ഉറപ്പ് നല്‍കുകയും ചെയ്തു. ഡല്‍ഹിയിലെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ പോലീസ് അന്വേഷണം ജൂണ്‍ പതിനഞ്ചിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ഗുസ്തി താരങ്ങളെ അറിയിച്ചു. അന്വേഷണത്തിന്റെ വിവരങ്ങള്‍ താരങ്ങളെ അറിയിക്കാമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം ഗുസ്തി താരങ്ങളുടെ സംഘടനയില്‍ നിന്ന് ബ്രിജ് ഭൂഷണ്‍ പുറത്തേക്കെന്ന സൂചന നല്‍കുന്നതാണ് മന്ത്രിയുടെ ഉറപ്പ്. തിരഞ്ഞെടുപ്പില്‍ ബ്രിജ് ഭൂഷണ്‍ മത്സരിക്കാനുള്ള സാധ്യതയും കുറവാണ്.

മണിക്കൂറുകളോളം നീണ്ട കൂടിക്കാഴ്ച്ചയാണ് ഗുസ്തി താരങ്ങളും താക്കൂറും തമ്മില്‍ നടന്നത്. പ്രതിഷേധം ശക്തമായതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇവര്‍ക്ക് മുന്നില്‍ വഴങ്ങിയത്. ബ്രിജ് ഭൂഷണ്‍ സിംഗിന്റെ അറസ്റ്റാണ് താരങ്ങള്‍ മന്ത്രിയോട് വീണ്ടും ആവശ്യപ്പെട്ടത്.
സാക്ഷി മാലിക്കും, ബജ്രംഗ് പൂനിയയും അടങ്ങുന്ന സംഘമാണ് മന്ത്രിയെ കാണാനെത്തിയത്. ' ആറ് മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ് ഗുസ്തി താരങ്ങളുമായി നടത്തിയത്. ജൂണ്‍ പതിനഞ്ചിന് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കും. ജൂണ്‍ മുപ്പതിന് സംഘടനയില്‍ തിരഞ്ഞെടുപ്പും നടത്തുമെന്നും' ഗുസ്തി താരങ്ങളെ അറിയിച്ചതായി അനുരാഗ് താക്കൂര്‍ പറഞ്ഞു.
ബ്രിജ് ഭൂഷണ്‍ വീണ്ടും മത്സരിക്കരുതെന്നാണ് ഗുസ്തി താരങ്ങളുടെ ആവശ്യം. അതേസമയം ഇക്കാര്യം മന്ത്രിയും സ്ഥിരീകരിച്ചു.
'ബ്രിജ് ഭൂഷണ്‍ മൂന്ന് ടേമുകളായി ഗുസ്തി താരങ്ങളുടെ സംഘടനയുടെ തലപ്പത്തുണ്ട്. വീണ്ടുമൊരിക്കല്‍ കൂടി അദ്ദേഹം സംഘടനയുടെ തലപ്പത്ത് എത്തില്ലെന്ന് ഉറപ്പിക്കാന്‍ താരങ്ങള്‍ ആവശ്യപ്പെട്ടതായും അനുരാഗ് താക്കൂര്‍ പറഞ്ഞു. ജൂണ്‍ പതിനഞ്ച് വരെ താരങ്ങള്‍ പ്രതിഷേധിക്കില്ലെന്നും ഉറപ്പ് തന്നതായും മന്ത്രി വ്യക്തമാക്കി. ഗുസ്തി ഫെഡറേഷനായി ആഭ്യന്തര പ്രശ്‌ന പരിഹാര സെല്‍ ആരംഭിക്കുമെന്നും, അതിന്റെ അധ്യക്ഷ ഒരു സ്ത്രീയായിരിക്കുമെന്നും' മന്ത്രി ഉറപ്പ് നല്‍കി.
'ഗുസ്തി താരങ്ങള്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കും. അവരുടെ പ്രതിഷേധം ബ്രിജ് ഭൂഷനെതിരായ റിപ്പോര്‍ട്ട് വരുന്നത് വരെ ഉണ്ടാവില്ലെന്ന് പറഞ്ഞതായും' കായിക മന്ത്രി പറഞ്ഞു. അതേസമയം സര്‍ക്കാര്‍ വാക്കുപാലിച്ചില്ലെങ്കില്‍ ജൂണ്‍ പതിനഞ്ച് മുതല്‍ സമരം പുനരാരംഭിക്കാനാണ് ഗുസ്തി താരങ്ങളുടെ തീരുമാനം.
അതേസമയം ഗുസ്തി സംഘടനയില്‍ തിരഞ്ഞെടുപ്പ് നടക്കാതിരിക്കുന്നത് നേരത്തെ തന്നെ വിവാദമായ കാര്യമാണ്. മെയ് മാസത്തില്‍ ഇക്കാര്യത്തില്‍ വിവരം തന്നിട്ടില്ലെങ്കില്‍ ഇന്ത്യയിലെ ഗുസ്തി സംഘടനയെ സസ്‌പെന്‍ഡ് ചെയ്യുമെന്നും ലോക ഗുസ്തി സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതെല്ലാം ബ്രിജ് ഭൂഷനെ മാറ്റി നിര്‍ത്താന്‍ സര്‍ക്കാരിനെ സഹായിച്ചേക്കും.












Click it and Unblock the Notifications