അശോക് ഖേംക ഐഎഎസിന് വീണ്ടും സ്ഥലം മാറ്റം; കരിയറിലെ 55-ാമത്തെ ട്രാന്‍സ്ഫര്‍
ചണ്ഡീഗഢ്: ഹരിയാനയിലെ മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥനായ അശോക് ഖേംകയ്ക്ക് വീണ്ടും ട്രാന്‍സ്ഫര്‍. 30 വര്‍ഷത്തെ കരിയറിനിടെ ഇത് 55-ാം തവണയാണ് അശോക് ഖേംകയ്ക്ക് ട്രാന്‍സ്ഫര്‍ ലഭിക്കുന്നത്. ഏറ്റവുമൊടുവില്‍ പുരാവസ്തു വകുപ്പിലേക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറിയായാണ് അശോക് ഖേംകയെ മാറ്റിയത്.
പുരാവസ്തു വകുപ്പില്‍ 1990 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ ഡോ രാജ ശേഖര്‍ വുന്ദ്രുവിന് പകരമാണ് അശോക് ഖേംക എത്തുന്നത്. 1991 ബാച്ച് ഐ എ എസ് ഓഫീസറായ അശോക് ഖേംകയെ 2021 ഒക്ടോബറില്‍ പുരാവസ്തു, ആര്‍ക്കിയോളജി, മ്യൂസിയം ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് മാറ്റിയിരുന്നു. പിന്നീട് ശാസ്ത്ര സാങ്കേതിക വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി അദ്ദേഹത്തെ നിയമിച്ചു.

2022 ഫെബ്രുവരിയില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. ഇതിനൊപ്പം ശാസ്ത്ര സാങ്കേതിക വകുപ്പിലും അദ്ദേഹം തുടര്‍ന്നു. അതേസമയം തിങ്കളാഴ്ച പുറപ്പെടുവിച്ച സ്ഥലം മാറ്റ ഉത്തരവിന് പിന്നിലെ കാരണങ്ങളൊന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. അശോക് ഖേംകയ്‌ക്കൊപ്പം മറ്റ് നാല് ഹരിയാന സിവില്‍ സര്‍വീസസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിട്ടുണ്ട്.
റഡൗറിലെ സബ് ഡിവിഷണല്‍ ഓഫീസര്‍ മാനവ് മാലികിനെ സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് ബോര്‍ഡില്‍ അന്വേഷണ ഓഫീസറായാണ് നിയമിച്ചിരിക്കുന്നത്. ടൂറിസം ജോയിന്റ് ഡയറക്ടര്‍ അമിത് കുമാറിനെ റഡൗര്‍ സബ് ഡിവിഷണല്‍ ഓഫീസറായി നിയമിച്ചു.
അതേസമയം നേരത്തെ ശാസ്ത്ര സാങ്കേതിക വകുപ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ ലയിപ്പിച്ചതിനെത്തുടര്‍ന്ന് തനിക്ക് വേണ്ടത്ര ജോലിയില്ലെന്ന് കാണിച്ച് ഹരിയാന ചീഫ് സെക്രട്ടറി സര്‍വേഷ് കൗശലിന് അശോക് ഖേംക കത്തെഴുതിയിരുന്നു. 2012-ല്‍ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയുമായി ബന്ധപ്പെട്ട ഗുരുഗ്രാം ഭൂമി ഇടപാടിന്റെ ഉടമസ്ഥവകാശം കൈമാറ്റം ചെയ്യുന്നത് റദ്ദാക്കിയതോടയാണ് അശോക് ഖേംക ശ്രദ്ധേയനാകുന്നത്.
പലപ്പോഴും അപ്രധാന വകുപ്പുകളില്‍ അശോക് ഖേംകയെ നിയമിച്ചിട്ടുണ്ട്. കണക്കുകള്‍ പ്രകാരം ശരാശരി ഓരോ ആറുമാസത്തിലും അദ്ദേഹം ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്നു എന്നാണ് വിവരം. അതേസമയം അശോക് ഖേംകയെ സംസ്ഥാന പുരാവസ്തു വകുപ്പില്‍ നിയമിക്കുന്നത് ഇതില്‍ നാലാം തവണയാണ്.
മൂന്ന് തവണയും ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലുള്ളപ്പോഴായിരുന്നു. 2013 ല്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴാണ് ഖേംകയെ ആദ്യമായി പുരാവസ്തു വകുപ്പിലേക്ക് മാറ്റിയത്.












Click it and Unblock the Notifications