രാഹുല്‍ ഗാന്ധി, ഡികെ ശിവകുമാര്‍, സിദ്ധരാമയ്യ എന്നിവര്‍ക്ക് സമന്‍സ്; ബിജെപി കളി തുടങ്ങി
ബെംഗളൂരു: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അപകീര്‍ത്തിക്കേസ് സമര്‍പ്പിച്ച് ബിജെപി. കര്‍ണാടകയിലെ മുതിര്‍ന്ന നേതാക്കള്‍ക്കും രാഹുല്‍ ഗാന്ധിക്കുമെതിരെയാണ് പരാതി. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍, സംസ്ഥാന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ എന്നിവരെ പ്രതി ചേര്‍ത്താണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ബിജെപി സംസ്ഥാന സെക്രട്ടറി എസ് കേശവപ്രസാദ് ആണ് പരാതിക്കാരന്‍. ഹര്‍ജിയില്‍ ബെംഗളൂരു അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി നടപടി തുടങ്ങി. എതിര്‍കക്ഷികള്‍ക്ക് സമന്‍സ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു. ബിജെപിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണം നടത്തിയെന്നാണ് കേസ്.

എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസ് പരിഗണിക്കുന്ന കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകള്‍ പ്രകാരമാണ് കേസ്. ജൂലൈ 27ന് കേസ് വീണ്ടും പരിഗണിക്കും. അന്ന് ഹര്‍ജിക്കാരന്റെ മൊഴി വിശദമായി രേഖപ്പെടുത്തും. പ്രതികളുടെ മൊഴിയും രേഖപ്പെടുത്തേണ്ടതുണ്ട്. എല്ലാവര്‍ക്കും സമന്‍സ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു.
എസ് കേശവപ്രസാദ് സ്വകാര്യ അന്യായമാണ് സമര്‍പ്പിച്ചിരിക്കുന്നത്. ബിജെപിയുടെ പ്രതിഛായ തകര്‍ക്കുംവിധത്തില്‍ മാധ്യമങ്ങളില്‍ പരസ്യം നല്‍കിയെന്നാണ് പരാതിക്കാരന്‍ പറയുന്നത്. മെയ് അഞ്ചിന് കര്‍ണാക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി കര്‍ണാടകയിലെ എല്ലാ പ്രധാന മാധ്യമങ്ങളിലും നല്‍കിയ പരസ്യമാണ് കേസിന് ആധാരം.
ബസവരാജ ബൊമ്മൈ സര്‍ക്കാരിനെതിരായ പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് കോണ്‍ഗ്രസ് മാധ്യമങ്ങളില്‍ പരസ്യം വല്‍കിയത്. ബിജെപി സര്‍ക്കാര്‍ 40 ശതമാനം അഴിമതിയുടെതാണെന്ന് ആയിരുന്നു പരസ്യം. സര്‍ക്കാരിന്റെ ടെണ്ടര്‍ കിട്ടണമെങ്കില്‍ ബിജെപി നേതാക്കള്‍ക്ക് കമ്മീഷന്‍ നല്‍കണമെന്ന് കരാറുകാര്‍ ആരോപിച്ചിരുന്നു. ഇതാണ് പരസ്യത്തിലൂടെ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയത്.
40 ശതമാനം അഴിമതി സര്‍ക്കാരാണ് ബൊമ്മയൈയുടേത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഒന്നര ലക്ഷം കോടി രൂപ അഴിമതിയിലൂടെ അവര്‍ കവര്‍ന്നുവെന്നും പരസ്യത്തില്‍ ആരോപിച്ചിരുന്നു. ഇത് ബിജെപിയുടെ പ്രതിഛായക്ക് മങ്ങലുണ്ടാക്കിയെന്നാണ് പരാതിക്കാരന്‍ പറയുന്നത്. അടിസ്ഥാന രഹിതവും അപകീര്‍ത്തിപരവുമായ പരസ്യമാണിതെന്നും പരാതിയില്‍ ബോധിപ്പിക്കുന്നു.












Click it and Unblock the Notifications