'ജനാധിപത്യത്തിനു നേരെയുള്ള ആക്രമണം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി'; രാഹുൽ ഗാന്ധി കൊളംബിയയിൽ
ന്യൂയോർക്ക്: വിദേശമണ്ണിൽ വച്ച് സംസാരിക്കവെ ഭരണകക്ഷിയായ ബിജെപി ഇന്ത്യയുടെ ജനാധിപത്യ ഘടനയെ ഇല്ലാതാക്കുകയാണെന്ന് വീണ്ടും ആരോപിച്ച് പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി. കൊളംബിയയിലെ ഇഐഎ സർവകലാശാലയിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കവെയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വീണ്ടും ബിജെപിക്കെതിരെ കടുത്ത വിമർശനവുമായി രംഗത്ത് വന്നത്.
ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യം, സാങ്കേതിക ശക്തി, ആരോഗ്യ സംരക്ഷണ സംവിധാനം എന്നിവ കാരണം താൻ ഇന്ത്യയെക്കുറിച്ച് വളരെ ശുഭാപ്‌തി വിശ്വാസം പുലർത്തുന്നുവെന്ന് രാഹുൽ ആശയവിനിമയത്തിനിടെ പറഞ്ഞു. എന്നാൽ, രാജ്യം ഗുരുതരമായ അപകടസാധ്യതകൾ നേരിടുന്നുവെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്‌തിട്ടുണ്ട്.

'ഇന്ത്യയിൽ ജനാധിപത്യത്തിനെതിരെ നടക്കുന്ന ആക്രമണമാണ് ഏറ്റവും വലിയ അപകടസാധ്യത. ഇന്ത്യ യഥാർത്ഥത്തിൽ എല്ലാ ജനങ്ങളുടെയും ഇടമാണ്... വ്യത്യസ്‌ത പാരമ്പര്യങ്ങൾ, മതങ്ങൾ, ആശയങ്ങൾ എന്നിവയ്ക്ക് ഇടം ആവശ്യമാണ്. ആ ഇടം സൃഷ്‌ടിക്കാനുള്ള ഏറ്റവും നല്ല മാർഗം ജനാധിപത്യ സംവിധാനമാണ്. നിലവിൽ,ഈ സംവിധാനത്തിനെതിരെ മൊത്തത്തിലുള്ള ആക്രമണം നടക്കുന്നുണ്ട്. അതിനാൽ അത് ഒരു അപകടമാണ്' എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ.
ചൈനയുടെ രീതികളെ നിശിതമായി വിമർശിച്ച രാഹുൽ ഇന്ത്യയ്ക്ക് ഒരിക്കലും അതുപോലെ ആവാൻ കഴിയില്ലെന്നും വ്യക്തമാക്കി. 'ചൈന ചെയ്യുന്നത് പോലെ നമുക്ക് ചെയ്യാൻ കഴിയില്ല, അത് ആളുകളെ അടിച്ചമർത്തി ഒരു സ്വേച്ഛാധിപത്യ സംവിധാനം നടത്തുക എന്നതാണ്. നമ്മുടെ ജനാധിപത്യ രൂപകൽപ്പന അത് അംഗീകരിക്കില്ല' അദ്ദേഹം പറഞ്ഞു.
'1.4 ബില്യൺ ജനങ്ങളുള്ള ഇന്ത്യയ്ക്ക് വളരെയധികം സാധ്യതകളുണ്ട്. എന്നാൽ ഇന്ത്യയ്ക്ക് ചൈനയിൽ നിന്ന് തികച്ചും വ്യത്യസ്‌തമായ ഒരു സംവിധാനമാണുള്ളത്. ചൈന വളരെ കേന്ദ്രീകൃതവും ഏകീകൃതവുമാണ്. ഇന്ത്യ വികേന്ദ്രീകൃതമാണ്, ഒന്നിലധികം ഭാഷകളും സംസ്‌കാരങ്ങളും പാരമ്പര്യങ്ങളും മതങ്ങളും ഉണ്ട്. ഇന്ത്യയ്ക്ക് വളരെ സങ്കീർണ്ണമായ ഒരു സംവിധാനമുണ്ട്' രാഹുൽ പറയുന്നു.
'ഇന്ത്യയിൽ സാമ്പത്തിക വളർച്ചയുണ്ടായിട്ടും, സേവനാധിഷ്‌ഠിത സമ്പദ്‌വ്യവസ്ഥയായതിനാലും ഉൽപ്പാദനം നടത്താൻ കഴിയാത്തതിനാലും നമുക്ക് തൊഴിലവസരങ്ങൾ നൽകാൻ കഴിയുന്നില്ല. അമേരിക്കയിൽ, ട്രംപുമായി ധ്രുവീകരിക്കപ്പെട്ടവരിൽ ഭൂരിഭാഗവും നിർമ്മാണ മേഖലയിൽ ജോലി നഷ്‌ടപ്പെട്ടവരാണ്' രാഹുൽ കൊളംബിയ സർവകലാശാലയിൽ വച്ച് സംസാരിക്കവെ പറഞ്ഞു.
അതേസമയം, രാഹുലിന്റെ പരാമർശം ബിജെപി നേതാക്കളിൽ നിന്നുള്ള കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. 'വീണ്ടും രാഹുൽ ഗാന്ധി പ്രചാരണ നേതാവിനെ പോലെ പെരുമാറുകയാണ്. വിദേശത്തേക്ക് പോയി ഇന്ത്യൻ ജനാധിപത്യത്തെ ആക്രമിക്കുന്നു! എല്ലാത്തിനുമുപരി, അദ്ദേഹം ഇന്ത്യൻ ഭരണകൂടത്തിനെതിരെ പോരാടാൻ ആഗ്രഹിക്കുന്നു! ചിലപ്പോൾ യുഎസും യുകെയും നമ്മുടെ കാര്യങ്ങളിൽ ഇടപെടണമെന്ന് ആവശ്യപ്പെടുന്നു' ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല പറഞ്ഞു.
ബിജെപി എംപി കങ്കണ റാവത്തും രാഹുലിനെതിരെ ആഞ്ഞടിച്ചു. 'അയാൾ അപമാനിക്കുകയാണ്. രാജ്യത്തെ വിമർശിച്ചുകൊണ്ട് എല്ലായിടത്തും അദ്ദേഹം രാജ്യത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് എല്ലാവർക്കും അറിയാം. ഇവിടുത്തെ ആളുകൾ വഴക്കുണ്ടാക്കുന്നവരാണെന്നും അവർ സത്യസന്ധരല്ലെന്നും അദ്ദേഹം പറയുകയാണെങ്കിൽ, ഇന്ത്യക്കാർ ബുദ്ധിശൂന്യരാണെന്ന് ഇതിലൂടെ അദ്ദേഹം കാണിക്കാൻ ശ്രമിക്കുകയാണ്' കങ്കണ വിമർശിച്ചു.












Click it and Unblock the Notifications