Get Updates
Get notified of breaking news, exclusive insights, and must-see stories!

ആത്മനിര്‍ഭര്‍ ഭാരത്: തൊഴിലുറപ്പിന് 40000 കോടി, വിദ്യാര്‍ത്ഥികള്‍ക്ക് 12 ചാനലുകള്‍,വായ്പാപരിധി കൂട്ടി

ദില്ലി: ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പാക്കേജിന്‍റെ അഞ്ചാംഘട്ടത്തിലെ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. തൊഴിലുറപ്പ്, ആരോഗ്യം, വിദ്യഭ്യാസം, വാണിജ്യം, കമ്പനി നിയമങ്ങള്‍, വ്യവസായത്തിനുള്ള നടപടികള്‍ ക്രമീകരിക്കല്‍, പൊതുമേഖല സ്ഥാപനങ്ങളിലെ പരിഷ്കരണം, സംസ്ഥാനങ്ങളുടെ വരുമാനം തുടങ്ങിയ 7 മേഖലകളിലാണ് ഇന്നെ പ്രഖ്യാപനത്തിലുണ്ടായത്.

തൊഴിലുറപ്പ്

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 40000 കോടി രൂപ അധികമായി അനുവദിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച 69000 കോടിക്ക് പുറമെയാണ് ഇത്. 300 കോടി തൊഴില്‍ ദിനങ്ങള്‍ ഇത് വഴി അധികമായി സൃഷ്ടിക്കും. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഈ നടപടികള്‍കൊണ്ട് സാധിക്കുമെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. തൊഴില്‍ നഷ്ടപ്പെട്ട തിരിച്ചെത്തുന്ന കുടിയേറ്റ തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. മണ്‍സൂണ്‍ കാലത്തും തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കും.

ആരോഗ്യം

പൊതുജനാരോഗ്യ മേഖലയില്‍ കൂടുതല്‍ ചെലവഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കി. നഗര-ഗ്രാമീണ മേഖലകളിലെ ആരോഗ്യ രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തും. എല്ലാ ജില്ലകളിലും പകര്‍ച്ച വ്യാധി പ്രതിരോധ ആശുപത്രികള്‍ വരും. ജില്ലാ-ബ്ലോക്ക് തലങ്ങളില്‍ മെഡിക്കല്‍ ലാബുകള്‍ സ്ഥാപിക്കും. ഐസിഎംആറിന്റെ ഗവേഷണങ്ങള്‍ ശക്തിപ്പെടുത്തും. ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ നടപ്പാക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

nirmala

വിദ്യാഭ്യാസം

രാജ്യത്തെ ഓണ്‍ലൈന്‍ വിദ്യഭ്യാസത്തിന് മുന്‍ഗണന നല്‍കും. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് 12 ചാനലുകള്‍ തുടങ്ങുമെന്നും സ്വയംപ്രഭാ ഡിടിഎച്ച് സംവിധാനം ആരംഭിക്കുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. ഒന്നുമുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി ഓരോ ടിവി ചാനല്‍ തുടങ്ങും. ഓരോ ക്സാസിനും പ്രത്യേകം ചാനലുകളാവും ഉണ്ടാവുക. പ്രധാനമന്ത്രി ഇ വിദ്യാ പദ്ധതി പ്രകാരം ക്യു ആർ കോഡ് വഴി സ്കാൻ ചെയ്താൽ പാഠ പുസ്തകങ്ങൾ കിട്ടുന്നതടക്കമുള്ള ദിക്ഷ പദ്ധതി നിലവില്‍ വരുമെന്നും ധമന്ത്രി പറഞ്ഞു.

റേഡിയോ, കമ്മ്യൂണിറ്റി റേഡിയോ, പോഡ്കാസ്റ്റുകൾ എന്നിവ പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തി പുറത്തിറക്കും. 100 സര്‍വകലാശാലകളില്‍ മെയ് 30 മുതല്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ തുടങ്ങാം. മറ്റ് നടപടിക്രമങ്ങളുടെ നൂലാമാലകളൊന്നും ഇതിന് ഉണ്ടായിരിക്കില്ല. ഇന്റര്‍നെറ്റ് ഇല്ലാത്തവര്‍ക്കും ഇ ലേണിങ് ലഭ്യമാകും. ഇ പാഠശാലയില്‍ 200 പുസ്തകങ്ങള്‍ കൂടി ചേര്‍ത്തതായും ധനമന്ത്രി അറിയിച്ചു.

കടമെടുപ്പ് പരിധി ഉയര്‍ത്തി

സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. നിലവിലെ മൂന്ന് ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനത്തിലേക്കാണ് കടമെടുപ്പ് പരിധി ഉയര്‍ത്തിയത്. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ പാക്കേജിന്‍റെ അഞ്ചാംഘട്ട പ്രഖ്യാപനത്തിലാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കിയത്. കേരളം ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങള്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന കാര്യമാണ് സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ഉയര്‍ത്തുക എന്നത്.

ഉപാധികളോടെയാണ് സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി കേന്ദ്രം ഉയര്‍ത്തിയത്. എന്തിനാണ് കടമെടുക്കുന്നത് എന്ന് സംസ്ഥാനങ്ങള്‍ വ്യക്തമാക്കേണ്ടി വരും. ചില പ്രത്യേകമേഖലകൾക്കായി മാത്രമേ അധികമായി എടുക്കുന്ന പണം ഉപയോഗിക്കാവൂ. തൊഴിൽ വര്‍ധിപ്പിക്കല്‍, ഭക്ഷ്യധാന്യം വിതരണം ചെയ്യൽ, ഊർജമേഖല, ആരോഗ്യ-ശുചിത്വ മേഖല, കുടിയേറ്റത്തൊഴിലാളികളുടെ ക്ഷേമം, എന്നീ മേഖലകളിലായിരിക്കണം പണം ഉപയോഗിക്കേണ്ടത്. മൂന്നര ശതമാനത്തിന് മുകളിലുള്ള കടമെടുപ്പിന് മാത്രമാണ് ഈ ഉപാധികള്‍ ബാധകമാവുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+