അസാദുദ്ദീന്‍ ഒവൈസി കോണ്‍ഗ്രസ് പാളയത്തിലേക്ക്..... രാഹുല്‍ ഗാന്ധിക്ക് പിന്തുണ!!
ദില്ലി: കോണ്‍ഗ്രസ് മതേതര പാര്‍ട്ടികളുടെ പട്ടിക പുതുക്കാനൊരുങ്ങുന്നു. ചില പാര്‍ട്ടികളെ ഇത്തരം വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പുറത്താക്കിയത് പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഇത്തരം നീക്കത്തിനൊരുങ്ങുന്നത്. അതേസമയം രാഹുല്‍ ഗാന്ധിയില്‍ ഇതിനുള്ള നിര്‍ദേശങ്ങളും ലഭിച്ചിട്ടുണ്ട്. ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദ് ഉല്‍ മുസ്ലീമിന്‍ അധ്യക്ഷന്‍ അസാദുദ്ദീന്‍ ഒവൈസിയാണ് രാഹുല്‍ ലക്ഷ്യമിടുന്നത്.
ഹിന്ദു വോട്ടുകളില്‍ കൂടുതലായി കോണ്‍ഗ്രസ് ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍ പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുബാങ്കായ മുസ്ലീങ്ങളെ ഒപ്പം നിര്‍ത്താനാണ് രാഹുല്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. നേരത്തെ ഒവൈസിയെ എതിര്‍ത്തപ്പോഴൊക്കെ വലിയ തിരിച്ചടി കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. കോണ്‍ഗ്രസിന്റെ തന്നെ മുതിര്‍ന്ന നേതാക്കള്‍ പല കാരണങ്ങള്‍ പറഞ്ഞാണ് ഒവൈസിയെ ഒഴിവാക്കിയിരുന്നത്. എന്നാല്‍ ബിജെപിയാണ് മുഖ്യശത്രുവെന്നും, അവരെ വീഴ്ത്താന്‍ പുതിയ കക്ഷികളെ കൊണ്ടുവരണമെന്നുമാണ് രാഹുലിന്റെ നിര്‍ദേശം.

തെലങ്കാനയിലെ തിരിച്ചടി
കോണ്‍ഗ്രസ് വമ്പന്‍ പ്രചാരണമാണ് ഇത്തവണ തെലങ്കാനയില്‍ നടത്തിയത്. ഒവൈസി തീവ്രവാദിയാണെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടിയെ ഒപ്പം നിര്‍ത്താനാവില്ലെന്നുമാണ് കോണ്‍ഗ്രസ് നേരത്തെ തന്നെ അറിയിച്ചത്. രാഹുല്‍ ഗാന്ധി കടുത്ത ആരോപണങ്ങള്‍ അദ്ദേഹത്തിനെതിരെ ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസ് വലിയ തകര്‍ച്ചയാണ് ഇവിടെ നേരിട്ടത്. കെ ചന്ദ്രശേഖര റാവുവിനൊപ്പം ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിട്ട ഒവൈസിക്ക് കാര്യമായ നേട്ടമുണ്ടാകുകയും ചെയ്തു. ദേശീയ തലത്തിലേക്ക് നീങ്ങാനും ഇത് ഒവൈസിയെ സഹായിച്ചു.

രാഹുലിന് മനംമാറ്റം
ഗുലാം നബി ആസാദിനെ പോലുള്ള നേതാക്കള്‍ ഒവൈസിയെ ഒപ്പം കൂട്ടുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ ആന്റണിയെ പോലുള്ളവര്‍ ഇതിന് അനുകൂലമായിരുന്നു. മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും ഒവൈസിക്ക് പിന്തുണ ശക്തമായി വരുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി സഖ്യത്തെ കുറിച്ച് മാറി ചിന്തിക്കുന്നത്. ഒവൈസി വന്നാല്‍ യുപിയില്‍ വന്‍ നേട്ടമുണ്ടാക്കാനാവുമെന്നാണ് വിലയിരുത്തല്‍. രാഹുലിനെ ഹിന്ദു നേതാവായി ഉയര്‍ത്തി കാണിക്കുമ്പോള്‍ മുസ്ലീം വോട്ട് ചോര്‍ന്ന് പോകരുതെന്ന് പാര്‍ട്ടി ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്.

ഒവൈസിയുടെ പിന്തുണ
ഒവൈസി അപ്രതീക്ഷിതമായി രാഹുല്‍ ഗാന്ധിയെ പിന്തുണച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് ഇങ്ങോട്ട് ലഭിച്ച ഓഫറാണിത്. മഹാരാഷ്ട്രയില്‍ എന്‍സിപിയെ കൂടാതെ മറ്റൊരു സഖ്യം കൂടി കോണ്‍ഗ്രസിനെ തേടി വന്നിരിക്കുകയാണ്. രാഹുലിനെയും കോണ്‍ഗ്രസിനെയും താന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കുമെന്നാണ് ഒവൈസി പ്രഖ്യാപിച്ചിരിക്കുന്നത്. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന് വലിയ നേട്ടമാണ് ഒവൈസിയുടെ പിന്തുണയിലൂടെ ലഭിച്ചിരിക്കുന്നത്.

നേട്ടം എങ്ങനെ
മഹാരാഷ്ട്രയിലും ബീഹാറിലും ഇത്തവണ മത്സരിക്കുമെന്ന് ഒവൈസി പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ കര്‍ഷകരും മുസ്ലീങ്ങളും ഒരുപോലെ പിന്തുണയ്ക്കുന്ന നേതാവാണ് ഒവൈസി. എട്ട് സീറ്റുകളില്‍ വരെ അവര്‍ക്ക് സ്വാധീനമുണ്ട്. ഇവിടെ നിന്ന് ലോക്‌സഭാ അംഗങ്ങളും പാര്‍ട്ടിക്കൊപ്പമുണ്ട്. സോലാപൂര്‍ പോലുള്ള കര്‍ഷക മേഖലകളില്‍ കോണ്‍ഗ്രസ് അതിശക്തമാണ്. ഇവിടെ ഒവൈസിയുടെ പിന്തുണ ലഭിച്ചാല്‍ വിജയം ഉറപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. തദ്ദേശതിരഞ്ഞെടുപ്പിലെ തിരിച്ചടിയും ഇതുവഴി മറികടക്കാനാവും.

ഒരേയൊരു നിബന്ധന
ഒവൈസി ഒരേയൊരു നിബന്ധനയാണ് രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ വെച്ചത്. പ്രകാശ് അംബേദ്ക്കറുടെ ബരിപ് ബഹുജന്‍ മഹാസംഘിന് അര്‍ഹമായ സീറ്റുകള്‍ നല്‍കണമെന്നാണ് ഒവൈസിയുടെ ആവശ്യം. മഹാരാഷ്ട്രയില്‍ ഒവൈസി പ്രകാശ് അംബേദ്ക്കറുമായി സഖ്യമുണ്ടാക്കിയിരുന്നു. ഇത്തവണ അംബേദ്ക്കറുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയിരുന്നു. ഇവര്‍ക്ക് നാല് സീറ്റുകള്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഒവൈസി കോണ്‍ഗ്രസുമായി സഖ്യമാവാമെന്ന് പറഞ്ഞത് തന്നെ പ്രകാശ് അംബേദ്ക്കറിന്റെ സാന്നിധ്യം കൊണ്ടാണ്.

രാഹുലിന് എതിര്‍പ്പുണ്ടോ?
രാഹുലിന് തന്നെ സഖ്യത്തിന്റെ ഭാഗമാക്കുന്നതില്‍ ഏന്തെങ്കിലും എതിര്‍പ്പുണ്ടോ എന്ന് ഒവൈസി ചോദിച്ചിട്ടുണ്ട്. എന്നാല്‍ പ്രകാശ് അംബേദ്ക്കറെ ഒവൈസിയുമായി സംസാരിക്കാന്‍ രാഹുല്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്‍സിപി തുടക്കത്തില്‍ വലിയ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നുവെങ്കിലും രാഹുലിന്റെ ആവശ്യത്തിന് ഇവരും വഴങ്ങിയിട്ടുണ്ട്. അതേസമയം തന്റെ പാര്‍ട്ടിക്ക് പകരം പ്രകാശ് അംബേദ്ക്കറുടെ പാര്‍ട്ടിക്ക് സീറ്റ് നല്‍കിയാല്‍ മതിയെന്നും അദ്ദേഹം സൂചിപ്പിച്ചു. ഒവൈസിയുടെ പിന്തുണയോടെ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ അംബേദ്ക്കറുടെ പാര്‍ട്ടിക്ക് വേണ്ടി മത്സരിക്കാനാണ് ഒരുങ്ങുന്നത്.

കോണ്‍ഗ്രസ് തിരിച്ചുവരും
ഒവൈസിയുടെ പിന്തുണയുണ്ടെങ്കില്‍ കോണ്‍ഗ്രസ് വന്‍ നേട്ടം സ്വന്തമാക്കുമെന്ന് ഉറപ്പാണ്. ബീഹാറില്‍ മഹാസഖ്യത്തിന്റെ ഭാഗമാവാനുള്ള തയ്യാറെടുപ്പും അദ്ദേഹം നടത്തുന്നുണ്ട്. അതേസമയം രാഹുല്‍ ഗാന്ധിയും ഒവൈസിയും തമ്മില്‍ വേദി പങ്കിടില്ലെന്ന് വ്യക്തമാണ്. ബിജെപി ഇത് പ്രചാരണ വിഷയമാക്കുമെന്നാണ് രാഹുല്‍ അറിയിച്ചത്. തെലങ്കാനയിലും സഖ്യമുണ്ടാവില്ല. കെസിആറുമായിട്ടാണ് ഇവിടെ സഖ്യം. പക്ഷേ അദ്ദേഹത്തിന്റെ മൂന്നാം മുന്നണിയില്‍ ഒവൈസി ചേരില്ലെന്ന് അറിയിച്ചിരിക്കുകയാണ്. ഒവൈസിയെ സഖ്യത്തിന്റെ ഭാഗമാക്കാന്‍ അശോക് ചവാനുമായി രാഹുല്‍ ചര്‍ച്ചകളും നടത്തും.












Click it and Unblock the Notifications