'ആരോഗ്യനില മോശം' ദില്ലി എയിംസിൽ നിന്ന് ചികിത്സ തേടി ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിന്റെ ഹർജി!!
Recommended Video
ദില്ലി: ദരിയാഗഞ്ച് ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് കോടതിയെ സമീപിച്ചു. ദില്ലി എയിംസിൽ ചികിത്സ ലഭ്യമാക്കണമെന്ന് ജയിൽ അധികൃതർക്ക് നിർദേശം നൽകണമെന്നാണ് ദില്ലി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലെ ആവശ്യം. ഹർജി കോടതി ചൊവ്വാഴ്ച പരിഗണിക്കാനാണ് സാധ്യത. ആസാദിന് കൃത്യമായി ചികിത്സ ലഭ്യമാക്കാൻ ദില്ലി സർക്കാരിനോട് നിർദേശിക്കണമെന്നും ഹർജിയിൽ പറയുന്നു. ചികിത്സ ലഭ്യമാക്കുന്നതിന് ജയിൽ അധികൃതർ സഹകരിക്കണമെന്ന് ഹർജിയിൽ പറയുന്നു.
രക്തം കട്ടപിടിക്കുന്ന പോളിസൈത്തീമിയ എന്ന രോഗം തനിക്കുണ്ടെന്നും എയിംസിൽ നിന്ന് തേടി വരികയാണെന്നും ആസാദ് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ഇടവേളകളിൽ രക്തം മാറ്റിവരികയാണ്. എന്നാൽ ജയിൽ അധികൃതർ അത് നിഷേധിക്കുകയാണെന്നും ആസാദ് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ദില്ലി എയിംസിലെ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ആസാദ് കഴിഞ്ഞുവരുന്നത്. ആസാദിന്റെ ആരോഗ്യനിലയെക്കുറിച്ച് കോടതിയ്ക്ക് ഡോക്ടർമാരിൽ നിന്ന് വിവരങ്ങൾ തേടാമെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. അടിയന്തര ചികിത്സ ലഭിച്ചില്ലെങ്കിൽ ഹൃദയാഘാതത്തിന് വഴിവെച്ചേക്കാമെന്ന ഡോക്ടർമാരുടെ സാക്ഷ്യപ്പെടുത്തലും ഹർജിയിൽ പരമർശിക്കുന്നുണ്ട്.

ദില്ലിയിലെ ദരിയാഗഞ്ചിൽ പൌരത്വ ഭേദഗതി നിയമത്തിനെതിരായി സംഘടിപ്പിച്ച പ്രതിഷേധം അക്രമാസക്തമായതിന് പിന്നാലെയാണ് ഭീം ആർമി നേതാവ് അറസ്റ്റിലാവുന്നത്. ദില്ലി ജമാ മസ്ജിദിൽ നിന്ന് ജന്തർമന്ദിറിലേക്ക് സംഘടിപ്പിച്ച മാർച്ചിന് പോലീസിന്റെ അനുമതിയില്ലായിരുന്നു എന്നാണ് പേലീസ് ചൂണ്ടിക്കാണിക്കുന്നത്. ദില്ലി ഗേറ്റിനടുത്ത് വെച്ച് ഭീം ആർമി പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ പോലീസ് തടയുകയായിരുന്നു.
പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടിയതോടെ വലിയ തോതിലുള്ള അക്രമസംഭവങ്ങളാണ് ദരിയാ ഗഞ്ചിലുണ്ടായത്. ഒരു കാർ കത്തിച്ചതിന് പുറമേ ഇരുചക്ര വാഹനങ്ങളും ആക്രമിക്കപ്പെട്ടിരുന്നു. ലാത്തിയും ജലപീരങ്കിയും കണ്ണീർവാതകവും ഉപയോഗിച്ചാണ് പ്രതിഷേധക്കാരെ നേരിട്ടത്. ആൾക്കുട്ടത്തെ പ്രകോപിപ്പിച്ച് കലാപത്തിന് ആഹ്വാനം ചെയ്തെന്ന് കാണിച്ച് അറസ്റ്റ് ചെയ്ത ചന്ദ്രശേഖർ ആസാദിനെ ഡിസംബർ 21നാണ് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. തീഹാർ ജയിലിലാണ് ആസാദിനെ പാർപ്പിച്ചിട്ടുള്ളത്. ജയിലിൽ വെച്ച് ആസാദിന് നേരത്തെ ലഭിച്ചിരുന്ന ചികിത്സ നിഷേധിക്കുകയാണെന്നും നേരത്തെ തന്നെ ആരോപണമുയർന്നിരുന്നു. ഇതിന് പുറമേ ഭക്ഷണമോ വെള്ളമോ ജയിലിൽ നിന്ന് ലഭിക്കുന്നില്ലെന്നും ഭീം ആർമി ആരോപിക്കുന്നു.












Click it and Unblock the Notifications