ഭാഗ്യമില്ലാത്ത വിധാൻസൗധ! കുമാരസ്വാമി അഞ്ച് വർഷം തികയ്ക്കില്ല... ചരിത്രം ഇങ്ങനെ...
വിധാൻസൗധയിൽ സത്യപ്രതിജ്ഞ ചെയ്ത ഒരാളും മുഖ്യമന്ത്രി കസേരയിൽ അഞ്ച് വർഷം പൂർത്തിയാക്കിട്ടില്ലെന്നതാണ് കർണാടകയിലെ ചരിത്രം.
ബെംഗളൂരു: വിധാൻസൗധയിൽ സത്യപ്രതിജ്ഞാ ചടങ്ങിന്റെ അവസാനഘട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ബുധനാഴ്ച വൈകീട്ട് നാലര മണിക്ക് വിധാൻസൗധയിൽ തയ്യാറാക്കിയ പ്രത്യേക വേദിയിലാണ് കുമാരസ്വാമി മുഖ്യമന്ത്രിയായി അധികാരമേറ്റെടുക്കുക. പക്ഷേ, വിധാൻസൗധയിൽ സത്യപ്രതിജ്ഞ ചൊല്ലുന്ന കുമാരസ്വാമിക്ക് അധികനാൾ മുഖ്യമന്ത്രി കസേരയിൽ തുടരാനാകില്ലെന്നാണ് ഒരുവിഭാഗത്തിന്റെ അഭിപ്രായം. വെറുതെ പറയുന്നതല്ല, മുൻകാലങ്ങളിലെ സംഭവങ്ങൾ ഓർമ്മിപ്പിച്ചാണ് ഇവരുടെ വാദം.
വിധാൻസൗധയിൽ സത്യപ്രതിജ്ഞ ചെയ്ത ഒരാളും മുഖ്യമന്ത്രി കസേരയിൽ അഞ്ച് വർഷം പൂർത്തിയാക്കിട്ടില്ലെന്നതാണ് കർണാടകയിലെ ചരിത്രം. ഈ നിർഭാഗ്യം കുമാരസ്വാമിയെ വീണ്ടും പിന്തുടരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കർണാടകയിൽ അഞ്ച് വർഷം പൂർത്തിയാക്കിയ രണ്ട് മുഖ്യമന്ത്രിമാരുടെയും സത്യപ്രതിജ്ഞ വിധാൻസൗധയിൽ അല്ലായിരുന്നു എന്നതും എടുത്തുപറയേണ്ടതാണ്. ഇക്കാര്യങ്ങളെല്ലാം കൂട്ടിവായിക്കുമ്പോൾ വിധാൻസൗധയിൽ സത്യപ്രതിജ്ഞ ചെയ്യുന്ന കുമാരസ്വാമി അധികനാൾ വാഴില്ലെന്ന് തന്നെയാണ് ചിലർ ഉറപ്പിച്ചു പറയുന്നത്.

ദേവരാജും സിദ്ധരാമയ്യയും...
കർണാടക രാഷ്ട്രീയചരിത്രത്തിൽ ആകെ രണ്ട് പേർ മാത്രമാണ് മുഖ്യമന്ത്രി കസേരയിൽ അഞ്ച് വർഷം തികച്ചിട്ടുള്ളത്. ദേവരാജ് ഉർസും സിദ്ധരാമയ്യയും. രണ്ട് പേരും കോൺഗ്രസ് നേതാക്കൾ. അഞ്ച് വർഷം പൂർത്തിയാക്കിയ ഇവരുടെ രണ്ടപേരുടെയും സത്യപ്രതിജ്ഞ വിധാൻസൗധയ്ക്ക് പുറത്തായിരുന്നു. ദേവരാജ് ഉർസ് രാജ്ഭവനിൽ വച്ചാണ് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റെടുത്തത്. കണ്ഢീരവ സ്റ്റേഡിയത്തിൽ തയ്യാറാക്കിയ പ്രത്യേക വേദിയിലായിരുന്നു സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞ.

വിധാൻസൗധയിൽ...
മിക്ക സംസ്ഥാനങ്ങളിലും രാജ്ഭവനിലായിരും സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. അല്ലെങ്കിൽ പ്രത്യേകം തയ്യാറാക്കിയ വേദികളിലും. പക്ഷേ, കർണാടകയിൽ നിയമസഭ മന്ദിരമായ വിധാൻസൗധയിൽ വച്ചാണ് ഏറ്റവും കൂടുതൽ മുഖ്യമന്ത്രിമാർ സത്യപ്രതിജ്ഞ ചൊല്ലിയത്. ഇവർക്കാർക്കും കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നത് മറ്റൊരു സത്യം. 1983ൽ രാമകൃഷ്ണ ഹെഗ്ഡെയാണ് വിധാൻസൗധയിൽ വച്ച് സത്യപ്രതിജ്ഞ ചൊല്ലിയ ആദ്യ മുഖ്യമന്ത്രി.

വിവാദങ്ങളും...
കർണാടകയിലെ ആദ്യ കോൺഗ്രസ് ഇതര മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയ ഹെഗ്ഡെയ്ക്ക് അധികനാൾ മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ ഭാഗ്യമുണ്ടായിരുന്നില്ല. ഒരു വർഷം പൂർത്തിയാക്കുന്നതിന് മുൻപ് ചാരായ നിർമ്മാണ കരാറുകളിലെ അഴിമതിയെ ചൊല്ലി അദ്ദേഹത്തിന് പുറത്തുപോകേണ്ടി വന്നു. പിന്നീട് മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തിയെങ്കിലും ഫോൺ ടാപ്പിങ് ആരോപണങ്ങളെ തുടർന്ന് 1988ൽ സ്ഥാനമൊഴിഞ്ഞു. പിന്നീടുള്ള രണ്ട് വർഷം എസ്ആർ ബൊമ്മയ്യയായിരുന്നു മുഖ്യമന്ത്രി.

ബംഗാരപ്പ...
1990ൽ കോൺഗ്രസിന്റെ മുഖ്യമന്ത്രിയായ വീരേന്ദ്രപാട്ടീലും വിധാൻസൗധയിൽ വച്ചാണ് അധികാരമേറ്റെടുത്തത്. പക്ഷേ, വീരേന്ദ്രപാട്ടീലിനും അൽപനാൾ മാത്രമേ മുഖ്യമന്ത്രി കസേരയിൽ ഇരിക്കാനായുള്ളു. വീരേന്ദ്രപാട്ടീലിന് പകരം ബംഗാരപ്പയെ കോൺഗ്രസ് മുഖ്യമന്ത്രിയാക്കി. എന്നാൽ രണ്ട് വർഷത്തിന് ശേഷം ബംഗാരപ്പയ്ക്കും മുഖ്യമന്ത്രി സ്ഥാനം നഷ്ടമായി. കാവേരി നദീജല തർക്കവും പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനാണ് ബംഗാരപ്പയെ കോൺഗ്രസ് മുഖ്യമന്ത്രി പദത്തിൽ നിന്ന് മാറ്റിയത്. ബംഗാരപ്പയ്ക്ക് പകരം മുഖ്യമന്ത്രി പദത്തിലെത്തിയത് എസ് വീരപ്പമൊയ്ലിലായിയിരുന്നു.

2004ലും...
വിധാൻസൗധയിൽ സത്യപ്രതിജ്ഞ ചെയ്ത് കാലാവധി പൂർത്തിയാക്കാൻ കഴിയാതെ പോയ മറ്റൊരു മുഖ്യമന്ത്രിയാണ് എസ്എം കൃഷ്ണ. 2004ൽ മുഖ്യമന്ത്രിയായ ധരംസിങായിരുന്നു വിധാൻസൗധ നിർഭാഗ്യപരമ്പരയിലെ അടുത്ത കണ്ണി. ജെഡിഎസ് പിന്തുണ പിൻവലിച്ചതോടെ അധികാരത്തിലെത്തി രണ്ട് വർഷം പിന്നിട്ടപ്പോൾ ധരംസിങിന് മുഖ്യമന്ത്രി കസേര നഷ്ടമായി. പിന്നീട് എച്ച്ഡി കുമാരസ്വാമിക്കും സമാന അവസ്ഥയുണ്ടായി. 20 മാസത്തിന് ശേഷം എച്ച്ഡി കുമാരസ്വാമിയും മുഖ്യമന്ത്രി പദം ഒഴിഞ്ഞു.

ബിജെപി...
55 മണിക്കൂർ മുഖ്യമന്ത്രി കസേരിയിലിരുന്ന് രാജിവെച്ച ബിഎസ് യെദ്യൂരപ്പയും വിധാൻസൗധയിലെ നിർഭാഗ്യത്തിന്റെ ഇരയാണ്. ആദ്യമായി മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയ യെദ്യൂരപ്പയും വിധാൻസൗധയിൽ വച്ചായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ വെറും ഏഴ് ദിവസം മാത്രമാണ് അദ്ദേഹത്തിന്റെ ആദ്യ മുഖ്യമന്ത്രി കസേരയ്ക്ക് ആയുസുണ്ടായത്. പിന്നീട് 2008ലും യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലാൻ വിധാൻസൗധയിലെത്തി. പക്ഷേ, മൂന്ന് വർഷത്തിന് ശേഷം അദ്ദേഹത്തിന് രാജിവെയ്ക്കേണ്ടി വന്നു.
Recommended Video


ഇനിയും പുറത്തേക്കോ...
വിധാൻസൗധയിൽ സത്യപ്രതിജ്ഞ ചെയ്ത മുൻ മുഖ്യമന്ത്രിമാരുടെ ചരിത്രം ഇങ്ങനെയായിരിക്കെയാണ് എച്ച്ഡി കുമാരസ്വാമി എത്രനാൾ ഭരിക്കുമെന്ന ചോദ്യവും ഉയരുന്നത്. എന്നാൽ വിധാൻസൗധയിലെ നിർഭാഗ്യ കഥയിലൊന്നും ഒരു കാര്യവുമില്ലെന്നാണ് ഒരു വിഭാത്തിന്റെ അഭിപ്രായം. എന്തായാലും വിധാൻസൗധയിലെ നിർഭാഗ്യം വീണ്ടും കുമാരസ്വാമിയെ വേട്ടയാടുമോയെന്ന് വരുംനാളുകളിൽ കണ്ടറിയാം.












Click it and Unblock the Notifications