നിറങ്ങളിൽ മുങ്ങി അയോധ്യ; 25 ലക്ഷം ചെരാതുകൾ തെളിഞ്ഞു, ഒപ്പം ഈ രണ്ട് ഗിന്നസ് റെക്കോർഡുകളും സ്വന്തം
അയോധ്യ: രാമക്ഷേത്ര നിർമ്മാണം പൂർത്തിയായ ശേഷം ആദ്യമായെത്തുന്ന ദീപാവലി അതിഗംഭീരമായി കൊണ്ടാടി അയോധ്യ നഗരം. രാം ലല്ലയുടെ പ്രതിഷ്‌ഠ പൂർത്തിയായ ശേഷം ആദ്യമെത്തുന്ന ദീപാവലി അക്ഷരാർത്ഥത്തിൽ അയോധ്യ നിവാസികൾ ആഘോഷ പൂർണമാക്കുകയായിരുന്നു. ചരിത്രപരമായ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ ആയിരക്കണക്കിന് ഭക്തരാണ് അയോധ്യയിലേക്ക് നിർബാധം പ്രവഹിച്ചത്.
നഗരം മുഴുവൻ നിറങ്ങളിൽ മുങ്ങിയ കാഴ്‌ചയായിരുന്നു കാണാൻ കഴിഞ്ഞത്. ഇതിനിടയിൽ ചരിത്രം കുറിച്ചുകൊണ്ട് രണ്ട് ഗിന്നസ് റെക്കോർഡുകളും ഇന്നത്തെ ദിനം അയോധ്യയുടെ പേരിൽ എഴുതി ചേർക്കപ്പെട്ടു. ഉത്തർപ്രദേശ് ടൂറിസം വകുപ്പും അയോധ്യ ജില്ലാ ഭരണകൂടവും ഒരുമിച്ച് നിന്ന് നടത്തിയ ആഘോഷ പരിപാടികൾക്കാണ് രണ്ട് ഗിന്നസ് ലോക റെക്കോർഡുകൾ നേടാനായത്.

ചെരാതുകളുടെ ഏറ്റവും വലിയ പ്രദർശനത്തിന്റെ റെക്കോർഡ് തകർത്തുകൊണ്ടാണ് അയോധ്യ നഗരം ആദ്യ റെക്കോർഡ് സ്ഥാപിച്ചത്, ഏകദേശം 2,512,585 ചെരാതുകൾ സരയൂ നദിയുടെ തീരത്ത് ഒരേസമയം പ്രകാശിപ്പിച്ചു. അയോധ്യയിലെ ദീപോത്സവത്തിന്റെ മാറ്റ് ഉയർത്തിക്കൊണ്ടാണ് ഒരേസമയം ഇത്രയധികം വിളക്കുകൾ തെളിഞ്ഞത്.
ഇതിനിടെ 1121 പേർ ചേർന്ന് വലിയ ആരതിയിൽ പങ്കെടുത്തു. ഇതും മറ്റൊരു റെക്കോർഡായി മാറിയിരിക്കുകയാണ്. ഇത്രയധികം ആളുകൾ ആദ്യമായാണ് ഒരുമിച്ച് ആരതി ചടങ്ങുകൾ പങ്കെടുത്തത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗിന്നസ് ലോക റെക്കോർഡ് അധികൃതരിൽ നിന്ന് സർട്ടിഫിക്കറ്റുകൾ കൈപ്പറ്റുകയായിരുന്നു.
കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്, ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് എന്നിവർ ചടങ്ങുകൾക്ക് സാക്ഷിയായി, നഗരത്തിൽ പരിപാടികളും ചടങ്ങുകളും കാണാൻ എത്തിയ ആയിരക്കണക്കിന് ഭക്തർക്ക് കാഴ്‌ചയുടെ വിസ്‌മയം ഒരുക്കി ആകാശത്ത് കരിമരുന്ന് പ്രയോഗവും നടക്കുകയുണ്ടായി. പ്രാണ പ്രതിഷ്‌ഠ ചടങ്ങുകൾക്ക് ശേഷമുള്ള ആദ്യത്തെ ദീപാവലി ആഘോഷമായത് കൊണ്ട് തന്നെ ഇത്തവണ ഒട്ടേറെ പ്രത്യേകതകളുണ്ടായിരുന്നു.
സരയു നദിക്കരയിൽ വലിയ രീതിയിലുള്ള ലേസർ ഷോകളും നടത്തിയിരുന്നു. ഇതും ആസ്വാദകർക്ക് പുതിയ അനുഭവമാണ് ഉണ്ടാക്കിയത്. കൂടാതെ രാമലീലയുടെ കഥ ശബ്‌ദ രൂപത്തിലും ഇവിടെ കേൾപ്പിക്കുന്നുണ്ടായിരുന്നു. ഇതും ഭക്തർക്ക് നല്ല അനുഭവം നൽകുന്ന കാര്യമായിരുന്നു. സരയു നദിക്കരയിൽ തന്നെയായിരുന്നു കാഴ്‌ചക്കാർ തടിച്ചുകൂടിയത്.
സംസ്ഥാന ഇൻഫർമേഷൻ ആൻഡ് ടൂറിസം വകുപ്പുകൾ രൂപകൽപന ചെയ്‌ത ടാബ്ലോകളും ഇവിടെ സ്ഥാപിച്ചിരുന്നു. കൂടാതെ ധാരാളം കലാപരിപാടികളും ആഘോഷങ്ങൾക്ക് മികവേകാനായി ഇവിടെ ഒരുക്കിയിരുന്നു. മ്യാന്‍മര്‍, നേപ്പാള്‍, തായ്‌ലന്‍ഡ്, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ള കലാകാരന്മാർ അണിനിരന്ന പരിപാടികളും ഇവിടെ അവതരിക്കപ്പെട്ടു.












Click it and Unblock the Notifications