കുമാരി സെല്‍ജ പുറത്തേക്ക്, ഹരിയാനയില്‍ ഒറ്റപേരിലേക്ക് കോണ്‍ഗ്രസ്, ഹൈക്കമാന്‍ഡിനെ വീഴ്ത്തി ഹൂഡ

ദില്ലി: ഹരിയാനയില്‍ ഹൈക്കമാന്‍ഡിനെ മുള്‍മുനയില്‍ നിര്‍ത്തിയ കുമാരി സെല്‍ജയ്ക്ക് തിരിച്ചടി വരുന്നു. ഒരിക്കല്‍ കൂടി സംസ്ഥാന സമിതി ഭൂപീന്ദര്‍ ഹൂഡയുടെ കൈയ്യിലേക്ക് വരികയാണ്. ഹൈക്കമാന്‍ഡ് നാല് പേരുകളാണ് ചുരുക്കപട്ടികയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഭൂപീന്ദര്‍ ഹൂഡ പിടിമുറുക്കിയിരിക്കുകയാണ്. സംസ്ഥാന സമിതിയില്‍ തന്നെ വലിയ ആധിപത്യം അദ്ദേഹത്തിനുണ്ട്.

കോണ്‍ഗ്രസ് അടിമുടി മാറ്റം എല്ലാ സംസ്ഥാനങ്ങളിലും നടത്തി വരികയാണ്. സംസ്ഥാന സമിതികള്‍ ദുര്‍ബലമായതാണ് കോണ്‍ഗ്രസ് പലയിടത്തും തോറ്റതെന്ന ആക്ഷേപം ശക്തമാണ്. ജി23 ഉന്നയിച്ചതും ഇതേ വിഷയമായിരുന്നു. എന്നാല്‍ അഞ്ചിടത്തെ തോല്‍വി ഹരിയാനയിലെ മാറ്റത്തിനായി ഹൂഡ ഉപയോഗിക്കുകയായിരുന്നു.

1

കഴിഞ്ഞ തവണ ഹരിയാനയില്‍ നേരിയ സീറ്റിനാണ് കോണ്‍ഗ്രസിന് ഭരണം നഷ്ടമായത്. കോണ്‍ഗ്രസ് ഏറ്റവും ദുര്‍ബലമായ അവസ്ഥയിലായിരുന്നു. എന്നിട്ടും ബിജെപിയെ വിറപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. കോണ്‍ഗ്രസിന്റെ മുന്നേറ്റത്തിന്റെ ക്രെഡിറ്റ് കിട്ടിയത് ഭൂപീന്ദര്‍ ഹൂഡയ്ക്കായിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ശക്തമായ അടിത്തറ സംസ്ഥാനത്തുണ്ടാക്കാനാണ് ഹൈക്കമാന്‍ഡിന്റെ പ്ലാന്‍. കുമാരി സെല്‍ജയ്ക്ക് കീഴില്‍ കോണ്‍ഗ്രസിന് കാര്യമായ നേട്ടങ്ങളൊന്നും എടുത്ത് പറയാനുമില്ല. അതേസമയം തന്നെ മാറ്റിയാല്‍ പാര്‍ട്ടി വിടുമെന്ന ഭീഷണി സെല്‍ജ ഹൈക്കമാന്‍ഡിന് മുന്നില്‍ വെച്ചിരുന്നു. ഇത് പക്ഷേ രാഹുല്‍ ഗാന്ധി പരിഗണിച്ചില്ലെന്നാണ് സൂചന.

2

സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് സെല്‍ജയെ മാറ്റി പകരം ശക്തനായ പ്രാദേശിക നേതാവിനെ കൊണ്ടുവരാനാണ് നീക്കം. ഭൂപീന്ദര്‍ ഹൂഡയ്ക്കാണ് ഏറ്റവും മുന്‍തൂക്കം. ഹരിയാന കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ രാഹുല്‍ ഗാന്ധിയെ നേരിട്ട് കണ്ടിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിരുന്നു. പാര്‍ട്ടി ഒറ്റക്കെട്ടായി നിന്ന് വെല്ലുവിളികളെ നേരിടുന്നതാണ് നല്ലതെന്ന് ഹൈക്കമാന്‍ഡ് നേതാക്കളെ ഉപദേശിച്ചിരുന്നു. കുമാരി സെല്‍ജയെ മാറ്റണമെന്ന് ഹൂഡയുടെ ക്യാമ്പ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇത്തവണ അത് ശക്തമായിരുന്നു. സെല്‍ജയും ഹൂഡയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അതിരൂക്ഷമായിരുന്നു.

3

ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ കോണ്‍ഗ്രസിന് ജയിക്കാനാവില്ലെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ സെല്‍ജയെ മാറ്റുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. രാഹുലിന്റെയും സോണിയയുടെയും വിശ്വസ്തയാണ് അവര്‍. പഞ്ചാബില്‍ തമ്മിലടിയെ തുടര്‍ന്ന് കോണ്‍ഗ്രസ് തോറ്റത് ഹൈക്കമാന്‍ഡിന്റെ കണ്ണ് തുറപ്പിച്ചിരിക്കുകയാണ്. എല്ലാ സംസ്ഥാനത്തെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നത്. ഹരിയാനയില്‍ ആംആദ്മി പാര്‍ട്ടി അതിശക്തമായി വരികയാണ്. സമീപ സംസ്ഥാനമായ പഞ്ചാബിലെ തരംഗം ഇവിടേക്കും വ്യാപിക്കും എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഭയക്കുന്നുണ്ട്. ഒറ്റക്കെട്ടായി നിന്നില്ലെങ്കില്‍ ഭരണം പിടിക്കാനാവില്ലെന്ന് ഉറപ്പാണ്.

4

ഭൂപീന്ദര്‍ ഹൂഡയെ കൂടാതെ മറ്റ് മൂന്ന് പേരുകള്‍ കൂടി പരിഗണനയിലുണ്ട്. ആദംപൂര്‍ എംഎല്‍എ കുല്‍ദീപ് ബിഷ്‌ണോയ്, മുന്‍ പ്രതിപക്ഷ നേതാവ് കിരണ്‍ ചൗധരി, എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല എന്നിവരാണ് പരിഗണനയിലുള്ളവര്‍. വിവേക് ബന്‍സലാണ് ഈ പേരുകള്‍ ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചിരിക്കുന്നത്. ഹൂഡയും സെല്‍ജയും രണ്ട് യോഗങ്ങള്‍ സമാന്തരമായി വിളിച്ച് ചേര്‍ത്തിരുന്നു. സംസ്ഥാനത്തെ 26 എംഎല്‍എമാരുടെ പിന്തുണ ഭൂപീന്ദര്‍ ഹൂഡയ്ക്കുണ്ട്. ഹൈക്കമാന്‍ഡ് പോലും ഹൂഡയുടെ മുന്നില്‍ മുട്ടുമടക്കുന്നത് അതുകൊണ്ടാണ്. തന്നെ പ്രവര്‍ത്തിക്കാന്‍ പോലും ഹൂഡയുടെ കൂട്ടാളികളും അനുവദിക്കുന്നില്ലെന്നാണ് കുമാരി സെല്‍ജ ആരോപിക്കുന്നത്.

5

സെല്‍ജയും ഹൂഡയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാഹുല്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അതേസമയം ഹൂഡ സംസ്ഥാന അധ്യക്ഷനായാല്‍ കുല്‍ദീപ് ബിഷ്‌ണോയ് പ്രതിപക്ഷ നേതാവായി നിയമിതനാവും. നിലവില്‍ ഹൂഡയാണ് പ്രതിപക്ഷ നേതാവ്. അതേസമയം സംസ്ഥാനത്തെ ഒരു രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കും. രണ്‍ദീപ് സുര്‍ജേവാലയോ അതല്ലെങ്കില്‍ കുമാരി സെല്‍ജയോ ഈ സീറ്റില്‍ മത്സരിക്കും. സെല്‍ജയ്ക്ക് അധ്യക്ഷ സ്ഥാനത്തിന് പകരം രാജ്യസഭാ ടിക്കറ്റ് നല്‍കുമോ എന്ന് കണ്ടറിയണം. പാര്‍ട്ടിയുടെ ദളിത് മുഖമായത് കൊണ്ട് അവരെ അവഗണിക്കാന്‍ സാധിക്കില്ല. സെല്‍ജയ്ക്ക് നിര്‍ണായക റോള്‍ ദേശീയ സമിതിയില്‍ ഉണ്ടാവുമെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+