ഡൽഹി മുഖ്യമന്ത്രിയുടെ വസതിയിലെ ആക്രമണം: 'എട്ട് പേർ അറസ്റ്റിൽ, ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ട് '
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിലേക്ക് ആക്രമണം നടത്തിയ സംഭവത്തിൽ എട്ട് പേർ അറസ്റ്റിൽ. കേസിൽ ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ആറ് സംഘങ്ങളായി തിരിഞ്ഞാണ് പലയിടങ്ങളിലായി പൊലീസ് റെയ്ഡ് നടത്തുന്നത്. മുഖ്യമന്ത്രിയുടെ വീട് സമീപത്തായുള്ള സിസിടിവി ക്യാമറകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും വസതിക്ക് ചുറ്റുമുള്ള സുരക്ഷാവേലി തകർത്തതായും റിപ്പോർട്ടുകളുണ്ട്.
കശ്മീർ ഫയൽസ് എന്ന ചിത്രത്തെ അരവിന്ദ് കെജ്‌രിവാള്‍ വ്യാജമെന്ന് വിശേഷിപ്പിച്ചിരുന്നു. ഈ പരാമർശത്തിനെതിരെ നടന്ന മാർച്ച് അക്രമാസക്തമാകുകയായിരുന്നു. ബിജെപി എംപി തേജസ്വി സൂര്യയുടെ നേതൃത്വത്തില്‍ ഐപി കോളേജില്‍ നിന്നാണ് കെജ്‌രിവാളിന്റെ വസതിയിലേക്ക് പ്രകടനം ആരംഭിച്ചത്. എന്നാൽ വസതിക്ക് സമീപമെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറികടന്നു. കെജ്‌രിവാളിന്റെ വസതിയുടെ മുൻവശത്തുള്ള ഗേറ്റ് അടിച്ചു തകര്‍ത്തു. രാജ്യത്തെ ഹിന്ദുക്കളെയാണ് കെജ്‌രിവാള്‍ അപമാനിച്ചതെന്നും സംഭവത്തിൽ മാപ്പ് പറയണമെന്നും തേജസ്വി പറഞ്ഞു. അരവിന്ദ് കെജ്‌രിവാള്‍ മാപ്പ് പറയുന്നതു വരെ അദ്ദേഹത്തെ വെറുതെ വിടില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേ സമയം ബിജെപിക്കെതിരെ ആരോപണവുമായി ആംആദ്മി നേതാക്കള്‍ രംഗത്തെത്തി. തെരഞ്ഞെടുപ്പിൽ ആംആദ്മിയെ പരാജയപ്പെടുത്താൻ സാധിക്കാത്തതിനാൽ അദ്ദേഹത്തെ കൊലപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹത്തെ കൊലപ്പെടുത്താനുള്ള മുൻകൂർ പദ്ധതിയുടെ ഭാഗമായുള്ള സംഭവമാണ് നടന്നതെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു.

ആംആദ്മി പഞ്ചാബിൽ നേടിയ വിജയവും ബിജെപിയുടെ പരാജയവും ഈ ശ്രമത്തിന് പിന്നിലുണ്ട്. ബിജെപി ഗുണ്ടകളെയാണ് പൊലീസ് മുഖ്യമന്ത്രി വസതിയിലേക്ക് തുറന്നുവിട്ടത്. പൊലീസിന്റെ ബോധപൂർവമായ ശ്രമമായിരുന്നു ഇതെന്നും സിസോദിയ ആരോപിച്ചു. ഇത് മുന്നിൽ കണ്ടുകൊണ്ടാണ് സിസിടിവികള്‍ നശിപ്പിക്കപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു. അതേ സമയം
കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ കെജ്‌രിവാള്‍ പരിഹസിക്കുകയാണെന്ന് ബിജെപി ആരോപിക്കുന്നു.

1990കളില്‍ കശ്മീർ താഴ്‌വരയില്‍ നിന്ന് പണ്ഡിറ്റുകളുടെ കൂട്ട പലായനവും അവർ അനുഭവിച്ച ക്രൂരതകളുമാണ് കശ്മീര്‍ ഫയല്‍സ് എന്ന സിനിമയില്‍ ചിത്രീകരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. കശ്മീര്‍ ഫയല്‍സ് സിനിമക്ക് ബിജെപി ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് നികുതി ഇളവുകള്‍ ലഭിച്ചിരുന്നു. ബിജെപി ഭരിക്കുന്ന ഉത്തര്‍ പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, കര്‍ണാടക, ത്രിപുര, ഗോവ എന്നീ സംസ്ഥാനങ്ങള്‍ കശ്മീര്‍ ഫയല്‍സ് എന്ന ചിത്രം നികുതി രഹിതമായി പ്രദര്‍ശിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി സിനിമയുടെ അണിയറ പ്രവര്‍ത്തകരെ നേരില്‍ കണ്ട് അഭിനന്ദനം അറിയിച്ചിരുന്നു. ഈ മാസം പതിനൊന്നിനാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. അനുപം ഖേര്‍, മിഥുന്‍ ചക്രവര്‍ത്തി, പല്ലവി ജോഷി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേസമയം കശ്മീരി ഫയല്‍സ് സിനിമയ്ക്ക് നല്‍കുന്ന അമിത പിന്തുണയ്‌ക്കെതിരെ വിമർശനവും ഉയർന്നിരുന്നു.












Click it and Unblock the Notifications