രാഹുലിന്റെ ഭാരത് ജോഡോ യാത്രയെ എതിര്‍ക്കേണ്ടതില്ലെന്ന് സിപിഎം കേന്ദ്രനേതൃത്വം
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയെ എതിര്‍ക്കേണ്ടതില്ലെന്ന് സിപിഎമ്മിന്റെ കേന്ദ്രനേതൃത്വം. കേരളത്തിലെ കോണ്‍ഗ്രസിന്റെ സ്വാധീനം കണക്കിലെടുത്ത് ആകണം സംസ്ഥാനത്ത് യാത്രാദിനങ്ങള്‍ കൂടുതലുള്ളത് എന്നാണു സിപിഎം വിലയിരുത്തിയത്.
നേരത്തെ സിപിഎം ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. കേരളത്തിലൂടെ ഏറ്റവും കൂടുതല്‍ ദിവസം സഞ്ചരിക്കുന്ന ഭാരത് ജോഡോ യാത്ര, ബി ജെപി. ഭരിക്കുന്ന യുപിയില്‍ വെറും രണ്ടുദിവസം മാത്രമാണ് കടന്നു പോകുന്നതെന്നും ഗുജറാത്തിലൂടെ പോകുന്നില്ലെന്നും പറഞ്ഞായിരുന്നു പരിഹാസം.

ഇതിന് പിന്നാലെ സിപിഎമ്മിനെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തിയിരുന്നു. ഭാരത് ജോഡോ ഇങ്ങനെ ആസൂത്രണം ചെയ്തത് എങ്ങനെയാണെന്നും എന്തുകൊണ്ടാണെന്നും സിപിഎം പഠിക്കൂവെന്ന് ആയിരുന്നു അദ്ദേഹം പറഞ്ഞത്. മുണ്ട് മോദിയുടെ നാട്ടിൽ ബിജെപിയുടെ എ ടീമായ പാർട്ടിയാണ് ഇങ്ങനെയൊരു വിലകുറഞ്ഞ വിമർശനം നടത്തുന്നതെന്നും ജയറാം രമേശ് പറഞ്ഞിരുന്നു.

വ്യാഴാഴ്ച ചേര്‍ന്ന സിപിഎം. പിബി യോഗം, ഭാരത് ജോഡോയെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഈ യോഗത്തിലാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ എതിര്‍ക്കേണ്ടതില്ല എന്ന ധാരണയിലെത്തിയിരിക്കുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരവരുടെ ശക്തികേന്ദ്രങ്ങളിലാണ് ഇത്തരം യാത്രകള്‍ നടത്തുന്നത്. അതിനാലാകാം കോണ്‍ഗ്രസും കേരളത്തില്‍ യാത്രയ്ക്കായി കൂടുതല്‍ ദിവസം ചെലവഴിക്കുന്നതെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍.

രാഹുലിന്റെ ഈ യാത്ര പ്രതിപക്ഷ ഐക്യത്തില്‍ വിള്ളലുണ്ടാക്കില്ല. ബി.ജെ.പിയെ നേരിടണമെങ്കില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും സ്വയം ശക്തിപ്പെടേണ്ടതുണ്ട്. അതിനാലാണ് കോണ്‍ഗ്രസ് ഇത്തരത്തിലൊരു യാത്ര നടത്തുന്നത്. അതിനാല്‍ ഇതിനെ എതിര്‍ക്കേണ്ടതില്ലെന്ന നിലപാടിലേക്കാണ് സി.പി.എം. കേന്ദ്രനേതൃത്വം എത്തിച്ചേര്‍ന്നിരിക്കുന്നത്

ശനിയാഴ്ച രാത്രിയോടെ ആണ് യാത്ര കേരള അതിര്‍ത്തിയായ പാറശ്ശാല ചെറുവാരകോണത്തെത്തിയത്. ഞായറാഴ്ച രാവിലെ ഏഴിന് പാറശ്ശാലയില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരാണ് ജാഥയെ സ്വീകരിച്ചത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കന്യാകുമാരി മുതല്‍ യാത്രയെ അനുഗമിക്കുന്നുണ്ട്.

കേരളത്തില്‍ ഏഴു ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. തിരുവനന്തപുരം മുതല്‍ തൃശൂർവരെ ദേശീയപാതവഴിയും തുടര്‍ന്ന് നിലമ്പൂര്‍വരെ സംസ്ഥാന പാത വഴിയുമായിരിക്കും പദയാത്ര. യാത്ര കടന്നുപോകാത്ത ജില്ലകളില്‍നിന്നുമുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തവും യാത്രയിലുണ്ടാകും. രാവിലെ 7 മുതല്‍ 11 വരെയും വൈകുന്നേരം 4 മുതല്‍ 7 വരെയുമാണ് യാത്രയുടെ സമയ ക്രമം.തിരുവനന്തപുരം ജില്ലയില്‍ 11 മുതൽ 14 വരെ പര്യടനം നടത്തി 14ന് ഉച്ചക്ക് കൊല്ലം ജില്ലയില്‍ പ്രവേശിക്കും. 29ന് മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ വഴി കര്‍ണാടകത്തില്‍ പ്രവേശിക്കും.












Click it and Unblock the Notifications