രാമക്ഷേത്ര ഉദ്ഘാടന സംപ്രേഷണം തമിഴ്‌നാട്ടില്‍ നിരോധിച്ചെന്ന് നിര്‍മല സീതാരാമന്‍: നിഷേധിച്ച് ഡിഎംകെ
ചെന്നൈ: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ തത്സമയ സംപ്രേഷണം തമിഴ്‌നാട്ടില്‍ നിരോധിച്ചിരിക്കുകയാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. സ്റ്റാലിന്‍ സര്‍ക്കാരാണ് ഇതിന് പിന്നിലെന്നും നിര്‍മല ആരോപിച്ചു. രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ ചടങ്ങുകള്‍ നടത്തുന്നതില്‍ നിന്ന് ക്ഷേത്രങ്ങളെ സംസ്ഥാന പോലീസും തടയുന്നുവെന്നും നിര്‍മല ആരോപിച്ചു.
അതേസമയം ധനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് സര്‍ക്കാര്‍ രംഗത്തെത്തി. സേലത്ത് നടക്കുന്ന ഡിഎംകെയുടെ യൂത്ത് കോണ്‍ഫറന്‍സില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങള്‍ മാത്രമാണ് ബിജെപി നടത്തുന്നതെന്നും ഡിഎംകെ പറഞ്ഞു. തമിഴ്‌നാട്ടില്‍ ശ്രീരാമന് വേണ്ടി ഇരുന്നൂറില്‍ അധികം ക്ഷേത്രങ്ങളുണ്ട്.എന്നാല്‍ ഇവിടങ്ങളില്‍ ശ്രീരാമന് വേണ്ടി പൂജകളോ, അന്നദാനമോ, ഭജനകളോ, പ്രസാദങ്ങളോ അനുവദിക്കുന്നില്ലെന്നും നിര്‍മല ആരോപിക്കുന്നു.

പോലീസ് ക്ഷേത്ര സംഘാടകരെ ഭയപ്പെടുത്തുകയാണ്. ക്ഷേത്രങ്ങളില്‍ കെട്ടിയിരിക്കുന്ന പന്തലുകള്‍ വലിച്ചുകീറുമെന്നാണ് ഭീഷണി. ഇത്തരം ഹിന്ദു വിരുദ്ധ, വിദ്വേഷ നടപടികളെ ശക്തമായി അപലപിക്കുന്നതായും നിര്‍മല സീതാരാമന്‍ ട്വീറ്റ് ചെയ്തു.
അതേസമയം തമിഴ്‌നാട് സര്‍ക്കാര്‍ അനൗദ്യോഗികമായി ക്രമസമാധാന പ്രശ്‌നങ്ങളുണ്ടെന്ന് കാണിച്ചാണ് ഇതിന് തത്സമയ സംപ്രേഷണത്തെ നിരോധിച്ചിരിക്കുന്നത്. തീര്‍ത്തും വ്യാജമായ വാദമാണിതെന്നും നിര്‍മല പറഞ്ഞു.
തമിഴ്‌നാടില്‍ അയോധ്യ വിധിയുടെ സമയത്ത് പോലും ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടപ്പോള്‍ പോലും അത്തരമൊരു പ്രശ്‌നമില്ലായിരുന്നു. രാജ്യത്തെവിടെയും ആ പ്രശ്‌നം കണ്ടില്ല. തമിഴ്‌നാട്ടില്‍ ശ്രീരാമന് വേണ്ടി പ്രാര്‍ത്ഥിക്കാനും ക്ഷേത്ര ഉദ്ഘാടനത്തിന്റെ ഭാഗമാകാനുള്ള ജനങ്ങളുടെ ആഗ്രഹത്തെ ഹിന്ദു വിരുദ്ധരായ ഡിഎംകെ തകര്‍ത്തിരിക്കുകയാണെന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ധനമന്ത്രിയുടെ വാദങ്ങളെ ഡിഎംകെ തള്ളി. പരാമര്‍ശത്തെ അപലപിക്കുന്നതായും മന്ത്രി പികെ ശേഖര്‍ പറഞ്ഞു. വ്യാജമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. ജനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണിത്. ദേവസ്വം ബോര്‍ഡ് ഒരു നിയന്ത്രണവും കൊണ്ടുവന്നിട്ടില്ല. ഭക്തര്‍ക്ക് അന്നദാനം നടത്തുന്നതിനോ, പൂജകള്‍ ശ്രീരാമന്റെ പേരില്‍ നടത്തുന്നതിനോ യാതൊരു നിയന്ത്രണവുമില്ല. ധനമന്ത്രിയെ പോലുള്ളവര്‍ മനപ്പൂര്‍വം ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications