വീണ്ടും ബന്ദ് വരുന്നു: 24 ന് സംസ്ഥാനത്ത് ബന്ദിന് ആഹ്വാനം ചെയ്ത് മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യം
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരായി രാജ്യവ്യാപക ഭാരത് ബന്ദ് തുടരുന്നതിനിടെ വീണ്ടും മറ്റൊരു ബന്ദ് പ്രഖ്യാപനം. മഹാരാഷ്ട്രയില്‍ പ്രതിപക്ഷ പാർട്ടികളാണ് സംസ്ഥാനത്ത് ഈ മാസം 24 ന് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലെ ബദ്‌ലാപൂരിൽ മൂന്നും നാലും വയസ്സുള്ള രണ്ട് പെൺകുട്ടികളെ സ്‌കൂൾ ജീവനക്കാരൻ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബന്ദ്.
കോണ്‍ഗ്രസ്, എന്‍ സി പി, ശിവസേന (യുടിബി) എന്നീ പാർട്ടികള്‍ അടങ്ങുന്ന മഹാവികാസ് അഘാഡി സഖ്യമാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബദ്‌ലാപൂരിലെ സ്‌കൂൾ വിദ്യാർത്ഥിനികൾക്കെതിരായ ലൈംഗികാതിക്രമക്കേസ് അതിവേഗം അന്വേഷിക്കണമെന്നും ഇരകൾക്ക് അതിവേഗ നീതി ഉറപ്പാക്കണമെന്നും ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

"ഒരു വശത്ത് സംസ്ഥാന സർക്കാർ ലഡ്‌കി ബഹിൻ പദ്ധതി നടത്തുന്നുണ്ടെങ്കിലും നമ്മുടെ പെൺമക്കൾ സുരക്ഷിതരല്ല. ചില സംസ്ഥാനങ്ങളെ ലക്ഷ്യമിട്ട് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ രാഷ്ട്രീയം കളിക്കുകയാണെന്നും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ആരോപിച്ചു. ബദ്‌ലാപൂർ കേസ് അതിവേഗം അന്വേഷിക്കുകയും ഇരകൾക്ക് വേഗത്തിലുള്ള നീതി ഉറപ്പാക്കുകയും വേണം," ഉദ്ധവ് താക്കറെ പറഞ്ഞു.
പെൺകുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സ്‌കൂളിന് ബി ജെ പി നേതാക്കളുമായി ബന്ധമുണ്ടെന്നും താക്കറെ അവകാശപ്പെട്ടു. ശുചിമുറിയിൽ വെച്ച് സ്‌കൂളിലെ സ്വീപ്പർ നാല് വയസ്സുള്ള രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ആയിരക്കണക്കിന് പ്രതിഷേധക്കാർ ചൊവ്വാഴ്ച ബദ്‌ലാപൂർ സ്റ്റേഷനിൽ റെയിൽവേ ട്രാക്കുകൾ തടഞ്ഞു. ഇതോടെ ലോക്കൽ ട്രെയിൻ സർവീസുകൾ വൻതോതിൽ തടസ്സപ്പെടുകയും ചില ദീർഘദൂര ട്രെയിനുകൾ വഴിതിരിച്ചുവിടുന്നതിനും ഇടയാക്കി.
ഒമ്പത് മണിക്കൂറിന് ശേഷം റെയിൽവേ സ്റ്റേഷനിൽ ലാത്തിച്ചാർജ് നടത്തിയാണ് പോലീസ് പ്രതിഷേധക്കാരെ നീക്കിയത്. ബദ്‌ലാപൂരിലെ ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയും സ്കൂളുകള്‍ അവധിപ്രഖ്യാപിക്കുകയും ചെയ്തു. പ്രതിഷേധത്തിൻ്റെയും തുടർന്നുള്ള അക്രമങ്ങളുടെയും പശ്ചാത്തലത്തിൽ നഗരത്തിലെ ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി ഡിസിപി സുധാകർ പതാരെ ബുധനാഴ്ച വാർത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
നഗരത്തിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഇൻ്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച നടന്ന പ്രതിഷേധത്തിനിടെ റെയിൽവേ സ്റ്റേഷനിലും ബദ്‌ലാപൂരിൻ്റെ മറ്റ് ഭാഗങ്ങളിലും കല്ലേറുള്‍പ്പെടേയുള്ള അനിഷ്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. പ്രതിഷേധങ്ങളില്‍ 17 സിറ്റി പോലീസ് ഉദ്യോഗസ്ഥർക്കും എട്ടോളം റെയിൽവേ പോലീസുകാർക്കും പരിക്കേറ്റതായും അക്രമവുമായി ബന്ധപ്പെട്ട് 72 പേരെ അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായും പൊലീസ് വ്യക്തമാക്കി.
ക്രമസമാധാനപാലനത്തിനായി ടൗണിൽ അധിക പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ടെന്നും നഗരത്തിലെ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ആഗസ്റ്റ് 17 നാണ് കിൻ്റർഗാർട്ടനിലെ രണ്ട് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതിന് സ്കൂളിലെ ഒരു അറ്റൻഡറെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. സ്‌കൂളിലെ ടോയ്‌ലറ്റിൽവെച്ച് ഇയാൾ പെൺകുട്ടികളെ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.












Click it and Unblock the Notifications