അയോധ്യ പ്രതിഷ്ഠ ദിനം; 22 ന് കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ച വരെ അവധി
ഡൽഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനമായ 22 ന് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് പകുതി ദിവസം അവധി പ്രഖ്യാപിച്ചു. വിശ്വാസികളുടെ വികാരം പരിഗണിച്ചാണ് തീരുമാനമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് പ്രതികരിച്ചു.
'അയോധ്യയിലെ രാംലല്ല പ്രാൺ പ്രതിഷ്ഠ ചടങ്ങ് ജനുവരി 22-ന് ഇന്ത്യയിലുടനീളം വലിയ രീതിയിലാണ് ആഘോഷിക്കുക. ജീവനക്കാരെ ആഘോഷങ്ങളിൽ പങ്കെടുപ്പിക്കുന്നതിനായി ഇന്ത്യയിലെ എല്ലാ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലും ഉച്ചയ്ക്ക് 2.30 വരെ അവധിയായിരിക്കും', സർക്കാർ പത്രക്കുറിപ്പിൽ പറഞ്ഞു.

പ്രതിഷ്ഠ ദിനമായ ജനുവരി 22ന് രാജ്യത്തെ എല്ലാ കോടതികൾക്കും അവധി നൽകണമെന്ന ആവശ്യവുമായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. 'രാജ്യത്തുള്ള ദശലക്ഷക്കണക്കിന് ആളുകളെ സംബന്ധിച്ച് ഈ ചടങ്ങ് വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. അവധി നൽകിയാൽ രാജ്യത്തെങ്ങുമുള്ള ജഡ്ജിമാർക്കും അഭിഭാഷകർക്കും കോടതി ജീവനക്കാർക്കുമെല്ലാം പ്രതിഷ്ഠ ചടങ്ങിലും അതോടനുബന്ധിച്ചുള്ള പരിപാടികളിലും പങ്കെടുക്കാൻ സാധിക്കും', എന്നായിരുന്നു കത്തിൽ വ്യക്തമാക്കിയത്.
അതേസമയം പ്രതിഷ്ഠാ ദിനത്തിൽ യുപി സർക്കാർ സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അന്ന് ഡ്രൈ ഡേ ആയിരിക്കുമെന്നും എല്ലാ മദ്യവില്പന കേന്ദ്രങ്ങളും അന്ന് അടച്ചിടണമെന്നും സർക്കാർ നേരത്തെ അറിയിച്ചിട്ടുണ്ട്. 22ന് നടക്കുന്നത് രാമോത്സവമാണെന്നും ദീപാവലി പോലെ എല്ലാവരും പ്രതിഷ്ഠാ ദിനം ആഘോഷിക്കണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.
വിപുലമായ ആഘോഷങ്ങളാണ് രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്നത്. ക്ഷേത്ര ഉദ്ഘാടനത്തിന് രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി 7000 അതിഥികളെയാണ് ക്ഷണിച്ചിരിക്കുന്നത്. സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച മൂന്ന് ചീഫ് ജസ്റ്റിസുമാർ, കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ വിരമിച്ച മേധാവികൾ, മുൻ അംബാസഡർമാർ, ഉന്നത ഉദ്യോഗസ്ഥർ,പ്രധാന സ്ഥാനങ്ങൾ ഐ പി എസ് ഉദ്യോഗസ്ഥർ എന്നിവരും ക്ഷണിക്കപ്പെട്ടവരുടെ പട്ടികയിൽ ഉണ്ട്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളിൽ നിന്നുന്ന നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും സോണിയ ഗാന്ധി അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
ഉച്ചയ്ക്ക് 12.20നാണ് പ്രാണ്‍ പ്രതിഷ്ഠാച്ചടങ്ങ് ആരംഭിക്കുക. 121 ആചാര്യന്മാരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടത്തുക. ഉച്ചയ്ക്ക് 12.20 മുതൽ 1 മണി വരെയാണ് ചടങ്ങുകൾ. വ്യാഴാഴ്ച പുലർച്ചയോടെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ശ്രീരാമ വിഗ്രഹം എത്തിച്ചു. മൈസുരുവില്‍ നിന്നുള്ള ശില്‍പിയായ അരുണ്‍ യോഗിരാജ് ആണ് വിഗ്രഹം കൊത്തിയെടുത്തത്.












Click it and Unblock the Notifications