ബിനീഷ് കൊടിയേരിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി: മൂന്ന് സാധ്യതകൾ ഇങ്ങനെ, കാണാൻ അനുവദിക്കണമെന്ന് സഹോദര
ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കൊടിയേരിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതോടെ കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി ബിനീഷ് കൊടിയേരിയുടെ വൈദ്യപരിശോധനയും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.

സഹോദരൻ കോടതിയിൽ
ബെംഗളൂരു മയക്കുമരുന്ന് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കൊടിയേരിയെ നേരിൽ കാണാൻ അനുവദിക്കണമെന്ന ആവശ്യവുമായി സഹോദരൻ ബിനോയ് കൊടിയേരി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. എൻഫോഴ്സ്മെന്റ് ബിനീഷിനെ നേരിൽ കാണാൻ അനുവദിക്കുന്നില്ലെന്നാണ് സഹോദരൻ ഹർജിയിൽ ആരോപിക്കുന്നത്. ഈ സാഹചര്യത്തിൽ വക്കാലത്ത് ഒപ്പിടുവിക്കാൻ കഴിഞ്ഞില്ലെന്നും ബിനോയ് കൊടിയേരി ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ബിനീഷ് കൊടിയേരിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞതായും ബിനോയ് കൊടിയേരി കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. ബിനീഷിനെ നേരിട്ട് കാണാൻ അനുവദിക്കണമെന്നും ബിനോയ് ആവശ്യപ്പെടുന്നുണ്ട്. ബിനീഷിനെ കാണാൻ ശ്രമിച്ചപ്പോൾ ശനിയാഴ്ച വൈകിട്ട് എൻഫോഴ്സ്മെന്റ് ഓഫീസിൽ വെച്ചും ഞായറാഴ്ച വൈകിട്ട് എൻഫോഴ്സ്മെന്റ് ഓഫീസിൽ വെച്ചും ബിനീഷിനെ കാണാനുള്ള ശ്രമം തടഞ്ഞിരുന്നു.

തുടർച്ചയായ അഞ്ചാം ദിവസം
ഒക്ടോബർ 21ന് അറസ്റ്റിലായ ബിനീഷ് കൊടിയേരിയെ തുടർച്ചയായ അഞ്ചാം ദിവസമാണ് എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നത്. ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. ഒക്ടോബർ 29നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കൊടിയേരിയെ അറസ്റ്റ് ചെയ്യുന്നത്. രാവിലെ ബെംഗളൂരുവിലുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സോണൽ ഓഫീസിലേയ്ക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. തനിക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ അറിയിച്ച ബിനീഷ് താൻ അവശനാണെന്നും വ്യക്തമാക്കിയിരുന്നു. എൻഫോഴ്സ്മെന്റിലേക്ക് ഏറെ ശ്രമകരമായാണ് ബിനീഷ് പടികൾ കയറിയെത്തിയത്. തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് മാധ്യമപ്രവർത്തകരോടും ബിനീഷ് പറഞ്ഞിരുന്നു.

പീഡനമെന്ന് ആരോപണം
എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്ത ശേഷം തനിക്ക് പീഡനമേറ്റമെന്ന് ബിനീഷ് കൊടിയേരി ആരോപണമുന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇക്കാര്യവും ബിനീഷിന്റെ അഭിഭാഷകർ കോടതിയിൽ ഉന്നയിക്കും. കേസിൽ എൻഫോഴ്സ്മെന്റ് സ്വീകരിച്ച നടപടികൾക്കെതിരെ ബിനീഷ് കൊടിയേരി ബംഗളൂരു ഹൈക്കോടതിയിലും ബിനീഷ് ഹർജി നൽകിയിരുന്നു.

എന്തുസംഭവിക്കും
ബെംഗളൂരു മയക്കുമരുന്ന് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ കസ്റ്റഡിയിൽ വേണമെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്കും ആവശ്യപ്പെടാം. അതേ സമയം തന്നെ ചോദ്യം ചെയ്യൽ പൂർത്തിയാകാത്തതുകൊണ്ട് കസ്റ്റഡി കാലയളവ് നീട്ടി നൽകാൻ എൻഫോഴ്സ്മെന്റിനും അപേക്ഷ നൽകും. എന്നാൽ രണ്ട് കേന്ദ്ര ഏജൻസികളും പ്രത്യേക ആവശ്യങ്ങൾ ഉന്നയിച്ചില്ലെങ്കിൽ റിമാൻഡ് ചെയ്ത ശേഷം ബിനീഷിനെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്ക് മാറ്റും.












Click it and Unblock the Notifications