ബെംഗളൂരു തുരങ്ക റോഡ്; 2 പദ്ധതി ആലോചനയില്‍, ഹൈക്കോടതി ഇടപെട്ടു, കടുപ്പിച്ച് ഡികെ
ബെംഗളൂരു നഗരത്തിലെ ട്രാഫിക് കുരുക്ക് അഴിക്കാന്‍ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ മുന്‍കൈ എടുത്ത് നടപ്പാക്കുന്ന തുരങ്ക റോഡുകള്‍ക്ക് കുരുക്ക്. ലാല്‍ബാഗിലെ മരങ്ങള്‍ക്ക് ഭീഷണിയാണ് പദ്ധതി എന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെടല്‍. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് വിശദീകരണം ചോദിച്ചിരിക്കുകയാണ് കോടതി. ചൊവ്വാഴ്ച പ്രതികരണം അറിയിക്കണം.
ഹെബ്ബല്‍ ജങ്ഷന്‍ മുതല്‍ സില്‍ക്ക് ബോര്‍ഡ് വരെയും കെആര്‍ പുര മുതല്‍ മൈസൂരു റോഡ് വരെയും രണ്ട് ആറുവരി തുരങ്ക പാതകളാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിടുന്നത്. തുരങ്കം നിര്‍മിക്കുന്നതിന് ചൈനയില്‍ നിന്നും ജര്‍മനിയില്‍ നിന്നുമാണ് മെഷീനുകള്‍ എത്തിക്കുന്നത്. ഇതിന്റെ കൈമാറ്റത്തിന് ഒരു വര്‍ഷത്തിലധികം വേണ്ടി വരും. പദ്ധതിക്ക് നാല് വര്‍ഷത്തില്‍ കൂടുതല്‍ വേണ്ടി വരുമെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.

അതേസമയം, 18000 കോടി രൂപയിലധികം ചെലവിടുന്ന പദ്ധതിയാണിത് എന്ന് പറയപ്പെടുന്നു. ഇത്രയും രൂപ ചെലവിട്ട് നിര്‍മിച്ചാലും ബെംഗളൂരു നഗരത്തിന്റെ ട്രാഫിക് കുരുക്ക് അഴിയില്ല എന്നാണ് വിമര്‍ശനം. മാത്രമല്ല, പരിസ്ഥിതിക്ക് കോട്ടമുണ്ടാകും, ഉയര്‍ന്ന ടോള്‍ നല്‍കേണ്ടി വരും. സമ്പന്നര്‍ക്ക് മാത്രമാകും യാത്ര സാധ്യമാകുക തുടങ്ങിയ വിമര്‍ശനങ്ങളെല്ലാം പദ്ധതിക്കെതിരെയുണ്ട്.
ഡികെ ശിവകുമാര്‍ പറഞ്ഞത്
ലാല്‍ബാഗിനോ വിധാന്‍ സൗധക്കോ കേടുപാടുകള്‍ സംഭവിക്കില്ല എന്ന് ഡികെ ശിവകുമാര്‍ പറയുന്നു. ബിജെപി എംപി തേജസ്വി സൂര്യ അനാവശ്യമായി ആരോപണം ഉന്നയിക്കുകയാണ് എന്നും ഡികെ കുറ്റപ്പെടുത്തി. ബെംഗളൂരുവിന്റെ ഗതാഗത കുരുക്ക് അഴിക്കാന്‍ ബിജെപിക്കോ തേജസ്വി സൂര്യക്കോ ഒരു പദ്ധതിയും മുന്നോട്ട് വെക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ആര് എതിര്‍ക്കുന്നതും തനിക്ക് പ്രശ്‌നമല്ല. ബിജെപി കോടതിയെ സമീപിച്ചത് അറിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നത് തടയുകയാണ് അവര്‍. ഏതെങ്കിലും ഭൂമി ഏറ്റെടുത്തല്ല സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. ക്രൈസ്റ്റ് കോളജിന് അടുത്തുള്ള ചെറിയ സ്ഥലം മാത്രമാണ് ഉപയോഗിക്കുന്നത് എന്നും ശിവകുമാര്‍ പറഞ്ഞു.
10 രൂപ പോലും തേജസ്വി കൊണ്ടുവന്നോ
ലാല്‍ബാഗിന് യാതൊരു കോട്ടവും സംഭവിക്കില്ല. അതിന്റെ അടിയിലൂടെയാണ് തുരങ്ക പാത പോകുന്നത്. ഒരു ഭാഗത്ത് കുറച്ച് ഭൂമി താല്‍ക്കാലികമായി ഉപയോഗിക്കും. അത് പിന്നീട് പാര്‍ക്ക് ആക്കി മാറ്റും. ഭൂമിക്ക് അടിയിലൂടെയാണ് പാത കടന്നുപോകുക. പുറത്ത് ഒന്നും ചെയ്യുന്നില്ല. ബിജെപിക്ക് പരിഹാരം നിര്‍ദേശിക്കാനില്ല. വെറുതെ വിമര്‍ശിക്കുകയാണ് അവര്‍ എന്നും ഡികെ പറഞ്ഞു.
തേജസ്വി സൂര്യ ഓട്ടപ്പെട്ടിയാണ്. പണമുള്ളവര്‍ക്ക് തന്നെയാണ് ഈ പാത ഉപയോഗിക്കാന്‍ സാധിക്കുക. ബദല്‍ മാര്‍ഗം നിര്‍ദേശിക്കാന്‍ തേജസ്വി സൂര്യക്കുണ്ടോ. കര്‍ണാടകയ്ക്ക് വേണ്ടി 10 രൂപ പോലും കൊണ്ടുവരാന്‍ സാധിക്കാത്ത വ്യക്തിയാണ് തേജസ്വി സൂര്യ. എംപിയുടെ ഫണ്ട് ഉപയോഗിച്ച് എന്താണ് അദ്ദേഹം ചെയ്യുന്നത് എന്നും ഡികെ ശിവകുമാര്‍ വിമര്‍ശിച്ചു.












Click it and Unblock the Notifications