അയോധ്യ വിധി; നിര്‍ണായക കേസില്‍ വാദംകേട്ടത് അഞ്ചംഗ ഭരണഘടനാ ബെഞ്ച്; ജഡ്ജിമാര്‍ ഇവരാണ്
ദില്ലി: അയോധ്യ കേസില്‍ രാജ്യം നിര്‍ണായക വിധി കാത്തിരിക്കുന്നു. ഫൈസാബാദ് കോടതിയും അലഹാബാദ് ഹൈക്കോടതിയും കടന്നാണ് കേസ് സുപ്രീംകോടതിയില്‍ എത്തിയത്. നിര്‍ണായ കേസ് ആയതുകൊണ്ടുതന്നെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചാണ് പരിഗണിക്കുന്നത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ചില്‍ നിയുക്ത ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് അബ്ദുല്‍ നസീര്‍ എന്നിവരാണുള്ളത്. നവംബര്‍ 17നാണ് ചീഫ് ജസ്റ്റിസ് വിരമിക്കുന്നത്. അതിന് മുമ്പ് അയോധ്യ കേസില്‍ വിധി വരുമെന്നാണ് നേരത്തെയുണ്ടായിരുന്ന വിവരം. എന്നാല്‍ വെള്ളിയാഴ്ച വൈകീട്ട് ഒമ്പതുമണിയോടെയാണ്, ശനിയാഴ്ച 10.30ന് വിധി വരുമെന്ന് സുപ്രീംകോടതിയില്‍ നിന്ന് അറിയിപ്പുണ്ടായത്. അവധി ഒഴിവാക്കിയാണ് സുപ്രീംകോടതി വിധി പ്രസ്താവം നടത്തുന്നത്.
അസം സ്വദേശിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. മഹാരാഷ്ട്ര സ്വദേശിയാണ് എസ്എ ബോബ്‌ഡെ. ഏറെ കാലം ചീഫ് ജസ്റ്റിസ് ആയിരുന്ന വൈവി ചന്ദ്രചൂഡിന്റെ മകനാണ് ഡിവൈ ചന്ദ്രചൂഡ്. ഉത്തര്‍ പ്രദേശ് സ്വദേശിയാണ് അശോക് ഭൂഷണ്‍, കര്‍ണാടക സ്വദേശിയാണ് അബ്ദുല്‍ നസീര്‍.
വിധി വരുമെന്ന് മുന്‍കൂട്ടി കണ്ട് ഉത്തര്‍ പ്രദേശില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നു. അയോധ്യയിലും ഉത്തര്‍ പ്രദേശിലെ മിക്ക നഗരങ്ങളിലും വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. നിരോധനാജ്ഞ നിലനില്‍ക്കുയാണ് മിക്ക നഗരങ്ങളിലും. സോഷ്യല്‍ മീഡിയ നിരീക്ഷണം പോലീസ് ശക്തമാക്കി. സ്‌കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും യുപിയില്‍ പ്രവര്‍ത്തിക്കുന്നില്ല. ഏത് സാഹചര്യവും നേരിടാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. വിധി പറയുന്ന സുപ്രീംകോടതി ബെഞ്ചിലെ ജഡ്ജിമാരുടെ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.
ബാബറി മസ്ജിദ് നിലനിന്നിരുന്ന അയോധ്യയിലെ 2.77 ഏക്കര്‍ ഭൂമിയിയിലാണ് തര്‍ക്കം. നിര്‍മോഹി അഖാര, രാംലല്ല, സുന്നി വഖഫ് ബോര്‍ഡ് എന്നിവരാണ് കേസിലെ പ്രധാന കക്ഷികള്‍. അലഹാബാദ് ഹൈക്കോടതി തര്‍ക്ക ഭൂമി മൂന്നാക്കി വീതിച്ച് 2010ല്‍ വിധി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ സമര്‍പ്പിക്കപ്പെട്ട അപ്പീല്‍ ഹര്‍ജികളിലാണ് സുപ്രീംകോടതി ഇന്ന് വിധി പറയുന്നത്. കൂടാതെ 14 ഹര്‍ജികളും സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്.












Click it and Unblock the Notifications