ആത്മനിര്‍ഭര്‍ ഭാരത്; ഇന്ത്യന്‍ സുരക്ഷാസേനയില്‍ തദ്ദേശീയ ഇനം നായ്ക്കളെ പ്രോത്സാഹിപ്പിക്കാന്‍ ബിഎസ്എഫ്
പുരാതനകാലം മുതല്‍ ഇന്ത്യന്‍ ചരിത്രത്തിലും സംസ്‌കാരത്തിലും, എന്തിനേറെ പുരാണത്തില്‍ പോലും നായ്ക്കള്‍ക്ക് സവിശേഷമായ സ്ഥാനമുണ്ട്. ഇന്ത്യന്‍ സൈന്യത്തില്‍ ഉള്‍പ്പെടെ നായ്ക്കള്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. യുദ്ധഭൂമിയില്‍ ധൈര്യത്തിന്റെയും വിശ്വസ്തതയുടെയും പ്രതീകങ്ങളാണ് തദ്ദേശീയ ഇനം ഇന്ത്യന്‍ നായ്ക്കള്‍.
ഈ സാഹചര്യത്തില്‍ അതിര്‍ത്തി സുരക്ഷാ സേനയായ ബിഎസ്എഫ് തദ്ദേശീയ ഇനം ഇന്ത്യന്‍ നായ്ക്കളെ പ്രോത്സാഹിപ്പിക്കാനുള്ള ഉദ്യമത്തിലാണ്. തദ്ദേശീയ നായ്ക്കളെ ദേശീയ സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ നായ്ക്കളെ കെ9 യൂണിറ്റുകളില്‍ ഉള്‍പ്പെടുത്തി ചരിത്രപരമായ ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് ബിഎസ്എഫ്.
ആത്മനിര്‍ഭര്‍ ഭാരത് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പിന്തുണയ്ക്കുന്നതാണ് ഈ ഉദ്യമം. പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള റാംപൂര്‍ ഹൗണ്ട്, കര്‍ണാടകയില്‍ നിന്നുള്ള മുധോള്‍ ഹൗണ്ട് എന്നിവ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ തദ്ദേശീയ ഇനം നായ്ക്കളെ കെ9 യൂണിറ്റില്‍ ഉള്‍പ്പെടുത്തി. വൈവിധ്യമാര്‍ന്ന ഭൂപ്രദേശങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ ശേഷിയുള്ളവയാണ് ഈ നായ്ക്കള്‍. രോഗങ്ങള്‍ക്കെതിരെ മികച്ച പ്രതിരോധശേഷിയും ഇവയ്ക്കുണ്ട്.

2018 ജനുവരിയില്‍ പ്രധാനമന്ത്രി മോദി ടെകാന്‍പൂരിലെ ദേശീയ നായ പരിശീലന കേന്ദ്രം (National Training Centre for Dogs) സന്ദര്‍ശിച്ചപ്പോഴാണ് സുരക്ഷാ സേനയില്‍ ഇന്ത്യന്‍ നായ്ക്കളെ ഉള്‍പ്പെടുത്തി അവയെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഉദ്‌ബോധിപ്പിച്ചത്. 2020 ഓഗസ്റ്റ് 30ന് നടന്ന മന്‍ കി ബാത്ത് പ്രഭാഷണത്തിലും പ്രധാനമന്ത്രി തദ്ദേശീയ ഇനം നായ്ക്കളെ പ്രോത്സാഹിപ്പിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ബിഎസ്എഫിനെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ നായ്ക്കളെ പ്രോത്സാഹിപ്പിക്കാന്‍ പ്രചോദനമേകുന്നതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.
ഇന്ന് 150-ലധികം ഇന്ത്യന്‍ ഇനം നായ്ക്കളാണ് രാജ്യത്ത് ഏറ്റവും വെല്ലുവിളി നിറഞ്ഞ അതിര്‍ത്തി പ്രദേശങ്ങളിലും നക്‌സലൈറ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ചടുലതയോടെ സേവനമനുഷ്ഠിക്കുന്നത്.
ഒരു കാലത്ത് റാംപൂരിലെ നവാബുമാര്‍ വേട്ടയാടലിനായി വളര്‍ത്തിയിരുന്ന തദ്ദേശീയ ഇനം നായ്ക്കള്‍ ആണ് റാംപൂര്‍ ഹൗണ്ട്. അസാധാരണമായ വേഗതയ്ക്കും കരുത്തിനും വിശ്വസ്തതയ്ക്കും പേരു കേട്ടതാണ് ഈ ഇനം നായ്ക്കള്‍. അതേസമയം ഡെക്കാന്‍ പീഠഭൂമിയില്‍ നിന്നുള്ളതാണ് മുധോള്‍ ഹൗണ്ട് (Mudhol Hound). ഇവ മാറാത്ത യോദ്ധാക്കളുടെ വിശ്വസ്തരായിരുന്നു. സൂക്ഷ്മമായ നിരീക്ഷണത്തിനും ജാഗ്രതയ്ക്കും വിശ്വസ്തതയ്ക്കും പേരുകേട്ടതാണ് ഈ ഇനം നായ്ക്കള്‍.
കഴിഞ്ഞ വര്‍ഷം ലക്‌നോവില്‍ നടന്ന അഖിലേന്ത്യ പൊലീസ് ഡ്യൂട്ടി മീറ്റില്‍ റിയ എന്ന മുധോള്‍ ഹൗണ്ട് നായ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. 116 വിദേശ ഇനം നായ്ക്കളെ മറികടന്നാണ് മീറ്റിലെ ഏറ്റവും മികച്ച നായയായി റിയ തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ നായ്ക്കളുടെ മികവ് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു നേട്ടമായിരുന്നു ഇത്.

ഇത്തരം നായ്ക്കള്‍ മെലിഞ്ഞതും കരുത്തുറ്റതും രോഗപ്രതിരോധ ശേഷിയും ഉള്ളതാണെന്ന് വണ്‍ ഇന്ത്യയോടു സംസാരിക്കവേ ബിഎസ്എഫ് ഡിഐജി (വെറ്റ്) ഡോക്ടര്‍ ഗോപേഷ് നാഗ് പറഞ്ഞു. ഇവയുടെ പരിശീലനത്തിന് നിരന്തരമായ മനുഷ്യ ഇടപെടല്‍ ആവശ്യമാണ്. ആക്രമണത്തിനും മണം പിടിക്കാനും ഇവയെ സജ്ജമാക്കാന്‍ സാധാരണ മൂന്ന് തലമുറകള്‍ സമയമെടുക്കും. ഇവയുടെ പ്രജനനം ഒരു പ്രശ്‌നവും സൃഷ്ടിച്ചിട്ടില്ലെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തിലെ ഏകതാ നഗറില്‍ നടക്കാനിരിക്കുന്ന ഏകതാ ദിവസ് പരേഡില്‍, ബിഎസ്എഫിലെ ഇന്ത്യന്‍ ഇനത്തില്‍പ്പെട്ട നായ്ക്കളുടെ സംഘം മാര്‍ച്ച് ചെയ്യും. ഇന്ത്യയുടെ സ്വാശ്രയത്വവും ആത്മവിശ്വാസവും കൈമുതലാക്കിയ കെ9 സേനയുടെ ശക്തമായ പ്രതീകമാണ് ഇന്ത്യന്‍ ഇനം നായ്ക്കള്‍. മാതൃരാജ്യത്തെ സംരക്ഷിക്കുന്ന ഈ വിശ്വസ്തരായ കാവല്‍ക്കാരുടെ ഓരോ ചുവടുവയ്പ്പിലും ആത്മനിര്‍ഭര്‍ ഭാരതിന്റെ ആത്മാവുണ്ട്. നിര്‍ഭയരും രാഷ്ട്രസേവനത്തിനായി സമര്‍പ്പിതരുമാണ് ഈ നായ്ക്കള്‍.












Click it and Unblock the Notifications