ജയിലില്‍ നിന്ന് അരവിന്ദ് കെജ്രിവാളിന്റെ പ്രത്യേക സന്ദേശം: സുനിത കെജ്രിവാളിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി
ന്യൂഡൽഹി: മദ്യനയക്കേസിൽ ഇഡി അറസ്റ്റിലായതിന് ശേഷമുള്ള ആദ്യ ഉത്തരവ് പുറപ്പെടുവിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. മുഖ്യമന്ത്രിയുടെ നിർദേശം അദ്ദേഹത്തിന്റെ ഭാര്യ സുനിത കെജ്രിവാളാണ് പുറത്തുവിട്ടത്. 'സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരണം. ബി ജെ പി പ്രവര്‍ത്തകരോട് വെറുപ്പ് പാടില്ല. അവര്‍ നമ്മുടെ സഹോദരീ സഹോദരന്മാരാണ്. രാജ്യത്തിന് അകത്തും പുറത്തുമുള്ള ശക്തികള്‍ ഇന്ത്യയെ ദുര്‍ബലപ്പെടുത്തുകയാണ്' എന്നായിരുന്നു കെജിവാളിന്റെ സന്ദേശം.
ഇത്തരം ശക്തികളെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്താന്‍ ജാഗരൂകരാകണം. ഒരു ജയിലിനും എന്നെ അധികകാലം അഴിക്കുള്ളിലാക്കാന്‍ കഴിയില്ല. ഞാന്‍ ഉടന്‍ പുറത്ത് വന്ന് നല്‍കിയ ഉറപ്പുകള്‍ പാലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇതിനെതിരായി രൂക്ഷ വിമർശനമാണ് ബി ജെ പി നടത്തുന്നത്. അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന ആവശ്യവും അവർ ശക്തമാക്കുന്നു. എന്നാല്‍ അദ്ദേഹം ജയിലിൽ നിന്ന് സർക്കാരിനെ നയിക്കുമെന്ന നിലപാടിലാണ് എ എ പി.

നിർദേശം പുറത്ത് വന്നതിന് പിന്നാലെ കെജ്രിവാളിനെ പ്രശംസിച്ചുകൊണ്ട് എ എ പി നേതാവും മന്ത്രിയുമായ അതിഷി രംഗത്ത് വന്നു. "ഇത്തരമൊരു സാഹചര്യത്തിൽ പോലും അദ്ദേഹം തന്നെക്കുറിച്ചല്ല, ഡൽഹിയിലെ ജനങ്ങളെയും അവരുടെ പ്രശ്‌നങ്ങളെയും കുറിച്ചാണ് ചിന്തിക്കുന്നത്," അതിഷി പറഞ്ഞു.
എന്നാല്‍ അരവിന്ദ് കെജ്രിവാളിൻ്റെ ഭാര്യ സുനിത കെജ്രിവാളിനെതിരേയും ബി ജെ പി ആക്രമണം ശക്തമാക്കി. മുഖ്യമന്ത്രിയുടെ സന്ദേശം പുറത്തുവിട്ട വിഷയത്തിലാണ് ഭാര്യ സുനിത കെജ്‌രിവാളിനെതിരെ അദ്ദേഹം വിമർശനം ഉന്നയിച്ചത്. "സുനിത കെജ്‌രിവാൾ ഇന്നലെ മുഖ്യമന്ത്രിയുടെ കസേരയിൽ ഇരുന്നു ഒരു അഭിമുഖം നൽകി, അവർക്ക് അതില്‍ ഒരു നാണക്കേടും തോന്നിയില്ല...ഇഡിയും സിബിഐയും നല്ല രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് രാജ്യത്ത് ഒരു ചർച്ച നടക്കുന്നു. 2014ന് മുമ്പ് ഇഡിയും സിബിഐയും ഇതുപോലെ പ്രവർത്തിച്ചിരുന്നില്ല. കാരണം 2014-ന് മുമ്പ് കോൺഗ്രസ് സർക്കാർ ഏജൻസികൾക്ക് ആ അധികാരം നൽകിയില്ല, കാരണം പാർട്ടിയിലാകെയുള്ള അഴിമതി സംരക്ഷിക്കേണ്ടതുണ്ടായിരുന്നു...2014-ന് ശേഷം സർക്കാർ മാറി. നരേന്ദ്ര മോദി പുതിയ റെക്കോർഡ് സ്ഥാപിച്ചു. അത് ഏത് ഏജൻസിയായാലും അവർക്ക് സ്വതന്ത്രം നൽകി "അദ്ദേഹം കൂട്ടിച്ചേർത്തു.
സുനിത കെജ്രിവാളിന് വേദനയോടെ സംസാരിക്കേണ്ടി വന്നതിന് പിന്നില്‍ അരവിന്ദ് കെജ്‌രിവാളാണ് ഉത്തരവാദിയെന്നായിരുന്നു ഡല്‍ഹി ബി ജെ പി പ്രസിഡന്റ് വിരേന്ദ്ര സച്ച്‌ദേവ അഭിപ്രായപ്പെട്ടത്. കെജ്‌രിവാള്‍ സര്‍ക്കാര്‍ സംവിധാനങ്ങളും വീടും കാറും സുരക്ഷാസംവിധാനങ്ങളും സ്വീകരിക്കുന്ന സമയത്ത് അവര്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു. ഇതൊന്നും സ്വീകരിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നേരത്തേയുള്ള പ്രഖ്യാപനമെന്നും വിരേന്ദ്ര സച്ച്‌ദേവ പറഞ്ഞു.












Click it and Unblock the Notifications