കനത്ത സുരക്ഷയിൽ ലഖിംപൂർ ഖേരിയിൽ എത്തി ആശിഷ് മിശ്ര; വോട്ട് ചെയ്ത് മടങ്ങി
ലഖ്നൗ; കനത്ത സുരക്ഷയിൽ ലഖിംപൂർ ഖേരി നിയമസഭ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി കർഷക കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്ര. പോലീസ്, അർദ്ധ സൈനിക വിഭാഗം എന്നിവരുടെ കനത്ത സുരക്ഷയിലാണ് മിശ്ര വോട്ട് ചെയ്യാനെത്തിയത്. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് ആശിഷ് മിശ്ര ജയിൽ മോചിതനായത്. കേസിൽ മിശ്രയയുടെ ജാമ്യത്തിനെതിരെ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
നാലാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന മണ്ഡലമാണ് ലഖിംപൂർ. കഴിഞ്ഞ വർഷം വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ മന്ത്രിയുടെ വാഹന വ്യൂഹം ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തോടെയാണ് ലഖിംപൂർ ദേശീയ ശ്രദ്ധ ആകർഷിച്ചത്.
ഒക്ടോബർ മൂന്നിന് നടന്ന സംഭവത്തിൽ നാല് കർഷകരും ഒരു മാധ്യമപ്രവർത്തകനുമാണ് കൊല്ലപ്പെട്ടത്. ഏറെ പ്രതിഷേധങ്ങൾക്കൊടുവിലായിരുന്നു കേസിൽ ആശിഷ് മിശ്രയയെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം ബി ജെ പിയെ കടുത്ത പ്രതിസന്ധിയിലാണ് കൊണ്ടെത്തിച്ചത്. ഇത്തവണ ശക്തമായ ബഹുകോണ മത്സരത്തിനാണ് ലഖിംപൂർ സീറ്റ് സാക്ഷ്യം വഹിക്കുന്നത്.
ബി ജെ പിക്ക് വേണ്ടി സിറ്റിംഗ് എം എൽ എയായ യോഗേഷ് വർമയാണ് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നത്. പി ഉത്കർഷ് വെർമയ്ക്കാണ് സമാജ്വാദി പാർട്ടി സീറ്റ് നൽകിയത്. പ്രാദേശിക നേതാവായ മോഹൻ ബാജ്പേയാണ് ബി എസ് പിയുടെ സ്ഥാനാർത്ഥി. കോൺഗ്രസിന് വേണ്ടി രവിശങ്കർ ത്രിവേദയും മത്സരിക്കുന്നു.എ ഐ എം ഐ എമ്മിന്റെ ഉസ്മാൻ സിദ്ദിഖിയും ആം ആദ്മി പാർട്ടിയിൽ ഖുഷി കിന്നറുമാണ് മറ്റ് സ്ഥാനാർത്ഥികൾ.
ലഖിംപൂർ ജില്ലയിൽ എട്ട് അസംബ്ലി മണ്ഡലങ്ങളാണ് ഉൾപ്പെടുന്നത്. അക്രമം അരങ്ങേറിയ ടികുനിയ ഗ്രാമം ഉൾപ്പെടുന്ന നിഘസൻ, പല്ലിയ കലൻ, ഗോല ഗോകർനാഥ്, ദുരഹ്‌റ, മുഹമ്മദി, ശ്രീനഗർ, ലഖിംപൂർ സദർ, കസ്ത എന്നിവയാണ് മണ്ഡലങ്ങൾ. 2017 ൽ ഈ എട്ട് മണ്ഡലങ്ങളിലും ബി ജെ പിയായിരുന്നു വിജയിച്ചത്. എന്നാൽ ലഖിംപൂർ ഖേരിയിലെ കർഷക പ്രതിഷേധം ഇത്തവണ ബി ജെ പിക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം ബി ജെ പിക്കെതിരായ കർഷക രോഷം വോട്ടാക്കിമാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് ഇവിടെ പ്രതിപക്ഷം. കർഷകർക്കിടയിൽ സ്വാധീനമുള്ള ആർ എൽ ഡിയുമായി സഖ്യത്തിൽ മത്സരിക്കുന്ന സമാജ്വാദി പാർട്ടിയും പ്രതീക്ഷയോടെയാണ് ലഖിംപൂർ ജില്ലയെ ഉറ്റുനോക്കുന്നത്. അതിനിടെ സമാജ്വാദി പാർട്ടിക്ക് ബൂസ്റ്റ് നൽകി തിരഞ്ഞെടുപ്പിൽ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് കര്‍ഷക സംഘടനയായ രാഷ്ട്രീയ കിസാന്‍ മഞ്ച്. പിന്തുണ അറിയിച്ച് കൊണ്ട് സംഘടനയുടെ ദേശീയ അധ്യക്ഷൻ ശേഖർ ദീക്ഷിത് അഖിലേഷ് യാദവിന് കത്തയച്ചു.
ഭരണകക്ഷിയായ ബിജെപി കർഷകരുടെ ക്ഷേമത്തിനായി ഒന്നും ചെയ്യുന്നില്ലെന്നും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നതിനെ കുറിച്ച് മാത്രം സംസാരിക്കുന്നത് ദൗർഭാഗ്യകരമാണെന്നും ദീക്ഷിത് കത്തിൽ പറഞ്ഞു. ജനങ്ങൾക്കിടയിൽ മതഭ്രാന്ത് സൃഷ്ടിച്ച് അധികാരം തിരിച്ചുപിടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഈസ്റ്റ് ഇന്ത്യ കമ്പനിയെപ്പോലെയാണ് ഭരണകക്ഷി പെരുമാറുന്നതെന്നും ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് പിന്തുടരുന്നതെന്നും അദ്ദേഹം ആരോപിച്ചു.കർഷകരുടെയും യുവാക്കളുടെയും അഭിവൃദ്ധി ലക്ഷ്യം വെച്ചാണ് സമാജ്വാദി പാർട്ടിയെ പിന്തുണയ്ക്കാൻ തിരുമാനിച്ചത്. കഴിഞ്ഞ കാലങ്ങളിലും കർഷകർക്ക് പ്രയോജനകരമായ നിരവധി പ്രവർത്തനങ്ങൾ എസ്പി നടപ്പാക്കിയിട്ടുണ്ട്. വരും കാലങ്ങളിൽ സർക്കാർ രൂപീകരിച്ചാൽ ഈ പ്രവർത്തനങ്ങൾ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications