ബാബറി കേസ്; അദ്വാനി ഉൾപ്പെടെയുള്ളവർക്കെതിരെ വിചാരണ ഓഗസ്ത് 31 നകം പൂർത്തിയാക്കണം
ദില്ലി; ബാബറി മസ്ജിദ് കേസ് വിചാരണ ഓഗസ്റ്റ് 31ന് മുൻപ് പൂർത്തിയാക്കി വിധി പറയണമെന്ന് സുപ്രിംകോടതി.വിചാരണയ്ക്കായി വിഡിയോ കോൺഫറൻസിംഗ് സംവിധാനം ഉപയോഗിക്കാമെന്നും ലഖ്നൗ സിബിഐ കോടതിക്ക് സുപ്രിംകോടതി നിർദേശം നൽകി. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സമയം ആവശ്യപ്പെട്ട് സിബിഐ കോടതി സുപ്രീം കോടതിയ്ക്ക് കത്തയച്ചിരുന്നു. തുടർന്നാണ് പരമോന്നതി കോടതി സമയപരിധി നീട്ടുന്നത്.
ഒന്‍പത് മാസത്തിനകം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കണമെന്ന് കഴിഞ്ഞവര്‍ഷം ജൂലായില്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ സമയപരിധി അവസാനിക്കാനിരിക്കേയാണ് ലോക്ക് ഡൗൺ ചൂണ്ടിക്കാട്ടി വിചാരണ കോടതി സാവകാശം തേടിയത്. ജസ്റ്റിസുമാരായ ആർ എഫ് നരിമാൻ, സൂര്യ കാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം പരിഗണിച്ചത്.
1992-ൽ ബാബറി മസ്ജിദ് പൊളിച്ചുനീക്കിയ കേസിൽ വിചാരണ നേരിടുന്ന 32 പേരിൽ മുതിർന്ന ബിജെപി നേതാക്കളായ ലാൽ കൃഷ്ണ അദ്വാനി, മുരളി മനോഹർ ജോഷി, കല്യാൺ സിംഗ്, മുൻ കേന്ദ്രമന്ത്രി ഉമാ ഭാരതി, സിറ്റിംഗ് എംപിമാരായ ബ്രിജ് ഭൂഷൺ സിംഗ്, സാക്ഷി മഹാരാജ് എന്നിവരും ഉൾപ്പെടുന്നു.
1992 ഡിസംബർ 6 ന് ബാബറി മസ്ജിദ് പൊളിച്ചുമാറ്റിയ ശേഷം അയോധ്യയിൽ രണ്ട് കേസുകളാണ് ഫയൽ ചെയ്തത് - ഒന്ന് ബാബറി മസ്ജിദ് പൊളിക്കാനുള്ള ഗൂഡാലോചനയുമായി ബന്ധപ്പെട്ടതും മറ്റൊന്ന് പള്ളി പൊളിക്കാൻ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചതിനും. രണ്ട് കേസുകളിലും പ്രത്യേകമാണ് വിചാരണ നടന്നത്. ഗൂഡാലോചന കേസ് ലഖ്നൗവിലും രണ്ടാമത്തെ കേസ് റായ്ബറേലിയിലെ കോടതിയിലുമായിരുന്നു വിചാരണ നടന്നത്.
ലഖ്‌നൗ കോടതിയിൽ വിചാരണ നേരിടുന്ന 22 പേരിൽ ഒരാൾ മരിച്ചു. പവൻ പാണ്ഡെ, ബ്രിജ് ഭൂഷൺ സിംഗ്, ആർ എൻ ശ്രീവാസ്തവ, ലല്ലു സിംഗ്, സാക്ഷി മഹാരാജ് എന്നിവരാണ് ബാക്കി 21 പ്രതികളിൽ പ്രധാനികൾ.
റായ് ബറേലി, ലഖ്‌നൗ കോടതികളിൽ വർഷങ്ങളായി നിലനിൽക്കുന്ന കേസുകൾ 2017 ൽ സുപ്രീം കോടതി ഒരുമിച്ച് ചേർത്ത് ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയിലേക്ക് മാറ്റി, ദൈനംദിന വിചാരണ നടത്താൻ ജഡ്ജിയോട് നിർദ്ദേശിക്കുകയായിരുന്നു. കേസിൽ നിന്ന് ഒഴിവാക്കിയ 13 പ്രതികൾക്കെതിരായ കുറ്റങ്ങൾ പുന സ്ഥാപിക്കാനും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
ബിജെപി നേതാവും മുൻ എംപിയുമായ ബൈകുന്ത് ലാൽ ശർമ ഉൾപ്പെടെ 13 പ്രതികളിൽ ഏഴുപേർ മരിച്ചു.രാം വിലാസ് വേദന്തി, ചമ്പത് റായ്, മഹാന്ത് നൃത്യ ഗോപാൽ ദാസ്, മഹാന്ത് ധരം ദാസ്, സതീഷ് പ്രധാൻ, അന്നത്തെ യുപി മുഖ്യമന്ത്രി കല്യാൺ സിംഗ് എന്നിവരാണ് ഇപ്പോൾ വിചാരണ നേരിടുന്ന മറ്റുള്ളവർ.