ബിബിസി റെയിഡ്: ഹിറ്റ്‌ലറെപ്പോലും മോദി നാണിപ്പിക്കുന്നു, വിഡ്ഢികളുടെ സ്വർഗത്തിലെന്നും എംവി ജയരാജന്‍
ദില്ലിയിലെ ബിബിസി ആസ്ഥാനത്ത് ഇന്നലെ തുടങ്ങിയ പരിശോധന ഇപ്പോഴും പുരോഗമിക്കുകയാണ്

തിരുവനന്തപുരം: രാജ്യത്തെ ബി ബി സി കേന്ദ്രങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തുന്ന റെയ്ഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാറിനുമെതിരെ രൂക്ഷ വിമർശനവുമായി സി പി എം ജില്ലാ സെക്രട്ടറിയുമായ എംവി ജയരാജന്‍. ഇന്ദിരാഗാന്ധി ഭരണഘടനാ വ്യവസ്ഥ ദുരുപയോഗം ചെയ്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടാണ് ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങൾ കവർന്നെടുത്തതെങ്കില്‍. മോഡിയാവട്ടെ അപ്രഖ്യാപിത അടിയന്തിരാവസ്ഥയിലൂടെയാണ് അക്കാര്യം നിർവ്വഹിച്ച് വരുന്നതെന്നാണ് ജയരാജന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിക്കുന്നത്. വിലക്കിലൂടെയും റെയ്ഡിലൂടെയും മാധ്യമസ്വാതന്ത്ര്യം തടയാൻ ശ്രമിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണെന്നും സി പി എം ജില്ലാ സെക്രട്ടറി ആരോപിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ഗുജറാത്ത് വംശഹത്യയുടെ മുഖ്യപ്രതിയെ തെളിവുസഹിതം ലോകസമക്ഷം അവതരിപ്പിച്ച ബി ബി സിയെ റെയ്ഡിലൂടെ വേട്ടയാടി പ്രതികാരം തീർക്കുന്ന കേന്ദ്രസർക്കാർ നടപടി അപലപനീയമാണ്. ഇന്ദിരാഗാന്ധി ഭരണഘടനാ വ്യവസ്ഥ ദുരുപയോഗം ചെയ്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടാണ് ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങൾ കവർന്നെടുത്തത്. മോഡിയാവട്ടെ അപ്രഖ്യാപിത അടിയന്തിരാവസ്ഥയിലൂടെയാണ് അക്കാര്യം നിർവ്വഹിക്കുന്നത്.

ബി ബി സി ജീവനക്കാരുടെ മൊബൈൽ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തു. ലോഗിൻ ചെയ്തശേഷം സ്ഥാപനത്തിലെ ഡെസ്‌ക്‌ടോപ്പുകൾ അരിച്ചുപെറുക്കി. ലാൻഡ്‌ഫോൺ കണക്ഷൻ വിഛേദിച്ചു. ഫെബ്രുവരി 14ന് രാവിലെ 11 മണിക്ക് തുടങ്ങിയ റെയ്ഡ് തൊട്ടടുത്ത ദിവസവും തുടരുമെന്നാണ് അറിയുന്നത്. ഇത് അർദ്ധഫാസിസ്റ്റ് ഭീകരതയാണ്. 2002ൽ ഗുജറാത്ത് വംശഹത്യ നടക്കുമ്പോൾ നരേന്ദ്രമോഡി മുഖ്യമന്ത്രിയായിരുന്നു. ഇന്ന് ഇന്ത്യൻ പ്രധാനമന്ത്രി.
അതുകൊണ്ട് തന്നെ 'ഇന്ത്യ ദി മോഡി ക്വസ്റ്റിയൻ' എന്ന ഡോക്യുമെന്ററി പുറത്തുവന്നപ്പോൾ സംഘപരിവാറും മോഡിയും പ്രകോപിതരായിരുന്നു. ഡോക്യുമെന്ററി പ്രദർശനം രാജ്യത്താകെ വിലക്കി. ബ്രിട്ടനിൽ നിരോധിക്കാൻ മോഡിക്ക് കഴിയാത്തതുകൊണ്ട് അത് ചെയ്തില്ല. സമൂഹമാധ്യമങ്ങളിൽ ഡോക്യുമെന്ററി പ്രദർശനം തടഞ്ഞത് സത്യം മൂടിവെക്കാനുള്ള ബി ജെ പി സർക്കാറിന്റെ പാഴ്ശ്രമമായി. നിരോധനം ശക്തിപ്പെട്ടപ്പോൾ വിവിധ സംഘടനകൾ ക്യാമ്പസുകളിലും തെരുവുകളിലും വീട്ടകങ്ങളിലും പ്രദർശനങ്ങൾ സംഘടിപ്പിച്ച് ഡോക്യുമെന്ററി ജനങ്ങളിലെത്തിച്ചു.
ഇപ്പോൾ റെയ്ഡിലൂടെ ബി ബി സിയെ നിശ്ശബ്ദമാക്കാനുള്ള ശ്രമമാണ്. അനീതിയും അധർമ്മവും ന്യൂനപക്ഷ-ദളിത് വേട്ടയും നടത്തുന്ന സംഘപരിവാർ ചെയ്തികൾ നട്ടെല്ല് വളക്കാത്ത മാധ്യമപ്രവർത്തകരും മാധ്യമങ്ങളും തുറന്നുകാട്ടുക തന്നെ ചെയ്യും. വിലക്കിലൂടെയും റെയ്ഡിലൂടെയും മാധ്യമസ്വാതന്ത്ര്യം തടയാൻ ശ്രമിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്.












Click it and Unblock the Notifications