ബെംഗളൂരു മെട്രോ യാത്രക്കാര്‍ക്ക് ആശ്വസിക്കാം; ഈ 9 സ്‌റ്റേഷനുകളില്‍ പാര്‍ക്കിങ് സൗകര്യം വരുന്നു
ബെംഗളൂരു നഗരത്തില്‍ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം കണ്ടെത്തുകയാണ്. മെട്രോ സ്‌റ്റേഷനുകളില്‍ വാഹനം പാര്‍ക്ക് ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം മെട്രോ ട്രെയിനില്‍ യാത്ര ചെയ്യാന്‍ മടിക്കുന്ന വലിയൊരു വിഭാവും നഗരത്തിലുണ്ട്. ഈ വിഭാഗത്തെക്കൂടി ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ മെട്രോയ്ക്ക് വലിയ തോതില്‍ വരുമാനം വര്‍ധിപ്പിക്കാന്‍ കഴിയും.
ഏറ്റവും തിരക്കേറിയ ഒന്‍പതു മെട്രോ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി പുതിയ പാര്‍ക്കിങ് സൗകര്യം ഒരുക്കാനാണ് ബിഎംആര്‍സിഎല്ലിന്റെ തീരുമാനം. സ്റ്റേഷനുകള്‍ക്ക് പുറത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഇടമില്ലാതെ ബുദ്ധിമുട്ടുന്ന യാത്രക്കാരുടെ പരാതികള്‍ പരിഹരിക്കാനാണ് ഈ നീക്കം. സ്റ്റേഷനുകള്‍ക്ക് പുറത്ത് വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നത് മൂലമുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കുക, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാക്കുക എന്നതാണ് ഈ നീക്കത്തിന്റെ പിന്നിലെ ലക്ഷ്യം. തിരക്കേറിയ റോഡുകള്‍ക്കു സമീപവും വീടുകള്‍ക്കും മുന്നിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് പലപ്പോഴും തര്‍ക്കങ്ങള്‍ക്കും ഇടയാക്കാറുണ്ട്.

പാര്‍ക്കിങ് സൗകര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രൊഫഷണല്‍ ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നതിന് ബിഎംആര്‍സിഎല്‍ പുതിയ ടെന്‍ഡര്‍ ക്ഷണിച്ചു. മൈസൂരു റോഡ്, മാടവര, പീനിയ ഇന്‍ഡസ്ട്രി, ജെ.പി. നഗര്‍, ബൈയപ്പനഹള്ളി (ഔട്ടര്‍ റിംഗ് റോഡ് ഭാഗം), റാഗി ഗുഡ്ഡ, ബിടിഎം ലേഔട്ട്, ഇലക്ട്രോണിക് സിറ്റി-01, ജയദേവ ആശുപത്രി എന്നീ സ്റ്റേഷനുകളിലാണ് പുതിയ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ വരുന്നത്. ഇതു വഴി മെട്രോയിലേക്ക് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനും സ്വകാര്യ വാഹനങ്ങള്‍ മൂലമുള്ള നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സാധിക്കും.
ഒമ്പത് സ്റ്റേഷനുകളിലായി ഏകദേശം 3,248 ഇരുചക്ര വാഹനങ്ങള്‍ക്കും 412 കാറുകള്‍ക്കും പാര്‍ക്ക് ചെയ്യാം. മൈസൂരു റോഡ് സ്റ്റേഷനിലാണ് ഏറ്റവും വലിയ പാര്‍ക്കിങ് ഏരിയ. ഇരുചക്ര വാഹനങ്ങള്‍ക്ക് ആദ്യ നാല് മണിക്കൂറിന് 15 രൂപയും ഒരു ദിവസത്തേക്ക് 30 രൂപയുമാണ് നിരക്ക്. കാറുകള്‍ക്ക് ഇത് യഥാക്രമം 30 രൂപയും 60 രൂപയുമാണ്. അതേസമയം, സൈക്കിള്‍ പാര്‍ക്കിംഗ് തികച്ചും സൗജന്യമാണ്. എല്ലാ സ്റ്റേഷനുകളിലും കുറഞ്ഞത് 10 സൈക്കിള്‍ സ്ലോട്ടുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ സിസിടിവി ക്യാമറകള്‍, ലൈറ്റിങ്, കമ്പ്യൂട്ടറൈസ്ഡ് ടിക്കറ്റിംഗ്, ഇ-സര്‍വൈലന്‍സ്, ഫയര്‍ സേഫ്റ്റി സംവിധാനങ്ങള്‍ എന്നിവ കരാറുകാര്‍ ഏര്‍പ്പെടുത്തണം. മെട്രോ സര്‍വീസ് സമയം കഴിഞ്ഞുള്ള രാത്രി പാര്‍ക്കിങ് അനുവദിക്കില്ല.
നിലവില്‍ 83 മെട്രോ സ്റ്റേഷനുകളില്‍ 66 എണ്ണത്തിലും പാര്‍ക്കിങ് സൗകര്യമുണ്ട്. തിരക്കേറിയ ഈ ഒമ്പത് സ്റ്റേഷനുകളില്‍ കൂടി സംവിധാനം വരുന്നതോടെ യാത്ര സുഗമമാകുമെന്നാണ് പ്രതീക്ഷ.
ടെന്‍ഡറിലെ വ്യവസ്ഥകള്‍ പ്രകാരം, ഒരു വര്‍ഷത്തേക്കാണ് പാര്‍ക്കിങ് ലൈസന്‍സുകള്‍ നല്‍കുന്നത്. ബിഎംആര്‍സിഎല്ലുമായുള്ള പരസ്പര ധാരണയില്‍ മൂന്ന് മാസം വരെ നീട്ടാനും സാധ്യതയുണ്ട്. ഈ പുതിയ മാറ്റം വരുന്നതോടെ മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപമുള്ള ഗതാഗതക്കുരുക്ക് കുറയുമെന്നും യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷിതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.












Click it and Unblock the Notifications