രസീല വധക്കേസ് പ്രതിയെ തൃപ്തി ദേശായിയും സംഘവും പഞ്ഞിക്കിട്ടു? പരാതിയുമായി ബിഎ ആളൂര്‍...
പ്രതിയുടെ കൈയിലും കാലിലും സ്ത്രീകള്‍ ചവിട്ടി, ഒപ്പമുണ്ടായിരുന്ന തനിക്ക് പ്രതിയെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്താനായില്ലെന്നും ആളൂര്‍ പറഞ്ഞു.
പൂണെ: ഇന്‍ഫോസിസ് ജീവനക്കാരിയും കോഴിക്കോട് സ്വദേശിനിയുമായ രസീല രാജു കൊല്ലപ്പെട്ട കേസിലെ പ്രതിയെ തൃപ്തി ദേശായിയും സംഘവും മര്‍ദ്ദിച്ചതായി പരാതി. ഇന്‍ഫോസിസ് ക്യാംപസിലെ സുരക്ഷാ ജീവനക്കാരനും രസീല രാജു വധക്കേസിലെ പ്രതിയുമായ ബബന്‍ സൈക്യയ്ക്കാണ് മര്‍ദ്ദനമേറ്റത്.
പ്രതിയുടെ അഭിഭാഷകനായ ബിഎ ആളൂരാണ് ഇക്കാര്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കാനായി എത്തിച്ച സമയത്തായിരുന്നു ആക്രമണം. തൃപ്തി ദേശായിയുടെ നേതൃത്വത്തിലുള്ള ഇരുപതോളം വരുന്ന സ്ത്രീകളാണ് ബബന്‍ സൈക്യയെ മര്‍ദ്ദിച്ചതെന്നും ആളൂര്‍ പറഞ്ഞു.

പ്രതിയുടെ കൈയിലും കാലിലും സ്ത്രീകള്‍ ചവിട്ടി, ഒപ്പമുണ്ടായിരുന്ന തനിക്ക് പ്രതിയെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്താനായില്ലെന്നും ആളൂര്‍ പറഞ്ഞു. ആക്രമണമുണ്ടായ സാഹചര്യത്തില്‍ പ്രതിക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്നും ആളൂര്‍ വ്യക്തമാക്കി. രസീല വധക്കേസില്‍ പ്രതിക്ക് വേണ്ടി അഡ്വക്കേറ്റ് ബിഎ ആളൂര്‍ ഹാജരായത് നേരത്തെ വാര്‍ത്തയായിരുന്നു. വിവാദമായ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടിയും, പെരുമ്പാവൂര്‍ ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിന് വേണ്ടിയും ആളൂരായിരുന്നു ഹാജരായത്.












Click it and Unblock the Notifications